തിരുവനന്തപുരം: മുറിഞ്ഞപാലം കൊസ്മൊപൊളിറ്റന്‍ ഹോസ്പിറ്റലിനു മുന്നില്‍ ആമയിഴഞ്ചാന്‍ തോട്ടില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന് നാട്ടുകാരുടെ ആരോപണം. മീന്‍പിടിത്തക്കാര്‍ വിഷം കലക്കിയതാവാമെന്ന് വാര്‍ഡ് കൗണ്‍സിലറും ഡെപ്യൂട്ടിമേയറുമായ പി.കെ.രാജു വിഷയത്തെ വഴിതിരിച്ചുവിടാന്‍ ശ്രമിച്ചതും വില്ക്കാത്ത മീന്‍ ആരോ തോട്ടില്‍ നിക്ഷേപിച്ചതാകാമെന്ന പ്രചാരണവും വഴി ലക്ഷ്യമിടുന്നത് ഇതാണെന്നാണ് ആക്ഷേപം. ഇതിനിടെ മീനുകള്‍ ചത്തുകിടക്കുന്നിടത്തേക്ക് ശുദ്ധജലം ശക്തമായി പമ്പുചെയ്ത് തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമവുമായി സ്വകാര്യ ആശുപത്രി രംഗത്തെത്തിയതായും ആരോപണമുണ്ട്. രാത്രികാലങ്ങളില്‍ ആശുപത്രി മാലിന്യം തോട്ടിലേക്ക് ഒഴുക്കി കളയാന്‍ ഉപയോഗിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചിട്ടുള്ള കൂറ്റന്‍ പൈപ്പുകളിലൂടെയാണ് ഇപ്പോള്‍ ശക്തമായ വിധത്തില്‍ ശുദ്ധജലം ഒഴുക്കിവിട്ടുകൊണ്ടിരിക്കുന്നത്. തോട്ടിലടിഞ്ഞുകൂടിയിട്ടുള്ള ആശുപത്രി മാലിന്യങ്ങളും വിഷാംശങ്ങളും ഒഴുക്കിക്കളയുകയെന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി അധികൃതരുടെ നീക്കം. പ്രദേശത്ത് നിലനില്‍ക്കുന്ന രൂക്ഷമായ ദുര്‍ഗന്ധവും ഇതിലൂടെ ഒഴിവാക്കാനാകും.
സ്വകാര്യ ആശുപത്രി തോട്ടിലേക്ക് മാലിന്യം ഒഴുക്കി കളയുന്ന പൈപ്പുകള്‍ പരിശോധനയില്‍ കണ്ടെത്തിയെങ്കിലും ആരോഗ്യവിഭാഗവും നഗരസഭയും നടപടിയെടുക്കാന്‍ മടിക്കുകയാണ്. ആശുപത്രിയുടെ പുറകുവശത്ത് പാര്‍ക്കിംഗ് ഏര്യ അവസാനിക്കുന്ന ഭാഗത്ത് അനധികൃതമായാണ് റോഡിനടിയില്‍ക്കൂടി ആമയിഴഞ്ചാന്‍ തോട്ടിലേക്ക് കൂറ്റന്‍ പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ആരോഗ്യവിഭാഗം ചത്തമീനിന്റെയും തോട്ടിലെ ജലത്തിന്റെയും സാമ്പിള്‍ പരിശോധനയ്ക്കെടുത്തുകൊണ്ടുപോയെങ്കിലും ഫലം താമസിക്കുന്നത് അട്ടിമറി സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നാണ് നാട്ടുകാരൊന്നടങ്കം പറയുന്നത്. തോട്ടിലുള്ള മത്സ്യത്തിന്റെ അതേ വിഭാഗത്തില്‍പ്പെട്ട മത്സ്യമാണ് ചത്തുപൊങ്ങിയതെന്നിരിക്കെ വില്‍പ്പനയ്ക്കെത്തിച്ച മത്സ്യം ഉപേക്ഷിച്ചതാകാമെന്ന പ്രചാരണം ആശുപത്രിമാനേജ്മെന്റ് ബോധപൂര്‍വം നടത്തുന്നതാണെന്നാണ് ആരോപണം.
ആശുപത്രിയില്‍ നിന്ന് ശസ്ത്രക്രിയമാലിന്യങ്ങളും മനുഷ്യവിസര്‍ജ്യവും രാത്രികാലങ്ങളിലാണ് തോട്ടിലേക്ക് ഒഴുക്കിവിടുന്നതെന്നാണ് പരിസരവാസികള്‍ ആരോപിക്കുന്നത്. പലദിവസങ്ങളിലും പുലര്‍ച്ചെ തോട്ടില്‍നിന്ന് ദുര്‍ഗന്ധം ഉയരാറുള്ളത് ഇതിന്റെ സൂചനയാണെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുമ്പോഴും അധികൃതരുടെ ഭാഗത്ത് നിസംഗതമാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: