രാവിലെ എണീറ്റാല്‍ ബിജെപിയെയും നരേന്ദ്ര മോദിയെയും, അടുത്തകാലത്തായി യോഗി ആദിത്യനാഥിനെയും, കുറച്ചെങ്കിലും ആക്ഷേപിച്ചില്ലെങ്കില്‍ ഉറക്കം വരില്ല എന്നതായിരുന്നു കേരളത്തിലെയും കേന്ദ്രത്തിലെയും സിപിഎം നേതാക്കളുടെ നിലപാട്. അതിന് പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും കിട്ടിയില്ലെങ്കില്‍ രാജ്യത്തെ ഏതെങ്കിലും ഗ്രാമത്തിലെ പ്രാദേശിക സംഘര്‍ഷത്തിന്റെ കല്‍പ്പിത കഥയുമായി രംഗത്തിറങ്ങും. അവര്‍ക്കുണ്ടായിരുന്ന ഒരു ഗുണം ദേശവിരുദ്ധ- ജിഹാദി നിലപാടുകളുള്ള കുറെ മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും കൂടെയുണ്ട് എന്നതായിരുന്നു. ഇന്നിപ്പോള്‍ അവര്‍ കരുതുന്നു, പറഞ്ഞതില്‍ പലതും അബദ്ധമായിപ്പോയി. തങ്ങളുടെ തലതിരിഞ്ഞത് തിരിച്ചറിയാന്‍ വൈകിപ്പോയി. കേരളത്തിലെ സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിന്റെ വാര്‍ത്തകള്‍ വായിച്ചപ്പോഴുണ്ടായ പ്രാഥമിക തോന്നലാണിത്. ഇന്നലെവരെ വിളിച്ചു കൂവിയതൊക്കെ അവര്‍ പരസ്യമായി തള്ളിപ്പറഞ്ഞിരിക്കുന്നു. മറ്റൊരര്‍ഥത്തില്‍ നരേന്ദ്രമോദി എന്താണോ ചെയ്യുന്നത് അതാണ് ശരി എന്ന് തുറന്നുപറയുകയാണ്. ഇനി ഒന്നേയുള്ളൂ ബാക്കി; ഇപ്പോള്‍ അവര്‍ ബിജെപിയെ എതിര്‍ക്കുന്നത് ആര്‍എസ്എസിന്റെ ബന്ധം ചൂണ്ടിക്കാട്ടിയാണ്; ആര്‍എസ്എസിനെ എങ്ങനെ ന്യായീകരിക്കും എന്നത് മാത്രമാണ് അവരുടെ മുന്നിലെ പ്രശ്നം. അതിനുകൂടി ഒരു പോംവഴി ആരെങ്കിലും സഖാക്കളോട് നിര്‍ദേശിച്ചാല്‍ എല്ലാം കുശാല്‍. നിലനില്‍പ്പ് പ്രശ്നമാവുമ്പോള്‍ സത്യം തിരിച്ചറിയും എന്നര്‍ത്ഥം.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ പ്രകടനപത്രിക എന്റെ മുന്നിലുണ്ട്. അതില്‍ ഓരോന്നും പരമ്പരാഗത- പ്രഖ്യാപിത കമ്മ്യുണിസ്റ്റ് നയത്തിനനുസൃതമായിട്ടാണ്. വിദേശനയം, സാമ്പത്തികനയം, ദേശസുരക്ഷ, കാര്‍ഷികനയം എല്ലാം മുരടന്‍ കാഴ്ചപ്പാടുകള്‍. കഴിഞ്ഞ കുറേക്കാലമായി അവര്‍ പിന്തുടരുന്ന നയവൈകല്യങ്ങള്‍ തന്നെ. പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങള്‍ മാത്രമല്ല, തൊട്ടിടത്തെല്ലാം അവര്‍ പുലര്‍ത്തിപ്പോന്നത് ദേശവിരുദ്ധ രാഷ്ട്രീയ നിലപാടുകളാണ്. ഓരോ വേളയിലും അത് അവര്‍ പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു. 1962ലെ ചൈനീസ് യുദ്ധവേളയില്‍ അന്നത്തെ സിപിഐ എടുത്ത നിലപാടിന് സമാനമാണ് അവര്‍ പലപ്പോഴും പിന്നീട് സ്വീകരിച്ചത്. എന്നാല്‍ അധികാരത്തിനുവേണ്ടി, ജയിക്കാന്‍ വേണ്ടി ആരുടേയും കൂടെച്ചേരാം എന്നത് അവര്‍ സ്വീകരിക്കാറുണ്ടായിരുന്ന നിലപാടാണ്. അന്താരാഷ്ട്ര ഭീകര ബന്ധമുണ്ടെന്ന് നമ്മുടെ കേന്ദ്ര ഏജന്‍സികള്‍ പറഞ്ഞിരുന്ന മദനിയുമായി വേദി പങ്കിട്ടതും അയാളെ ഗാന്ധിജിയോട് ഉപമിച്ചതുമൊക്കെ ചരിത്രത്തിന്റെ ഭാഗമാണല്ലോ. ഇന്നിപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള ജിഹാദി സംഘടനകളോട് അവര്‍ പുലര്‍ത്തുന്ന നിലപാട് അതിന്റെയൊക്കെ തുടര്‍ച്ചയാണ്.
രാജ്യത്ത് കലാപമുണ്ടാക്കുന്നതും രാഷ്ട്രീയ നേട്ടമായി അവര്‍ കരുതി. ജിഹാദികള്‍ക്കൊപ്പം നിന്നുകൊണ്ടായിരുന്നു അത്. ദല്‍ഹി കലാപത്തെ ന്യായീകരിക്കാന്‍ സിപിഎം തയ്യാറായത് ഒരു ഉദാഹരണം. പൗരത്വബില്ലിന്മേല് നടന്ന സമരവും അതില്‍ സീതാറാം യെച്ചൂരി അടക്കം കൈക്കൊണ്ട നിലപാടുകളും ദല്‍ഹി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടല്ലോ. ഒരു കലാപക്കേസിലാണ് യെച്ചൂരി പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നത്. അതാവട്ടെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ അടക്കമുള്ളവരുള്‍പ്പെട്ട കേസുകളില്‍. അടുത്തകാലത്ത് ഏതെങ്കിലും ‘ദേശീയകക്ഷിയുടെ’ പ്രമുഖ നേതാവ് ഇത്തരമൊരു കലാപക്കേസില്‍ ഉള്‍പ്പെട്ടിരിക്കുമോ, സംശയമാണ്. സാമ്പത്തികനയങ്ങളില്‍ മാത്രം മാറ്റം വരുത്തിയതുകൊണ്ട് ഒരു പാര്‍ട്ടി രക്ഷപ്പെടണമെന്നില്ല, രാഷ്ട്രത്തോടുള്ള സമീപനത്തിലും ദേശീയ പ്രശ്നങ്ങളിലുമൊക്കെ ഭാവാത്മകമായ കാഴ്ചപ്പാട് ഉരുത്തിരിയേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങള്‍ സിപിഎം സമ്മേളന വേദിയില്‍ നിന്ന് കേള്‍ക്കാനായില്ല.
മാറ്റത്തിനുള്ള പെടാപ്പാട്
അക്ഷരാര്‍ഥത്തില്‍ നിലനില്‍പ്പിനു വേണ്ടിയുള്ള പെടാപ്പാടാണ് ഇന്ന് സിപിഎമ്മില്‍ ദൃശ്യമാവുന്നത്. രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിന്മേലുള്ള ചര്‍ച്ചക്ക് മറുപടി പറയവേ നരേന്ദ്ര മോദി സൂചിപ്പിച്ചതോര്‍ക്കുക. ആ പാര്‍ട്ടി ഇന്നെവിടെയുണ്ട് എന്ന് ചോദിച്ചുകൊണ്ട്, രാജ്യത്തിന്റെ ഒരു ചെറിയ മൂലയിലേക്ക് ഒതുക്കപ്പെട്ടല്ലോ എന്നും വ്യക്തമാക്കി. കേരളത്തില്‍ മാത്രമായി അതൊതുങ്ങി എന്നത് ഓര്‍മ്മിപ്പിച്ചതാണ്. ഇവിടെയാണ് അവരുടെ ശക്തി ചോര്‍ച്ച വിലയിരുത്തേണ്ടത്. വോട്ടിന്റെ കണക്കെടുത്താല്‍, മാര്‍ക്സിസ്റ്റ് പാര്‍ട്ടി 2019 ല്‍ എത്തിനിന്നത് കഴിഞ്ഞ നാലു പതിറ്റാണ്ടിലെ ഏറ്റവും ദയനീയ അവസ്ഥയിലാണ്.
1980ലെ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രത്യേകത എന്താണ് എന്നത് നോക്കുക. 1977 ല്‍ അടിയന്തരാവസ്ഥക്കെതിരെ നടന്ന പോരാട്ടത്തിനൊടുവില്‍ കേന്ദ്രത്തില്‍ ജനത സര്‍ക്കാര്‍ അധികാരത്തിലേറിയല്ലോ. അന്ന് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎം ജനതാപാര്‍ട്ടിക്കൊപ്പമാണ് മത്സരിച്ചത്, കേരളത്തില്‍ പോലും. ആര്‍എസ്എസുകാരും സിപിഎമ്മുകാരുമൊക്കെ കൈകോര്‍ത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയ നാളുകളായിരുന്നു അത്. ജനത സര്‍ക്കാരിന്റെ പതനത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പാണ് 1980ലേത്. എന്നിട്ടുമവര്‍ക്ക് അന്ന് 6.24 ശതമാനം വോട്ടുകിട്ടി; 1.23 കോടി വോട്ടും. 39 വര്‍ഷം കഴിഞ്ഞ്, 2019ല്‍, അവര്‍ക്ക് കരഗതമായത് വെറും മൂന്ന് സീറ്റുകള്‍; അതില്‍ രണ്ടെണ്ണം തമിഴ്നാട്ടില്‍ നിന്ന് ഡിഎംകെ-മുസ്ലിം ലീഗ്-കോണ്‍ഗ്രസ് കൂട്ടുകെട്ടിന്റെ ഔദാര്യമെന്ന നിലയ്ക്കും. ഇനി വോട്ടിങ് ശതമാനം കൂടി നോക്കാം. 2009ല്‍ നിന്ന് 2019ലെത്തിയപ്പോള്‍ അവരുടെ ജനപിന്തുണ മൂന്നിലൊന്നിലേറെയായി ചുരുങ്ങി. പത്തുവര്‍ഷം കൊണ്ട് ഒരു ദേശീയ കക്ഷിയും ഇത്രമാത്രം ദുര്‍ബ്ബലമായിട്ടുണ്ടാവില്ല. നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു എന്നര്‍ത്ഥം. ഇപ്പോഴവര്‍ ദേശീയകക്ഷി എന്ന നിലയില്‍ തുടരുന്നത് അക്ഷരാര്‍ഥത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദാര്യം കൊണ്ടാണ്.
ഇനി കേരളത്തിലേക്ക് നോക്കൂ; സംസ്ഥാനം ഇന്നിപ്പോള്‍ വലിയ പ്രതിസന്ധിയിലല്ലേ. കടക്കെണിയില്‍ അകപ്പെട്ടു എന്നുതന്നെ പറയണം. നേരത്തെ പ്രതിസന്ധികളുണ്ടായിരുന്നു; വരവിനേക്കാള്‍ ചെലവ്, കെടുകാര്യസ്ഥത, അഴിമതി ഒക്കെയും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തോമസ് ഐസക്ക് അതിനെ പരമോന്നതിയിലെത്തിച്ചു. കടം വാങ്ങാന്‍ വേണ്ടി മാത്രം നിലകൊണ്ടിരുന്ന ധനമന്ത്രിയായി ഐസക്ക് വിശേഷിക്കപ്പെട്ടു. ഇനി ജിഎസ്ടി കൊമ്പന്‍സേഷന്‍ കൂടി അവസാനിക്കുമ്പോള്‍ കേരളം എവിടേയ്ക്കെത്തുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇവിടെ നിക്ഷേപിക്കാന്‍ ആരും തയ്യാറല്ല; ഭയപ്പാടോടെ പലരും നാടുവിടുന്നു. പരമ്പരാഗത വ്യവസായങ്ങള്‍ അന്യസംസ്ഥാനങ്ങളിലേക്ക് കടന്നു. വാളയാര്‍ ചുരം കടന്ന് ഒരാളും വരുന്നുമില്ല. ആ യാഥാര്‍ഥ്യവും സിപിഎമ്മിനെ തുറിച്ചു നോക്കുന്നുണ്ട്, തീര്‍ച്ച. മറ്റെല്ലാ സംസ്ഥാനങ്ങളും ജിഎസ്ടിയുടെ കാര്യത്തില്‍ വലിയ മുന്നേറ്റമാണ് നടത്തിയതെന്നോര്‍ക്കുമ്പോഴാണ് വസ്തുതകള്‍ ബോധ്യപ്പെടുക.
എന്നാല്‍ ഇത്തരത്തില്‍ നയം മാറിയതുകൊണ്ടെന്ത് കാര്യം? പുറത്തല്ല മാറ്റം വേണ്ടത്, ഉള്ളിലാണ്. അത് സ്വന്തം പാര്ട്ടിക്കാര് അംഗീകരിക്കുമോ, സംശയമാണ്. അതാണ് കേരളത്തില്‍ നാം കണ്ടത്. ഇന്നും സിഐടിയുക്കാര്‍ക്ക് വേണ്ടി നിലകൊണ്ട് വ്യവസായ- വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കുന്നതും സംരംഭകര്‍ സഹികെട്ട് ആത്മഹത്യ ചെയ്യുന്നതും ഇവിടെ പുതിയ കാര്യമല്ലല്ലോ. സാമ്പത്തിക നയത്തില്‍ അവരുടെ സംഭാവന ഇത്രമാത്രം. കൊച്ചു കേരളത്തിനപ്പുറം അതിന് പ്രാധാന്യമില്ലല്ലോ. അട്ടപ്പാടിയിലെ വനവാസികളുടെ ക്ഷേമത്തിനായി നീക്കിവച്ച പണം പാര്‍ട്ടി സംരംഭത്തിന് കൈമാറിയതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ വേറെയും.
മറ്റൊന്ന് സിപിഎമ്മിന്റെ ജിഹാദി താത്പര്യങ്ങളാണ്. തെക്കന്‍ കേരളത്തിലെ ഒരു മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ നിയോഗിച്ചത് പോപ്പുലര്‍ ഫ്രണ്ട് ബന്ധം കൊണ്ടാണ് എന്ന് പരസ്യമായി പറഞ്ഞത് ആ പാര്‍ട്ടിയുടെ തന്നെ നേതാക്കളല്ലേ. കേരളം അത് ഏറെ ചര്‍ച്ച ചെയ്തതുമാണ്. ഇന്നുമവര് പലയിടത്തും ഇത്തരം ജിഹാദി ശക്തികള്‍ക്കൊപ്പമാണ് നിലകൊള്ളുന്നത്. ‘ലവ് ജിഹാദ്’ വിഷയത്തില്‍ പാലാ ബിഷപ്പിനെ ആക്രമിച്ച ജിഹാദികള്‍ക്ക് രാഷ്ട്രീയ കവചമൊരുക്കിയത്, പലയിടത്തും ബിജെപിയെ തോല്പ്പിക്കാനെന്ന പേരില്‍ ജിഹാദി കൂട്ടുകെട്ടുണ്ടാക്കിയത്…
ഏറ്റവുമൊടുവില്‍ മലപ്പുറത്തെ കാവന്നൂരില്‍ യുവതിയെ അമ്മയുടെ മുന്നിലിട്ട് പീഡിപ്പിച്ചത് വരെയുള്ള സംഭവങ്ങള്‍. അവിടെ പ്രതിസ്ഥാനത്തുള്ളത് മതന്യൂനപക്ഷക്കാരനായതു കൊണ്ടും പീഡിപ്പിക്കപ്പെട്ടത് ഭൂരിപക്ഷ മതത്തില്‍പ്പെട്ട ആളും ആയതുകൊണ്ടുമല്ലേ നടപടി എടുക്കാത്തത്? ഇത്തരം ക്രൂരതയുടെ നടുവിലും മതം മാനദണ്ഡമാവുമ്പോള്‍ ലജ്ജിച്ചുപോവില്ലേ കേരളത്തെയോര്‍ത്ത്? വാളയാറും മറ്റും ഇപ്പോഴും നമ്മെ തുറിച്ചുനോക്കുന്നുമുണ്ടല്ലോ. സാമ്പത്തിക നയങ്ങള്‍ മാത്രമല്ല ദേശവിരുദ്ധ നിലപാടുകളിലും ജിഹാദി താല്‍പ്പര്യങ്ങളിലും സിപിഎം മാറ്റം വരുത്തുമോ എന്നാണ് അറിയേണ്ടത്. അതില്ലാതെ കേരളത്തിലെപ്പോലെ ഇന്ത്യന്‍ രാഷ്ട്രീയത്തിലും ഇവര്‍ക്ക് ഒരു ചുവടും മുന്നോട്ടുപോകാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: