തലശ്ശേരി: കാഴ്ച മങ്ങിത്തുടങ്ങുമ്പോള്‍ തന്നെ ഗ്ലൂക്കോമയെ അറിഞ്ഞ് പ്രതിരോധ ചികിത്സ തേടണമെന്ന് നേത്രരോഗ വിദഗ്ധരുടെ മുന്നറിയിപ്പ്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫ്ളാല്മിക് സര്‍ജന്‍സ് സംഘടനയുടെ സയന്റിഫിക് കമ്മറ്റി ചെയര്മാന് ഡോ. ശ്രീനി എടക്ലോണും കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ഡോ. സിമി മനോജ്കുമാറും തലശ്ശേരി പ്രസ് ഫോറത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്.
പ്രത്യേക ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെയാണ് ഗ്ലൂക്കോമ പിടികൂടുന്നത്. കണ്ണിനുള്ളിലെ സ്വാഭാവികമര്ദ്ദം വളരെ ഉയര്‍ന്നു നില്ക്കുന്ന അവസ്ഥയാണ് ഗ്ലോക്കോമ. കാഴ്ച മണ്ഡലത്തിന് കേടുപാടുകള്‍ സംഭവിക്കുന്നത് വരെ രോഗിക്ക് തന്റെ കാഴ്ച നഷ്ടപ്പെട്ടതായി മനസ്സിലാവില്ല. അതിനാല്‍ 40 വയസ്സ് കഴിഞ്ഞ എല്ലാവരും ഗ്ലൂക്കോമ പരിശോധനക്ക് വിധേയമാവണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പ്രതിരോധത്തിന്റെ ഭാഗമായി പുകവലി നിര്‍ബ്ബന്ധമായും ഒഴിവാക്കണം. കാഴ്ചയ്ക്ക് പ്രശ്നങ്ങളുള്ള മാതാപിതാക്കളുടെ മക്കള്‍ക്ക് രോഗം വരാന്‍ സാധ്യത കൂടുതലാണെന്നും ഡോ. ശ്രീനി എടക്ലോണ്‍ സൂചിപ്പിച്ചു. ലോക ഗ്ലൂക്കോമാ വാരാചരണഭാഗമായി കേരളത്തിലെ നേത്രരോഗ വിദഗ്ദരുടെ കൂട്ടായ്മ കണ്ണൂര്‍ ജില്ലയിലെ 20 ഓളം കണ്ണാശുപത്രികളില്‍ ഇന്ന് സൗജന്യമായി ഗ്ലൂക്കോമ പരിശോധന നടത്തും. താല്പര്യമുള്ളവര്ക്ക് അടുത്തുള്ള കണ്ണാശുപത്രിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: