കീവ്: പതിനേഴ് ദിവസം പിന്നിടുന്ന റഷ്യ-ഉക്രൈന്‍ യുദ്ധം കൂടുതല്‍ ശക്തിപ്രാപിക്കുന്നു. ഉക്രൈന്റെ പടിഞ്ഞാറന്‍, തെക്കന്‍ മേഖലകളില്‍ റഷ്യ ആക്രമണം ശക്തമാക്കി. തെക്കന്‍ തുറമുഖ നഗരമായ മരിയൂപോളിലെ മുസ്ലിം പള്ളിയില്‍ റഷ്യന്‍ സേന ഷെല്ലാക്രമണം നടത്തിയെന്ന് ഉക്രൈന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. കുട്ടികളും വൃദ്ധരുമടക്കം എണ്‍പതിലധികം പേര്‍ പള്ളിയില്‍ ഉണ്ടായിരുന്നതായാണ് വിവരം. ഷെല്ലാക്രമണത്തില്‍ എത്രപേര്‍ മരിച്ചെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം നഗരങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നതില്‍ ഉക്രൈന്‍ പരാജയപ്പെട്ടെന്ന് റഷ്യ കുറ്റപ്പെടുത്തി.
മരിയൂപോളില്‍ നിരവധി ഉക്രൈന്‍ പൗരന്മാരെ റഷ്യ ബന്ദികളാക്കിയതായും ഉക്രൈന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം നഗരത്തിലെ ആശുപത്രിയടക്കം റഷ്യന്‍ സേന ബോംബിട്ട് തകര്‍ത്തിരുന്നു. സ്‌ഫോടനത്തില്‍ നിരവധിയാളുകളാണ് കൊല്ലപ്പെട്ടത്. ബോംബാക്രമണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നഗരത്തില്‍ പലയിടത്തും ഫോണ്‍ ബന്ധം, വൈദ്യുതി എന്നിവ തടസ്സപ്പെട്ടു.
മരിയൂപോളില്‍ മാത്രമായി ഇതുവരെയും 1400 ഓളം പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യ തലസ്ഥാനമായ കീവ് പത്തിലധികം ദിവസമായി റഷ്യന്‍ സേന വളഞ്ഞിരിക്കുകയാണ്. കീവിലെ കൂടുതല്‍ പ്രദേശങ്ങളിലേയ്‌ക്കു കൂടി സേന നീങ്ങിയെന്നാണ് വിവരം. കീവില്‍ മാത്രം 20 ലക്ഷം ജനങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവാനോ, ഫ്രാങ്കെവ്സ്, ലറ്റ്‌സ്‌ക് എന്നീ നഗരങ്ങളില്‍ രൂക്ഷമായ മിസൈലാക്രമണമാണ് റഷ്യ നടത്തുന്നത്. ലറ്റ്സ്‌ക് വിമാനത്താവളത്തിന് സമീപ പ്രദേശങ്ങളില്‍ മിസൈലാക്രമണത്തില്‍ ഏറെ നാശനഷ്ടങ്ങളുണ്ടാക്കി.
കാര്‍കീവിലും റഷ്യ വ്യോമാക്രമണം തുടരുകയാണ്. അതേസമയം ഉക്രൈന്‍ നഗരമായ ചെര്‍ണോബിലെ അവസ്ഥ അപകടകരമാണെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി മുന്നറിയിപ്പ് നല്കി. ആണവനിലയത്തിലെ ജീവനക്കാര്‍ അതീവ അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. നിലവില്‍ റഷ്യന്‍ സേനയുടെ നിയന്ത്രണത്തിലായ ആണവനിലയത്തിന്റെ സുരക്ഷ ആശങ്കയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: