മൂലമറ്റം: പതിപ്പള്ളി തെക്കുംഭാഗത്ത് വനവാസി യുവതി റോഡരികില്‍ പ്രസവിച്ചു. ഇന്നലെ പുലര്‍ച്ചെ 4.15 ഓടെ വാഹനം കാത്തുനില്‍ക്കുന്നതിനിടെയാണ് വരിക്കപ്ലാക്കല്‍ സുധീഷിന്റെ ഭാര്യ ആതിര(26) ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. സുധീഷിന്റെയും ഭര്‍തൃമാതാവ് ഷൈലജ, ആശാ പ്രവര്‍ത്തക രാജമ്മ എന്നിവരുടെയും സാന്നിധ്യത്തില്‍ വീടിനടുത്തു തന്നെയായിരുന്നു സുഖപ്രസവം. തുടര്‍ന്ന് മൂലമറ്റത്തെ സ്വകാര്യാശുപത്രിയിലെത്തിച്ച അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
പുലര്‍ച്ചെ രണ്ടരയോടെയാണ് ആതിര പ്രസവ ലക്ഷണങ്ങള്‍ കാണിച്ചത്. വീട്ടിലേയ്‌ക്ക് വാഹനമെത്തില്ല. അതിനാല്‍ ആതിര ആശാപ്രവര്‍ത്തകയ്‌ക്കും കുടംബാംഗങ്ങള്‍ക്കുമൊപ്പം റോഡിലേയ്‌ക്ക് നടക്കുകയായിരുന്നു. അതിനിടെ ആതിര പ്രസവിച്ചു. വാഹനം എത്തിയപ്പോഴേയ്‌ക്കും നാലര മണിയായി. അതില്‍ അമ്മയേയും കുഞ്ഞിനെയും മൂലമറ്റത്തെ സ്വകാര്യാശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കി. ഈ മാസം 18നായിരുന്നു ആതിരയുടെ പ്രസവത്തീയതി.
തൊടുപുഴ താലൂക്കാശുപത്രിയിലായിരുന്നു ചികിത്സ. 14ന് ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് തയ്യാറെടുക്കുന്നതിനിടെയാണ് പ്രസവം നടന്നത്. അടുത്തിടെ ഈ പ്രദേശത്ത് വനവാസി വിഭാഗത്തില്‍പ്പെട്ട യുവതിയും വാഹനം ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടില്‍ പ്രസവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: