ഫറ്റോര്‍ഡ: മഞ്ഞപ്പടയ്ക്ക് ഇന്ന് സെമിപോരാട്ടം. ആറു വര്‍ഷത്തിനുശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സെമിയിലെത്തിയ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ആദ്യപാദ സെമിയില്‍ കരുത്തരായ ജംഷഡ്പൂര്‍ എഫ്സിയെ നേരിടും. ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
ഫൈനല്‍ ലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. എന്നാല്‍ നിലവിലെ രാജ്യത്തെ ഒന്നാം നമ്പര്‍ ടീമെന്ന വിശേഷിപ്പിക്കപ്പെടുന്ന ജംഷഡ്പൂരിനെ മറികടക്കാന്‍ മഞ്ഞപ്പടയ്ക്ക് ശരിക്കും അധ്വാനിക്കേണ്ടിവരും. ലീഗില്‍ ഇരുപത് മത്സരങ്ങളില്‍ 43 പോയിന്റോടെ ഒന്നാം സ്ഥാനക്കാരായാണ് ഓവന് കോയ്ലിന്റെ ജംഷഡ്പൂര്‍ സെമിയിലെത്തിയത്.
അതേസമയം, കേരളാ ബ്ലാസ്റ്റേഴ്സ് ഇരുപത് മത്സരങ്ങളില്‍ 34 പോയിന്റോടെ നാലാം സ്ഥാനക്കാരായാണ് അവസാന നാലിലിടം പിടിച്ചത്. പ്രാഥമിക ലീഗിനെ ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരിനെ സമനിലയില്‍ കുരുക്കി. എന്നാല്‍ റിട്ടേണ്‍ മത്സരത്തില്‍ ജംഷഡ്പൂര്‍ കരുത്ത് കാട്ടി. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സിനെ തകര്‍ത്തു. ഈ വിജയത്തിന്റെ ആവേശത്തിലാണ് ജംഷഡ്പൂര്‍ കളിക്കാനിറങ്ങുന്നത്.
സെമിയിലെത്തിയ നാലു ടീമുകളില്‍ ഏറ്റവും ശക്തരായ ടീം ഞങ്ങളാണെന്നാണ് വിശ്വാസം. എന്നാല്‍ ബ്ലാസ്റ്റേഴ്സിനെ ചെറുതായി കാണുന്നില്ല . അവര്‍ ഞങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാകും . മത്സരത്തില്‍ എന്തും സംഭവിക്കാമെന്ന്് ജംഷഡ്പൂര്‍ മുഖ്യ പരിശീലകന് ഓവന് കോയില്‍ പറഞ്ഞു
അവസാന ആറു മാസത്തിനുള്ളില്‍ രണ്ട് പ്രീ സീസണ് സൗഹൃദ മത്സരത്തിലടക്കം നാലു തവണ ബ്ലാസ്റ്റേഴ്സിനെ നേരിട്ടിട്ടുണ്ട്. ഈ മത്സരങ്ങളില്‍ നിന്ന് ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകന് ഇവന് വുകോമാനോവിച്ചിന്റെ തന്ത്രങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചതായി കോയില്‍ പറഞ്ഞു.
ജംഷഡ്പൂരിനെ പരിക്ക് അലട്ടുന്നുണ്ട്. കോമള്‍ തട്ടലും ഫാറൂഖ് ചൗധരിയും പരിക്കിനെ തുടര്‍ന്ന് ഇന്ന് കളിക്കില്ല. ലാല്ഡിന്ലിയാന് റെന്ത്ത്ലിയും ബോറിസ് സിങ് തങ്ക്ജാമും കളിക്കുന്ന കാര്യം സംശയമാണ്. അതേസമയം, സസ്പെന്ഷന് കഴിഞ്ഞ മൊബാഷിര്‍ റഹ്മാന് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
ജംഷഡ്പൂരിനെതിരായ മത്സരം കടുത്തതാകുമെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന് വുകോമാനോവിച്ച് പറഞ്ഞു. കായികമായി കരുത്തരായ ടീമാണ് ജംഷഡ്പൂര്‍. ലീഗിലെ ഇരുപത് മത്സരങ്ങളും പൂര്‍ത്തിയായി. ഇനി പുതിയ അധ്യായം തുടങ്ങുകയാണ്. മികച്ച പ്രകടനം തന്നെ കാഴ്ചവയ്ക്കും. ഫൈനലിലെത്തുകയാണ് ലക്ഷ്യമെന്നും വുകോമാനോവിച്ച് കൂട്ടിച്ചേര്‍ത്തു. ആഡ്രിയാന്‍ ലൂണ, അല്‍വാരോ വാസ്ക്വസ്, ജോര്‍ഗെ പെരേര, മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ശക്തി .
ബ്ലാസ്റ്റേഴ്സും ജംഷഡ്പൂരും തമ്മിലുള്ള രണ്ടാംപാദ സെമിഫൈനല്‍ 15 ന് നടക്കും. 2016 ലാണ് ബ്ലാസ്റ്റേഴ്സ് അവസാനമായി ഐഎസ്എല്ലിന്റെ സെമിയിലെത്തിത്. ആ വര്‍ഷം ഫൈനലിലും കടന്നു. എന്നാല്‍ കാലശക്കളിയില് എടികെയോട് തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: