കൊച്ചി: ശബരിമലയിലെ ദേവസ്വം ഗസ്റ്റ് ഹൗസില്‍ വ്യാജ ഭക്ഷണ ബില്ലുകള്‍ തയ്യാറാക്കി തട്ടിപ്പു നടത്തിയെന്നും ബയോ ടോയ്ലെറ്റുകളുടെ നിര്‍മ്മാണത്തില്‍ ക്രമക്കേടുണ്ടെന്നുമുള്ള ആരോപണങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗം അന്വേഷിച്ച് നാലുമാസത്തിനകം ദേവസ്വം ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഇതിന്മേലുള്ള നടപടി റിപ്പോര്‍ട്ട് ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ മുഖേന ഹൈക്കോടതിക്ക് നല്‍കാനും ജസ്റ്റിസ് അനില്‍. കെ. നരേന്ദ്രന്, ജസ്റ്റിസ് പി.ജി. അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. ഗസ്റ്റ് ഹൗസില്‍ താമസത്തിനെത്തുന്ന വിഐപികളുടെ പേരില്‍ വ്യാജ ഭക്ഷണ ബില്ലുകള്‍ തയ്യാറാക്കി പണം തട്ടുന്നുണ്ടെന്നും ഇതന്വേഷിക്കാനൊരുങ്ങിയ ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് വിംഗിലെ ഉദ്യോഗസ്ഥരെ മാറ്റിയെന്നുമുള്ള വാര്‍ത്തകളെത്തുടര്‍ന്ന് ദേവസ്വം ബെഞ്ച് സ്വമേധയാ പരിഗണിച്ച ഹര്‍ജിയിലാണ് ഈ നിര്‍ദേശം.
ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗത്തില്‍ നിന്ന് ഡെപ്യൂട്ടേഷന് കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നാണ് രണ്ട് സബ് ഇന്‍സ്പെക്ടര്‍മാര്‍ ഉള്‍പ്പെടെ നാലുപേരെ പോലീസിലേക്ക് മടക്കിയയച്ചതെന്ന് ബോര്‍ഡും സര്‍ക്കാരും വിശദീകരിച്ചു. നിലവിലെ ചീഫ് വിജിലന്‍സ് ഓഫീസറുടെ കാലാവധി മാര്‍ച്ച് 31 നു കഴിയുമെന്നും വ്യക്തമാക്കി. തുടര്‍ന്ന് ചീഫ് വിജിലന്‍സ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവരെ ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗത്തിലേക്ക് നിയമിക്കാനുള്ള മാര്‍ഗ്ഗ നിര്‍ദേ ശങ്ങളും ഡിവിഷന് ബെഞ്ച് നല്കി.
ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കാന്‍ റവന്യു (ദേവസ്വം ഡിപ്പാര്‍ട്ട്മെന്റ് ) പ്രിന്‍സിപ്പല്‍ സെക്രട്ടറി രണ്ടു മാസത്തിനകം ഡി.ജി.പിയില്‍ നിന്ന് ലിസ്റ്റ് വാങ്ങണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് രണ്ടാഴ്ചയ്ക്കകം വേണ്ടത്ര ഉദ്യോഗസ്ഥരെ നിയമിച്ച് ഉത്തരവിറക്കണം. ചീഫ് വിജിലന്‍സ് ഓഫീസറെ നിയമിക്കാനുള്ള ബോര്‍ഡിന്റെ അപേക്ഷ ലഭിച്ചാലുടന്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷനില്‍ നിയമിക്കണം.
ചീഫ് വിജിലന്‍സ് ഓഫീസര്‍ ഉള്‍പ്പെടെ ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് വിംഗില്‍ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഇതിനായി ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന് കാലാവധി കഴിയുന്നതിന് മൂന്നു മാസം മുമ്പ് ബോര്‍ഡ് സര്‍ക്കാരിന് അപേക്ഷ നല്‍കണം. ഇങ്ങനെ അപേക്ഷ ലഭിച്ചാലുടന്‍ ഡിജിപിയില്‍ നിന്ന് ലിസ്റ്റ് വാങ്ങി നിലവിലെ ഉദ്യോഗസ്ഥരുടെ കാലാവധി കഴിയും മുമ്പ് നിയമനം നടത്തണം. നിയമനങ്ങള്‍ നടത്തുന്നതിന്റെ വിവരങ്ങള്‍ സ്പെഷ്യല്‍ കമ്മിഷണര്‍ മുഖേന ഹൈക്കോടതിയെ അറിയിക്കണം. ചീഫ് വിജിലന്‍സ് ഓഫീസര്‍ നിലവിലുള്ള കേസുകളുടെ തത്സ്ഥിതി വ്യക്തമാക്കി ആറുമാസത്തില്‍ ഒരിക്കല്‍ സ്പെഷ്യല്‍ കമ്മിഷണര്‍ മുഖേന ദേവസ്വം ബെഞ്ചില്‍ റിപ്പോര്‍ട്ട് നല്‍കണം-ഹൈക്കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: