ലഖ്നൗ: സീറ്റുകള്‍ കൂടി….കിട്ടിയ വോട്ടുകളുടെ ശതമാനക്കണക്കിലും മുന്നിലെത്തി, പക്ഷേ, ഇതുവരെ ഒരു തെരഞ്ഞെടുപ്പില്‍ പോലും പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ സാധിക്കാത്ത നേതാവെന്ന വിശേഷണം പങ്കിടുന്നു രാഹുല്‍ഗാന്ധിക്കൊപ്പം അഖിലേഷ് യാദവും. അഖിലേഷിന്റെ നേതൃത്വത്തില്‍ സമാജ്‌വാദി പാര്‍ട്ടി ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും വിജയിച്ചിട്ടില്ല. ഇത്തവണയും പതിവ് ആവര്‍ത്തിച്ചു.
2012ല്‍ മുലായം സിങ് യാദവിന്റെ നേതൃത്വത്തിലാണ് എസ്പി ഇലക്ഷന്‍ നേരിട്ടതും വിജയിച്ചതും. എന്നാല്‍ മുലായത്തെ പിന്തള്ളി അഖിലേഷ് മുഖ്യമന്ത്രി പദത്തിലേക്ക് എത്തുകയായിരുന്നു. വന്‍ പരാജയമായി മാറിയ അഞ്ചുവര്‍ഷത്തെ ഭരണത്തിന് ശേഷം 2017ല്‍ എസ്പി യുപിയില്‍ അമ്പതില്‍ താഴെ സീറ്റിലേക്ക് ഒതുങ്ങി. അഖിലേഷിന്റെ നേതൃത്വത്തില്‍ എസ്പി ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ടത് 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പാണ്. അതിദയനീയമായിരുന്നു എസ്പിയുടെ അവസ്ഥ. വെറും അഞ്ച് എംപിമാരെ മാത്രമാണ് വിജയിപ്പിക്കാനായത്. 2017ല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ച നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം അഖിലേഷിന്റെ പ്രാധാന്യം തന്നെ ഇല്ലാതാക്കി.
ബിഎസ്പിയുമായി ചേര്‍ന്നായിരുന്നു 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ അഖിലേഷിന്റെ പോരാട്ടം. എന്നാല്‍ കാത്തുനിന്നത് കനത്ത പരാജയമാണ്. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടി അഖിലേഷ് പരാജയത്തിലേക്ക് പോയതോടെ വരും നാളുകളില്‍ അഖിലേഷിനെതിരെ സമാജ് വാദി പാര്‍ട്ടിയില്‍ കനത്ത എതിര്‍പ്പുയരുമെന്ന് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: