ബെംഗളൂരു: ശ്രീലങ്കക്കെതിരെ ‘പിങ്ക് യുദ്ധ’ത്തിനൊരുങ്ങി ഇന്ത്യ. രണ്ട് മത്സരങ്ങളുള്ള ടെസ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് ഇന്ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആരംഭിക്കും. പിങ്ക് പന്തുകൊണ്ട് കളിക്കുന്ന ദിന-രാത്രി മത്സരമാണിത്. ഉച്ചക്ക് രണ്ടിന് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
മൊഹാലിയില്‍ ചുവപ്പ് പന്തുകൊണ്ടുള്ള ആദ്യ ടെസ്റ്റില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ലങ്കയെ ചുരിട്ടിക്കെട്ടി ഇന്നിങ്സ് വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് രോഹിതും കൂട്ടരും രണ്ടാം മത്സരത്തിനിറങ്ങുന്നത്. ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര തൂത്തുവാരാം. ആദ്യ ടെസ്റ്റില്‍ വിജയിച്ച ആതിഥേയര്‍ പരമ്പരയില്‍ 1-0 ന് മുന്നിട്ടുനില്‍ക്കുകയാണ്.
മൊഹലിയില്‍ ബാറ്റും പന്തും കൊണ്ട് ഉശിരന്‍ പ്രകടനം കാഴ്ചവച്ച ടീമിനെ തന്നെ ഇന്ത്യ രണ്ടാം ടെസ്റ്റിലും നിലനിര്‍ത്താനാണ് സാധ്യത. ജയന്ത് യാദവിന് പകരം ഓള് റൗണ്ടര്‍ അക്സര്‍ പട്ടേലിനെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നും സൂചനയുണ്ട്. ആദ്യ ടെസ്റ്റില്‍ ശ്രീലങ്ക ബാറ്റിങ്ങിലും ബൗളിങ്ങിലും പരാജയപ്പെട്ടു. ദിമുത്തു കരുണരത്നയാണ് ശ്രീലങ്കയുടെ കരുത്ത്. നിസ്സങ്കയും മികച്ച ബാറ്റ്സ്മാനാണ്. ഇവര്‍ പിടിച്ചുനിന്നാലേ ശ്രീലങ്കയ്ക്ക്് മികച്ച സ്കോറിലേക്ക്് കുതിക്കാനാകൂ.
ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ലാഹിരു കുമാര രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ സാധ്യതയില്ല. കുമാരയ്ക്കു പകരം ദുശ്മന്ത ചമീരയ്ക്ക് അവസരം നല്‍കിയേക്കും. സ്പിന്നറായ ലസിത് എംബുല്‍ദേനിയയ്ക്ക് പങ്കാളിയായി പ്രവീണ്‍ ജയവിക്രമസിങ്കെ പ്ലേയിങ് ഇലവനില്‍ എത്തും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന മൂന്നാമത്തെ പിങ്ക് ടെസ്റ്റാണിത്. ഇന്ത്യ കളിക്കുന്ന നാലാമത്തെ പിങ്ക് ടെസ്റ്റും. നേരത്തെ ഇന്ത്യ ബംഗ്ലാദേശ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകളുമായി പിങ്ക് ടെസ്റ്റ് കളിച്ചിട്ടുണ്ട്.
ഇന്ത്യ- ശ്രീലങ്ക രണ്ടാം ടെസ്റ്റ് നേരിട്ട് വീക്ഷിക്കാന്‍ കാണികള്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തും. സ്റ്റേഡിയത്തില്‍ നൂറു ശതമാനം കാണികളെ പ്രവേശിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്കി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: