പനാജി: ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച നാലു ദമ്പതികളില്‍ മൂന്നു ദമ്പതികളും വിജയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ അച്ഛനും മകളും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മന്ത്രി വിശ്വജിത്ത് പ്രതാപ് റാണെയും ഭാര്യ ദിവ്യയും മികച്ച വിജയം നേടി. വാല്‍പോയ് മണ്ഡലത്തില്‍ വിശ്വജിത്ത് 8085 വോട്ടുകള്‍ക്ക് ആര്‍ജിപിയുടെ തുകറാം ഭരത് പരബിനെ പരാജയപ്പെടുത്തിയത്. പോരിം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ദിവ്യ ഭര്‍ത്താവിന്റെ അതേ പേരുകാരനെ തോല്പിച്ചത് കൗതുകമായി. ആം ആദ്മി പാര്‍ട്ടിയിലെ വിശ്വജിത്ത് റാണെയെ 13,943 വോട്ടുകള്‍ക്കാണ് ദിവ്യ തോല്‍പ്പിച്ചത്. ഗോവയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷവും ദിവ്യയ്‌ക്കാണ്.
ഭര്‍ത്താവിന്റെ അച്ഛനും ആറു തവണ മുഖ്യമന്ത്രിയുമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിങ് റാണെയുടെ തട്ടകമായ പോരിം മണ്ഡലത്തിലാണ് ദിവ്യയുടെ മിന്നും വിജയം. പ്രതാപ് സിങ് റാണെയെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചെങ്കിലും മകന്റെ ഭാര്യയെ ബിജെപി സ്ഥാനാര്‍ഥിയാക്കിയതോടെ അദ്ദേഹം പിന്മാറുകയായിരുന്നു.
ബിജെപി സ്ഥാനാര്‍ഥികളായ അത്തനാസിയോ മോന്‍സരാറ്റെയും (ബാബുഷ്) ഭാര്യ ജെന്നിഫറുമാണ് വിജയമുറപ്പിച്ച രണ്ടാമത്തെ ദമ്പതികള്‍. പനജിയില്‍ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കറിനെ 716 വോട്ടുകള്‍ക്കാണ് അതനാസിയോ പരാജയപ്പെടുത്തിയത്. ഭാര്യ ജെന്നിഫര്‍ തലെയ്ഗാവ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടോണി ആല്‍ഫ്രഡോ റോഡ്രിഗസിനെ 2041 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു.
മൈക്കിള്‍ ലോബോയും ഭാര്യ ദലീല ലോബോയുമാണു നിയമസഭയിലേക്കെത്തുന്ന മൂന്നാമത്തെ ദമ്പതികള്‍. കോണ്‍ഗ്രസിന്റെ മൈക്കിള്‍ ലോബോ കലന്‍ഗുട്ടെ മണ്ഡലത്തില്‍ 4979 വോട്ടുകള്‍ക്ക് ബിജെപിയിലെ ജോസഫ് റോബര്‍ട്ടിനെ പരാജയപ്പെടുത്തിയപ്പോള്‍ ഭാര്യ ദലീല ലോബോ സിയോലിം മണ്ഡലത്തില്‍ 1727 വോട്ടുകള്‍ക്ക് ബിജെപിയുടെ സ്ഥാനാര്‍ഥി ദയാനന്ത് മന്‍ട്രേക്കറിനെ പരാജയപ്പെടുത്തി.
ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കാവ്ലേകറും ഭാര്യ സാവിത്രി കാവ്ലേകറും തോറ്റു. ക്യൂപെം മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ അല്‍ടോണ്‍ ഡികോസ്റ്റ 3601 വോട്ടുകള്‍ക്കാണ് ചന്ദ്രകാന്തിനെ തോല്പിച്ചത്. ഭാര്യ സാവിത്രി കാവ്ലേകര്‍ സംഗം മണ്ഡലത്തില്‍ സ്വതന്ത്രയായാണ് മത്സരിച്ചത്. 1429 വോട്ടുകള്‍ക്ക് ബിജെപിയുടെ സുഭാഷ് ഉത്തംഫാല്‍ ദേശായിയായാണ് സാവിത്രിയെ തോത്പിച്ചത്. ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് ഉടമയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ചര്‍ച്ചില്‍ അലിമാവോയും മകള്‍ വലന്‍ക നടാഷ അലിമാവോയും പരാജയപ്പെട്ടു. ബെനോളിം മണ്ഡലത്തില്‍ ആം ആദ്മിയുടെ വെന്‍സി വീഗസി 1271 വോട്ടുകള്‍ക്ക് ചര്‍ച്ചില്‍ അലിമാവോയെ പരാജയപ്പെടുത്തിയപ്പോള്‍ മകള്‍ വലന്‍ക അലിമാവോ നവേലിമില്‍ 430 വോട്ടിന് ബിജെപിയുടെ ഉല്‍ഹാസ് തെന്‍കറിനോട് പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: