മങ്കൊമ്പ്: കുട്ടനാട്ടിലെ മിക്ക പഞ്ചായത്തുകളിലും തോടുകളില്‍ പോളനിറഞ്ഞു. വേനല്‍ കടുത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ആറുകളിലേയും തോടുകളിലേയും വെള്ളമാണ് ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്.
എന്നാല്‍ ജലനിരപ്പ് താഴുകയും തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ അടഞ്ഞുകിടക്കുന്നതുകൊണ്ടും നീരൊഴുക്ക് ഇല്ലാതായ ജലാശയങ്ങളിലെ വെള്ളം പോളകെട്ടിക്കിടന്ന് മലിനമായി. ഇതുമൂലം കുട്ടനാട്ടിലെ പല പ്രദേശങ്ങളിലും ജലജന്യരോഗങ്ങള്‍ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും ഇപ്പോള്‍ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഉള്‍പ്രദേശങ്ങളില്‍ ജനങ്ങള്‍ ജലഗതാഗതമാര്ഗങ്ങളും അടഞ്ഞു. തോടുകളിലും ആറുകളിലും പോള തിങ്ങിനിറഞ്ഞത് ജലഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇതുമൂലം മറ്റിടങ്ങളില്‍നിന്നും സംഭരിക്കുന്ന വെള്ളം വീടുകളിലേക്ക് എത്തിക്കുന്നതിനും വളരെ ബുദ്ധിമുട്ടുന്നു.
തൊഴിലുറപ്പു പദ്ധതിയില്‍നിന്നും പോള വാരല്‍ ഒഴിവാക്കിയതാണ് ഇടത്തോടുകളില്‍ പോള നിറയാന്‍ പ്രധാന കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. തോടുകള്‍ മുതല്‍ വേമ്പനാട്ട് കായല്‍ വരെ നിറഞ്ഞുകിടക്കുന്ന പോള അടിയന്തരമായി നീക്കംചെയ്താല്‍ മാത്രമേ ഈ മാസം ആരംഭിക്കുന്ന കൊയ്ത്തിന് ആവശ്യമായ യന്ത്രങ്ങളും മറ്റും നിലങ്ങളിലേക്ക് എത്തിക്കാന്‍ കഴിയൂവെന്ന അവസ്ഥയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: