ലക്‌നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബുള്‍ഡോസര്‍ ബാബയെന്ന് വിളിച്ച് പരിഹസിച്ച അഖിലേഷ് യാദവിന് മറുപടിയായി വിജയാഘോഷം വ്യത്യസ്തമാക്കി ബിജെപി പ്രവര്‍ത്തകര്‍. ബുള്‍ഡോസര്‍ വാടകയ്‌ക്കെടുത്ത് കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിച്ച് നിരത്തിലിറക്കിയാണ് ബിജെപി പ്രവര്‍ത്തകര്‍ വിജയാഘോഷത്തിന് പകിട്ട് കൂട്ടിയത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു യോഗിയെ പരിഹസിച്ചുകൊണ്ടുള്ള അഖിലേഷ് യാദവിന്റെ ബുള്‍ഡോസര്‍ ബാബ (ബുള്‍ഡോസര്‍ സന്യാസി) പരാമര്‍ശം. തന്റെ പ്രസംഗങ്ങളില്‍ അഴിമതിക്കാരേയും ഭൂ കൈയ്യേറ്റക്കാരേയും ‘ബുള്‍ഡോസര്‍കൊണ്ട് ഇടിച്ചുനിരത്തും’ എന്ന് യോഗി ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു അഖിലേഷിന്റെ പരിഹാസം. എന്നാല്‍ അഖിലേഷിന്റെ വാക്കുകള്‍ക്ക് വിജയശേഷം ബുള്‍ഡോസര്‍ നിരത്തിലിറക്കി മറുപടി കൊടുത്തിരിക്കുകയാണ് പ്രവര്‍ത്തകര്‍.
കോവിഡ് കാലത്തിനു മുന്‍പും പിന്‍പും വലിയ ക്ഷേമപ്രവര്‍ത്തനമാണ് യുപിയില്‍ നടന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങളില്‍ ഉയര്‍ന്നു കേട്ട ഒരു വാക്യവും ഇതായിരുന്നു ‘മോദി ഗല്ലാ ദിയ, ഘര്‍ ദിയ, ഗ്യാസ് ദിയ ( മോദി എനിക്ക് റേഷനും ഗ്യാസും വീടും തന്നു,), അതിനാല്‍ വോട്ട് ബിജെപിക്ക്.
കോവിഡ് പലര്‍ക്കും സ്ഥിരവരുമാനം കുറഞ്ഞതിനാല്‍, കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന പദ്ധതികളായിരുന്നു ജനങ്ങളുടെ ആശ്രയം. പിഎം ഗരീബ് കല്യാണ്‍ യോജനയ്‌ക്ക് കീഴിലുള്ള സൗജന്യ റേഷന്‍, പിഎം കിസാന്‍ പദ്ധതിക്ക് കീഴില്‍ കര്‍ഷകര്‍ക്ക് മിനിമം വരുമാന പിന്തുണ, ഉജ്ജ്വല പദ്ധതിക്ക് കീഴിലുള്ള സൗജന്യ പാചക വാതക സിലിണ്ടറുകള്‍ എന്നിവ വലിയ തോതില്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെട്ടിരുന്നു.
ഇതു കൂടാതെ, വര്‍ഗീയ ലഹളകളുടേയും ഗൂണ്ടാ ആക്രമണങ്ങളുടേയും അന്ത്യം കുറിച്ചത് യോഗിയുടെ ഭരണത്തിലായിരുന്നു. ഗൂണ്ടാരാജിനെ അന്ത്യം കുറിച്ചതോടെ ജനങ്ങളുടെ സൈ്വര്യജീവിതം മികച്ചതായി. സമാധാനപൂര്‍ണമായ ജീവിതമാണ് യോഗിയുടെ ഭരണത്തില്‍ ജനങ്ങള്‍ക്ക് ലഭിച്ചത്. ഇതെല്ലാം വോട്ടായി മാറിയതോടെ ബിജെപിക്ക് യുപിയില്‍ വലിയ ജയവും സ്വന്തമാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: