കീവ്: ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ മാത്രം അകലത്തില്‍ എത്തിയിരിക്കുകയാണ് റഷ്യയുടെ വലിയ സേനാവ്യൂഹമെന്ന് യുഎസ് പ്രതിരോധ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചു. ഇതോടെ ഉക്രൈന്റെ കീഴടങ്ങല്‍ വൈകാതെ ഉണ്ടാകുമെന്നാണ് കരുതുന്നത്.64 കീലോമീറ്റര്‍ നീളമുള്ള വാഹനവ്യൂഹം പ്രതിരോധത്തിന്റെ ഭാഗമായി ഇപ്പോള്‍ പലതായി പിരിഞ്ഞ് ചിതറി സഞ്ചരിക്കുകയാണ്. ഈ സേനാവ്യൂഹം കീവിന് വടക്ക്പടിഞ്ഞാറുള്ള ബെരെസ്റ്റ്യാങ്കയില്‍ എത്തി.
വൈകാതെ ബെലാറൂസ് സേനയും ഉക്രൈനെ ആക്രമിച്ചേക്കുമെന്ന് കരുതുന്നുണ്ട്. ഇത് സംബന്ധിച്ച മുന്നറിയിപ്പ് ഉക്രൈന്‍ പുറത്തുവിട്ടുകഴിഞ്ഞു. പുടിനും ബെലാറൂസ് പ്രസിഡന്റും തമ്മില്‍ മോസ്‌കോയില്‍ അടിയന്തരയോഗം ചേര്‍ന്നതിനെ തുടര്‍ന്നാണ് ഈ നിഗമനം.
കഴിഞ്ഞ ദിവസം നാറ്റോയില്‍ അംഗത്വം വേണമെന്ന ആവശ്യം പിന്‍വലിക്കാമെന്നും സ്വതന്ത്ര പ്രവിശ്യകളായി റഷ്യ യുദ്ധം ആരംഭിച്ച ദിവസം പ്രഖ്യാപിച്ച ലുഹാന്‍സ്‌കിനെയും ഡോണെസ്‌കിനെയും റഷ്യന്‍ നിയന്ത്രണത്തിലുള്ള ക്രിമിയയെയും സ്വതന്ത്രറിപ്പബ്ലിക്കുകളാക്കാമെന്നും കഴിഞ്ഞ ദിവസം ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്‌കി പ്രഖ്യാപിച്ചത് ഈ തോല്‍വി മണത്തിട്ടുതന്നെയാകാമെന്നാണ് കരുതുന്നത്. ഇതിനിടെ റഷ്യ-ഉക്രൈന്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെയാണ് റഷ്യ ആക്രമണം കടുപ്പിച്ചത്.
ഉക്രൈനിലെ വോള്‍നോവാഹ നഗരത്തിന്റെ നിയന്ത്രണം റഷ്യ ഏറ്റെടുത്തു. വെള്ളിയാഴ്ച പടിഞ്ഞാറന്‍ ഉക്രൈന്‍ നഗരമായ ഇവാനോ ഫ്രാന്‍കിവിസ്‌ക്കിലും വടക്കുപടിഞ്ഞാറന്‍ നഗരമായ ലുട്‌സ്‌കിലും ആക്രമണം നടത്തി. ഇതാദ്യമായാണ് ഈ മേഖലകള്‍ ആക്രമിക്കുന്നത്. മധ്യഉക്രൈനിലെ ഡിനിപ്രോയില്‍ കനത്ത ആക്രമണം വെള്ളിയാഴ്ച നടത്തി. ഒരു വലിയ ഷൂ ഫാക്ടറി ഷെല്ലാക്രമണത്തില്‍ കത്തിനശിച്ചു.
ഇതിനിടെ റഷ്യ, ബെലാറൂസ് രാജ്യങ്ങളിലെ സ്ളാവ് വംശജരെ മാത്രം തിരഞ്ഞുപിടിച്ചാക്രമിക്കാനുള്ള വൈറസുകളെ വികസിപ്പിക്കാനുള്ള ഗവേഷണം ഉക്രൈനില്‍ അമേരിക്കയുടെ സഹായത്തോടെ നടന്നിരുന്നതായി റഷ്യ ആരോപിച്ചു. മാത്രമല്ല, വവ്വാലുകളെ ജൈവായുധമാക്കി ഉപയോഗിക്കാനുള്ള ഗവേഷണവും അമേരിക്ക ഉക്രൈനിലെ കീവ്, ഖാര്‍കീവ് , ഒഡേസ ലാബുകളില്‍ നടത്തിയതായും റഷ്യയുടെ പ്രതിരോധ വകുപ്പ് മേധാവി ആരോപിച്ചു. ഇത് റഷ്യയും അമേരിക്കയും തമ്മിലുള്ള വാക് പോരിന് വഴിവെച്ചിരിക്കുകയാണ്. റഷ്യ രാസായുധം പ്രയോഗിച്ചേക്കുമെന്ന് യുഎസും യുകെയും ആരോപിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താമെന്ന് ഐക്യരാഷ്‌ട്രസഭ വെള്ളിയാഴ്ച സമ്മതിച്ചു.
കഴിഞ്ഞ 14 ദിവസത്തെ യുദ്ധത്തില്‍ ഉക്രൈന് പ്രധാന പ്രവിശ്യകളിലെ നിയന്ത്രണം നഷ്ടമായിക്കഴിഞ്ഞു. വടക്കന്‍ ബെലാറൂസ് അതിര്‍ത്തി മുതല്‍ തെക്ക് പടിഞ്ഞാറന്‍ കരിങ്കടല്‍ തീരം വരെയുള്ള സ്ഥലം റഷ്യയുടെ നിയന്ത്രണത്തിലാണ്. ഖേര്‍സന്‍ ഒഴിച്ചുള്ള പ്രധാന നഗരങ്ങള്‍ കീഴടങ്ങാനായിട്ടില്ലെങ്കിലും ഇത് ഉടനെ സംഭവിച്ചേക്കുമെന്നാണ് സൂചനകള്‍.
പരാജയം മണത്തുതുടങ്ങിയതോടെയാണ് ഉക്രൈന്റെ വ്യോമപാതയെ പറക്കല്‍ നിരോധിത മേഖലയാക്കി മാറ്റാന്‍ സഹായിക്കണമെന്ന് സെലന്‍സ്‌കി യുഎസിനോടും നാറ്റോയോടും ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം അവര്‍ നിരോധിച്ചതോടെ പ്രതിരോധം ശക്തിപ്പെടുത്താന്‍ ഉക്രൈന് സാധിക്കില്ലെന്ന് വന്നിരിക്കുകയാണ്. യുദ്ധ വിമാനങ്ങള്‍ നല്‍കാനുള്ള പോളണ്ടിന്റെ ശ്രമവും യുഎസ് നിരോധിച്ചു. ഇതോടെ ഉക്രൈനില്‍ പാശ്ചാത്യ ശക്തികള്‍ ഇടപെടില്ലെന്ന് ഉറപ്പായി. സെലന്‍സ്കിയെ രക്ഷപ്പെടുത്തുക എന്ന ദൗത്യവുമായി യുഎസിന്റെയും യുകെയുടെയും കമാന്‍ഡോകള്‍ തയ്യാറെടുത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഇതിനെതിരെ റഷ്യയുടെ പ്രത്യേക സേനയും നിലയുറപ്പിച്ചിട്ടുണ്ട്.
എന്തായാലും അതിവേഗം ഉക്രൈനെ കീഴടക്കാമെന്ന റഷ്യയുടെ കണക്കുകൂട്ടലും പിഴച്ചു. യുദ്ധത്തില്‍ റഷ്യന്‍ പട്ടാളക്കാര്‍ക്കും നാശം നേരിട്ടു. പാശ്ചാത്യശക്തികളുടെ സാമ്പത്തിക ഉപരോധവം റഷ്യയ്‌ക്ക് ക്ഷീണമാണ്. വിദേശരാജ്യങ്ങള്‍ എല്ലാം റഷ്യയിലേക്ക് വിമാനങ്ങള്‍ അയയ്‌ക്കേണ്ടെന്നും റഷ്യയില്‍ നിന്നും വിമാനങ്ങള്‍ സ്വീകരിക്കേണ്ടെന്നും തീരുമാനിച്ചതോടെ റഷ്യ കൂടുതല്‍ ഒറ്റപ്പെടുകയാണ്. റഷ്യയിലെ സമ്പന്നരെ മുഴുവന്‍ യുഎസും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും നിഷ്‌ക്രിയരാക്കി. അവരുടെ ആസ്തി കണ്ടുകെട്ടുകയും ചെയ്തു. എന്തായാലും റഷ്യ ആവശ്യപ്പെട്ട കാര്യങ്ങള്‍ സെലെന്‍സ്‌കി സമ്മതിച്ചു കഴിഞു. എങ്കിലും യുദ്ധം നിര്‍ത്താന്‍ റഷ്യ തയ്യാറായിട്ടില്ല. അതിനര്‍ത്ഥം ഉക്രൈനെ സമ്പൂര്‍ണ്ണമായി കീഴടക്കുകയാണോ എന്ന് മാത്രമേ ഇനി അറിയാനുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: