ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ ജാതി-മത ചിന്തകള്‍ക്കപ്പുറം എല്ലാ വിഭാഗം ജനങ്ങളും ബിജെപിക്ക് വോട്ട് ചെയ്തുവെന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ട വിവിധ മണ്ഡലങ്ങളിലെ വിവരങ്ങള്‍. ജാതിരാഷ്ട്രീയം യുപിയില്‍ അവസാനിച്ചുവെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും ശ്രദ്ധേയമായി. പ്രതിപക്ഷ വോട്ടുകളെല്ലാം സമാജ്വാദി പാര്‍ട്ടിയിലേക്ക് കേന്ദ്രീകരിച്ചിട്ടും ബിജെപിസഖ്യത്തിന് 46 ശതമാനത്തോളം വോട്ട് നേടാനായി.
ദളിത് സ്വാധീന മേഖലകളില്‍ ബിജെപിക്ക് മുന്നേറ്റം നടത്താന്‍ സാധിച്ചത് ശ്രദ്ധേയമായി. യോഗി ആദിത്യനാഥ് ബ്രാഹ്മണ വിരോധിയാണെന്ന പ്രചരണവും പൊളിഞ്ഞു. സംസ്ഥാനത്ത് 14 ശതമാനമാണ് ബ്രാഹ്മണ വോട്ട്. 114 മണ്ഡലങ്ങളില്‍ ഇവര്‍ക്ക് സ്വാധീനമുണ്ട്. ഇവയില്‍ മിക്ക മണ്ഡലങ്ങളും ബിജെപിക്ക് ലഭിച്ചു. ഒരുലക്ഷത്തിന് മുകളില്‍ ബ്രാഹ്മണ വോട്ടുകളുള്ള പത്ത് നിയമസഭാ മണ്ഡലങ്ങളില്‍ ഒമ്പത് എണ്ണത്തില്‍ ബിജെപിയും ഒരിടത്ത് സമാജ് വാദി പാര്‍ട്ടിയുമാണ് വിജയിച്ചത്. ഠാക്കൂര്‍ വോട്ടര്‍മാര്‍ക്ക് വലിയ സ്വാധീനമുള്ള പത്ത് നിയമസഭാ മണ്ഡലങ്ങളില്‍ എട്ടിടത്ത് ബിജെപിയും രണ്ടിടത്ത് എസ്പിയും വിജയിച്ചു.
ഒന്‍പതു ശതമാനം യാദവ വോട്ടുകളുള്ള സംസ്ഥാനത്ത് യാദവര്‍ക്ക് വലിയ സ്വാധീനമുള്ള പത്തു സീറ്റുകളില്‍ ആറിടത്ത് എസ്പിയും ഛിബ്രാമ അടക്കം നാലിടത്ത് ബിജെപിയും വിജയിച്ചിട്ടുണ്ട്. ഇറ്റാവയിലടക്കം ചെറിയ മാര്‍ജിനിലാണ് ബിജെപി പരാജയപ്പെട്ടത്. ബിജെപിയുടെ സഖ്യകക്ഷിയായ അപ്നാ ദള്‍ യാദവ ഭൂരിപക്ഷ മേഖലയിലെ കായംഗഞ്ച് അടക്കമുള്ള മൂന്നു സീറ്റുകളില്‍ വിജയിക്കുകയും ചെയ്തു.
പടിഞ്ഞാറന്‍ യുപിയിലെ ജാട്ട് ഭൂരിപക്ഷ മേഖലകളിലെ ബിജെപിയുടെ പ്രകടനമാണ് വലിയ വിജയത്തിലേക്ക് പാര്‍ട്ടിയെ നയിച്ചത്. പ്രധാന ജാട്ട് മണ്ഡലങ്ങളിലെല്ലാം ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചു. ഇരുപത് ശതമാനം മുസ്ലിം വോട്ടുകളാണ് യുപിയിലുള്ളത്. പത്തു മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തില്‍ രണ്ടിടത്ത് ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചത് വലിയ നേട്ടമായി. 1.7ലക്ഷം മുതല്‍ 2.5 ലക്ഷം വരെ മുസ്ലിം വോട്ടുകളുള്ള മണ്ഡലങ്ങളിലാണ് ബിജെപി വിജയം എന്നത് വലിയ തോതില്‍ മുസ്ലിം വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിയെന്നതിന്റെ തെളിവാണ്.
ചരിത്രം കുറിച്ച് യുപിയില്‍ രണ്ടാമൂഴം നേടിയ ബിജെപിക്ക് ലഭിച്ചത് 1977നു ശേഷമുള്ള ഏറ്റവും വലിയ വോട്ടുവിഹിതം. 41.3 ശതമാനം വോട്ട് നേടിയ ബിജെപി 40 ശതമാനം എന്ന കടമ്പയാണ് കടന്നത്. 77നു ശേഷം ഏതെങ്കിലും പാര്‍ട്ടി 40 ശതമാനം കടക്കുന്നത് ആദ്യമാണ്. അന്നത്തെ തെരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടിക്ക് 47.8 ശതമാനം വോട്ട് ലഭിച്ചിരുന്നു.
2017ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കൂടുതല്‍ സീറ്റുണ്ടായിരുന്നു, പക്ഷേ വോട്ട് 39.6 ശതമാനമായിരുന്നു. ഇക്കുറി സീറ്റ് കുറഞ്ഞു, വോട്ട് 41.3 ശതമാനമായി ഉയര്‍ന്നു; 1.7 ശതമാനം വര്‍ധന. എസ്പിയുടെ വോട്ടുവിഹിതം 22ല്‍ നിന്ന് 32 ശതമാനമായി കൂടി. ബിഎസ്പിയുടേത് 22.23ല്‍ നിന്ന് 12.7 ശതമാനമായി കുറഞ്ഞു.
2017ല്‍ കോണ്‍ഗ്രസിന് 6.2 ശതമാനം വോട്ട് ലഭിച്ചിരുന്നു. അതാണ് ഇക്കുറി 2.3 ശതമാനമായി ഇടിഞ്ഞത്. ഉത്തരാഖണ്ഡില്‍ ബിജെപിക്ക് 44 ശതമാനമാണ്. 2017ല്‍ ഇത് 46.5 ശതമാനമായിരുന്നു. മണിപ്പൂരില്‍ 2017ല്‍ 35 ശതമാനം വോട്ട് ലഭിച്ച കോണ്‍ഗ്രസിന് ഇക്കുറി കിട്ടിയത് 16.5 ശതമാനം മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: