ലഖ്നോ: യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ യോഗിയേയും മോദിയേയും പുകഴ്ത്തുമ്പോള്‍ തന്നെ രാഷ്ട്രീയ ചാണക്യനായ അമിത്ഷായുടെ വലിയൊരു നീക്കമാണ് കര്‍ഷകരെ വീണ്ടും താമരയിലെത്തിച്ചതെന്ന് വിലയിരുത്തല്‍. കര്‍ഷകരോഷം നിലനില്‍ക്കുന്നുവെന്ന് പ്രതിപക്ഷപാര്‍ട്ടികളും മോദിവിരുദ്ധമാധ്യമങ്ങളും കൊട്ടിഘോഷിച്ച ഇടങ്ങളിലെല്ലാം ബിജെപിക്ക് ക്ഷീണമുണ്ടായില്ല.
75 ശതമാനം കര്‍ഷകരുള്ള മേഖലയില്‍ ബിജെപിയുടെ വോട്ട് ശതമാനം 2017നെ അപേക്ഷിച്ച് 4.1 ശതമാനം വര്‍ധിച്ചു. 55 മുതല്‍ 75 ശതമാനം വരെ കര്‍ഷകരുള്ള മേഖലയില്‍ ബിജെപി വോട്ട് 1.9 ശതമാനം ഉയര്‍ന്നു. 40 മുതല്‍ 55 ശതമാനം വരെ കര്‍ഷകരുള്ള മേഖലയില്‍ വോട്ട് ശതമാനം 2.2 ശതമാനവും 40 ശതമാനത്തില്‍ താഴെ കര്‍ഷകരുള്ള മേഖലയില്‍ ബിജെപിയുടെ വോട്ട് ശതമാനം 4.5 ശതമാനവും വര്‍ധിച്ചു. അങ്ങിനെ ബിജെപിയുടെ പടിഞ്ഞാറന്‍ യുപിയിലെ ജാട്ട് കോട്ട തകര്‍ക്കാനുള്ള സമാജ് വാദി പാര്‍ട്ടിയുടെയും സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് ദളിന്റെയും ശ്രമം പരാജയപ്പെട്ടു.
ഈയൊരു മാറ്റത്തിന് പിന്നില്‍ അമിത് ഷാ നടത്തിയ നീക്കം നിര്‍ണ്ണായകമായെന്ന് കരുതുന്നു. 2014ലെയും 2019ലെയും ലോക്സഭാ തെരഞ്ഞെടുപ്പുകളിലും 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ കൈവിടാത്ത ജാട്ടുകള്‍ കര്‍ഷകസമരത്തെ തുടര്‍ന്നാണ് ബിജെപിയുമായി അകന്നത്. കര്‍ഷകരെ അനുനയിപ്പിക്കാന്‍ അമിത് ഷാ പ്രമുഖ ജാട്ട് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇടഞ്ഞു നില്ക്കുന്ന കര്‍ഷകരെ അനുനയിപ്പിക്കാനാണ് അമിത് ഷാ നേരിട്ടെത്തിയത്. ബിജെപി എംപി പര്‍വേഷ് വര്‍മ്മയുടെ വീട്ടിലായിരുന്നു ഈ കൂടിക്കാഴ്ച. കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാനും യുപി മന്ത്രി ഭൂപേന്ദ്ര ചൗധരിയും മുതിര്‍ന്ന നേതാക്കളും സന്നിഹിതരായിരുന്നു.
അന്ന് അമിത് ഷാ വൈകാരികമായ ഒരു ലഘുപ്രസംഗം തന്നെ നടത്തി. ജാട്ട് നേതാക്കളുടെ ഹൃദയം അലിയിക്കുന്നതായിരുന്നു ഈ പ്രസംഗം. ‘ബിജെപി രാജ്യത്തിനായി ചിന്തിക്കുന്നതുപോലെ ജാട്ടുകള്‍ അവരെ കുറിച്ച് മാത്രമല്ല ചിന്തിക്കുന്നത്. ജാട്ടുകളും ബിജെപിയും കര്‍ഷകരുടെ താല്പര്യത്തിനായി പ്രവര്‍ത്തിക്കുന്നു. ജാട്ടുകളും ബിജെപിയും രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ച് ചിന്തിക്കുന്നു. ചിലപ്പോള്‍ ഞങ്ങള്‍ നിങ്ങളെ ചെവിക്കൊണ്ടില്ലെങ്കില്‍ പോലും ഞങ്ങള്‍ സമീപിച്ചപ്പോഴെല്ലാം ജാട്ട് സമൂഹം ഞങ്ങള്‍ക്ക് വോട്ട് നല്‍കിയിട്ടുണ്ട’- ഇങ്ങിനെ പോകുന്നു ഷായുടെ പ്രസംഗം.
കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രതിഷേധത്തെ ജാട്ട് സമൂഹം പിന്തുണച്ചിരുന്നു. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പില്‍ ജാട്ടുകള്‍ ബിജെപിയെ കൈവിടുമോ എന്ന ആശങ്ക പരിഹരിക്കാനാണ് അമിത് ഷാ തന്നെ നേരിട്ട് എത്തിയത്. തെരഞ്ഞെടുപ്പ് ഈഗോ കാട്ടാനുള്ള വേദിയല്ല, പകരം ലക്ഷ്യം സാധിക്കാനുള്ള തന്ത്രങ്ങളുടെ നാളുകളാണെന്ന് അമിത് ഷായ്ക്ക് വ്യക്തമായി അറിയാം. ‘ജാട്ടുകള്‍ മുഗളന്മാരോട് യുദ്ധം ചെയ്തു. ഞങ്ങളുടെ പോരാടുകയാണ്’- ജാട്ടുകളുടെ പഴയ ചരിത്രത്തിലെ മിന്നുന്ന അധ്യായം ഓര്‍മ്മിപ്പിച്ച് കൊണ്ട് അമിത് ഷാ പറഞ്ഞു.
ഇനി ജാട്ടുകാര്‍ക്ക് ബിജെപി സര്‍ക്കാര്‍ ചെയ്ത നേട്ടങ്ങള്‍ പ്രസംഗത്തില്‍ അമിത് ഷാ എണ്ണിയെണ്ണിപ്പറഞ്ഞു.
‘ഞങ്ങള്‍ കുറച്ച് കാര്യങ്ങള്‍ ജാട്ടുകള്‍ക്ക് ചെയ്തിട്ടുണ്ട്. എന്താണെന്ന് പറയട്ടെ…പട്ടാളക്കാര്‍ വണ്‍ റാങ്ക് വണ്‍ പെന്ഷന് ചോദിച്ചു. ഞങ്ങള്‍ കൊടുത്തു. ഞങ്ങള്‍ മൂന്ന് ജാട്ട് ഗവര്‍ണര്‍മാരെയും 9 എംപിമാരെയും നിയമിച്ചു. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 കാരണം 40,000 പേര് മരിച്ചു. മോദി അത് വലിച്ചെറിഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കര്‍ഷകരുടെ 36,000 കോടിയിലധികം വായ്പകള്‍ എഴുതിത്തള്ളി. കര്‍ഷകരുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചു. എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ഇനിയും ചെയ്യും. ബിജെപിക്കും മോദിക്കും അല്ലാതെ ആര്‍ക്കാണ് രാജ്യത്തെ സംരക്ഷിക്കാന്‍ കഴിയുക? ‘- അമിത് ഷാ അഭിപ്രായപ്പെട്ടു.
ഈ പ്രസംഗവും കൂടിക്കാഴ്ചയും ബിജെപിക്കും കര്ഷകര്ക്കുമിടയിലുള്ള തെറ്റിദ്ധാരണ ഉരുക്കിക്കളഞ്ഞു. അതാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: