ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ ബിജെപി കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയാല്‍ കര്‍ഷക സമരത്തിലെ നേതാവായ യോഗേന്ദ്ര യാദവിന് ഒരു ഉപദേശം മാത്രമേയുള്ളൂ: ദയവായി പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപി ബൂത്തുകള്‍ ബലമായി പിടിച്ചെടുത്തു, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടി എന്ന് ആരോപിക്കരുത്. “കാരണം ബൂത്തുകളല്ല ബിജെപി പിടിച്ചെടുത്തത്, മനസ്സുകളാണ്. വോട്ടിംഗ് യന്ത്രത്തില്‍ തട്ടിപ്പു കാട്ടിയല്ല, ടിവിയെയും സ്മാര്‍ട്ട് ഫോണുകളെയും വശീകരിച്ചാണ് ബിജെപി വിജയം നേടിയത്”- യോഗേന്ദ്ര യാദവ് പറയുന്നു.
എക്‌സിറ്റ് പോള്‍ ഫലപ്രഖ്യാപനത്തിന് ശേഷം ഉത്തര്‍പ്രദേശില്‍ നേരിട്ട് സന്ദര്‍ശനം നടത്തി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയാണ് യോഗേന്ദ്ര യാദവ് ഈ ഉപദേശം നല്‍കുന്നത്. ഉത്തര്‍പ്രദേശിലെ സാധാരണ വോട്ടര്‍മാരെ നേരില്‍ക്കണ്ട ശേഷമാണ് സമാജ് വാദി പാര്‍ട്ടിയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും യുപി തെരഞ്ഞെടുപ്പിനെ വിലയിരുത്തിയ രീതി ശരിയല്ലെന്ന് മോദി വിമര്‍ശകന്‍ കൂടിയായ യോഗേന്ദ്ര യാദവ് തിരിച്ചറിയുന്നത്.
ആളുകളുടെ സദാചാര, രാഷ്‌ട്രീയ പൊതുബോധത്തില്‍ ബിജെപിയാണ് നിറഞ്ഞുനിന്നതെന്നും ആ പൊതുബോധത്തെ ബിജെപി കീഴടക്കിയെന്നും യോഗേന്ദ്ര യാദവ് പറയുന്നു. യുപി തെരഞ്ഞെടുപ്പിനെ പ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കളും പത്രപ്രവര്‍ത്തകരും പ്രാദേശിക വിവരം നല്‍കുന്നവരും ചേര്‍ന്നുള്ള ത്രിമൂര്‍ത്തി സംഘം തെറ്റായ രീതിയിലാണ് വിലയിരുത്തിയതെന്ന് യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടുന്നു.
ഇതിന് ഉദാഹരണമായി അദ്ദേഹം ഫിലിപ്പ് ഓള്‍ഡന്‍ബെര്‍ഗ് എന്ന ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ അധികം അറിയപ്പെടാത്ത പണ്ഡിതനെ ഉദ്ധരിക്കുന്നു. 1984ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷം നേടുമെന്ന് വിലയിരുത്തുന്നതില്‍ എല്ലാവരും പരാജയപ്പെട്ടതായി ഫിലിപ്പ് ഓള്‍ഡന്‍ബെര്‍ഗ് കണ്ടെത്തിയിരുന്നു. ഇതിന് കാരണം, പത്രപ്രവര്‍ത്തകരും രാഷ്‌ട്രീയക്കാരും തെരഞ്ഞെടുപ്പിലെ പ്രവണതകളെക്കുറിച്ച് വിവരം തരുന്നവരും ചേര്‍ന്ന് നല്‍കിയ തെറ്റായ വിവരമായിരുന്നത്രെ. അതു തന്നെയാണ് ഇക്കുറി യുപിയിലും സംഭവിച്ചത്. ആരും സാധാരണവോട്ടര്‍മാരുടെ പള്‍സ് മനസ്സിലാക്കിയില്ല. എന്നാല്‍ ബിജെപി അതില്‍ സ്പര്‍ശിച്ചതായും യോഗേന്ദ്ര യാദവ് പറയുന്നു. അതായിരുന്നു ബിജെപിയുടെ യുപിയിലെ വിജയത്തിന് പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: