കൊച്ചി: കേരള ഒളിമ്പിക് ഗെയിംസിന്റെ പേരില്‍ സംസ്ഥാനത്ത് കോടികളുടെ അഴിമതി. കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ഗെയിംസിന്റെ മറവില്‍ കോടികളുടെ തട്ടിപ്പിന് സര്‍ക്കാര്‍ ഉത്തരവും കൂട്ട്. ഒന്നരക്കോടി രൂപ ചെലവെന്നാണ് അസോസിയേഷന് പറയുന്ന കണക്ക്. എന്നാല്‍ അതിലേറെ കോടികള്‍ ഇപ്പോള്‍ത്തന്നെ പിരിച്ചെടുത്തു എന്നാണ് സൂചന. ഇതിനായി ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പ്പറേഷന്, പൊതു മേഖലാസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് പണം പിരിച്ചെടുക്കാന്‍ സംസ്ഥാന സര്‍ക്കാരും ഉത്തരവിറക്കി. ഇതിന്റെ പേരില്‍ സ്വകാര്യ മേഖലയില്‍ നിന്ന് വ്യാപകമായി പണം പിരിക്കുന്നെന്നാണ് കായിക പരിശീലകരുടെ പരാതി.
ഒന്നരക്കോടിക്ക് പകരം വന്‍ തുകയാണ് ഇതുവരെ അസോസിയേഷനില്‍ എത്തിയതെന്നും പരാതിയുണ്ട്. ജില്ലാ മത്സരങ്ങള്‍ തട്ടിക്കൂട്ടി നടത്തിയ അസോസിയേഷന് സംസ്ഥാന മത്സരങ്ങളും പേരിന് നടത്തിയേക്കുമെന്നും വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ഒളിമ്പിക് അസോസിയേഷനുകള്‍ ഉണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളൊന്നും ഇത്തരത്തിലൊരു മത്സരം സംഘടിപ്പിച്ചിട്ടില്ല. എന്നാല്‍ കേരളത്തില്‍ 25 കായിക ഇനങ്ങളെ ഉള്‍പ്പെടുത്തി കേരള ഒളിമ്പിക് ഗെയിംസ് എന്ന പേരില്‍ മത്സരം നടത്തുകയാണ് അസോസിയേഷന്.
പ്രാഥമിക ഘട്ടമെന്ന നിലയില്‍ ജില്ലാ തല മത്സരങ്ങള്‍ നടന്നു കഴിഞ്ഞു. എന്നാല്‍ പ്രമുഖ താരങ്ങളൊന്നും മത്സരങ്ങളില്‍ പങ്കെടുത്തിട്ടില്ല. പല ഇനങ്ങളിലും നാലും അഞ്ചും പേര് മാത്രമാണ് മത്സരിക്കാനെത്തിയത്. വിജയികള്‍ക്ക് സ്കോളര്‍ഷിപ്പോ മറ്റ് അംഗീകാരങ്ങളോ ലഭിക്കില്ല എന്നത് ഗെയിംസിന്റെ പ്രാധാന്യം എന്തെന്ന ചോദ്യം ഉയര്‍ത്തുന്നു. കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരവും മത്സരങ്ങള്‍ക്കില്ല. ഇതുകൊണ്ട് തന്നെ വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്ക്, സ്പോര്‍ട്സ് ക്വാട്ട ജോലി, അഡ്മിഷന്, സ്കോളര്‍ഷിപ്പ് എന്നിവയ്ക്ക് സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാനാകില്ല. മറ്റ് സംസ്ഥാനങ്ങള്‍ മത്സരം സംഘടിപ്പിക്കാത്തതിനാല്‍ വിജയികള്‍ക്ക് ദേശീയ മത്സരവും ഉണ്ടാകില്ല. പേപ്പറിന്റെ വില മാത്രമുള്ള ഈ ഒളിമ്പിക് ഗെയിംസ് എന്തിന് നടത്തുന്നെന്നാണ് പരിശീലകരടക്കം ചോദിക്കുന്നത്.
ജില്ലാ മത്സരങ്ങളില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ മത്സരാര്‍ഥികള്‍ പല ഇടങ്ങളിലും കുറവായിരുന്നു. പകരം കുട്ടികളാണ് പേരിനെങ്കിലും ഇറങ്ങിയത്. ഇതോടെ ഗെയിംസിന്റെ പ്രാധാന്യം നേരത്തെ തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. അങ്ങനെയെങ്കില്‍ വന്‍ പിരിവ് നടത്തിയുള്ള ഗെയിംസ് വിവാദങ്ങളുടെ വേദിയാകുമെന്നുറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: