ചണ്ഡീഗഢ്: പഞ്ചാബില്‍ കോണ്‍ഗ്രസിന് മേല്‍വിലാസം ഇല്ലാതാക്കിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജോത് സിങ്ങ് സിദ്ദുവിനെതിരെ സമൂഹമാധ്യമങ്ങളില്‍ രോഷം ആളിക്കത്തുന്നു. രാഷ്ട്രീയത്തില്‍ നിന്നും സിദ്ദു വിരമിക്കണമെന്ന നിര്‍ദേശം കഴിഞ്ഞ രണ്ട് ദിവസമായി സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.
അമൃതസര്‍ ഈസ്റ്റില്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ച സിദ്ദു ദയനീയമായി പരാജയപ്പെട്ടിരുന്നു. ആപിന്റെ പുതുമുഖതാരമായ ജീവന് ജ്യോത് കൗര്‍ ആണ് സിദ്ദുവിനെ തോല്പിച്ചത്. ഇവിടെ ശിരോമണി അകാലിദളിന്റെ പ്രമുഖ നേതാവായ ബിക്രം മജീദിയയും സിദ്ദുവും തമ്മിലായിരിക്കും പ്രധാന മത്സരമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ മത്സരത്തില്‍ ബിക്രം മജീദിയ മൂന്നാം സ്ഥാനത്തേക്കും സിദ്ദു രണ്ടാം സ്ഥാനത്തേക്കും തള്ളപ്പെട്ടു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ സിദ്ദുവിനെതിരെ കോണ്‍ഗ്രസിനുള്ളിലും കടുത്ത അമര്‍ഷം പുകയുകയാണ്.
രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച ശേഷം കപില്ശര്മ്മയുടെ ഷോയില്‍ അവതാരകനായി പോകാനും വീണ്ടും ക്രിക്കറ്റ് കമന്ററിയിലേക്ക് പോകാനും നിര്‍ദേശിക്കുന്ന നൂറുകണക്കിന് സന്ദേശങ്ങളാണ് ട്വിറ്ററില്‍ നിറയുന്നത്. അര്‍ച്ചന പുരാണ് സിങ്ങ് എന്ന നടിയുടെ സിദ്ദുവിന്റെ തോല്‍വിയോടെ ട്വിറ്ററില്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. കാരണം 2019ല്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച സിദ്ദു കപില്‍ ശര്‍മ്മ ഷോയില്‍ നിന്നും ഒഴിഞ്ഞപ്പോള്‍ ആ സ്ഥാനം ഏറ്റെടുത്തത് അര്‍ച്ചന പുരാണ് സിങ്ങായിരുന്നു. ഇപ്പോള്‍ സിദ്ദു വീണ്ടും കപില്‍ ശര്‍മ്മ ഷോയിലേക്ക് തിരിച്ചുവന്നാല്‍ അര്‍ച്ചന പുരാണ് സിങ്ങ് സീറ്റ് ഒഴിഞ്ഞുകൊടുക്കേണ്ടിവരുമെന്നാണ് പലരും കളിയാക്കുന്നത്.കോണ്‍ഗ്രസിന്റെ ചിഹ്നമായ കൈപ്പത്തിക്ക് മരണമാല്യമണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങളുും പലരും സിദ്ദുവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്യുന്നു.
ഇതേ സമയം സിദ്ദു വെള്ളിയാഴ്ച ആംആദ്മിയുടെ വിജയത്തെ അഭിനന്ദിച്ചു. പരാജയത്തെക്കുറിച്ച് കൂടുതല്‍ ചിന്തിച്ച് ബേജാറാകാന്‍ ഇല്ലെന്നും സിദ്ദു പറഞ്ഞു. തനിക്ക് കുഴികുഴിച്ചവര് പത്തടി താഴ്ചയില്‍ കുഴിച്ചുമൂടപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ പരോക്ഷമായി വിമര്‍ശിച്ച് സിദ്ദു പറഞ്ഞു. അതേ സമയം ഛന്നിയെ മുഖ്യമന്ത്രി മുഖമായി ജനങ്ങള്‍ സ്വീകരിച്ചുവോ ഇല്ലയോ എന്നതിനെക്കുറിച്ചൊന്നും ചിന്തിച്ച് ഉറക്കം കളയാനില്ലെന്നും സിദ്ദു പറഞ്ഞു. ഇത്രയും വലിയ പരാജയത്തെ നിസ്സാരമായി കാണുന്ന സിദ്ദുവിന്റെ രീതികളെയും പലരും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: