കൊല്ലം: മൂന്നുമാസത്തെ തപസ്യയ്ക്കൊടുവില്‍ ശിവനിലൂടെ ദേവീരൂപം പൂര്‍ണ്ണതയിലേക്ക്. ദേവിയെ വര്‍ണ്ണിക്കുന്ന ശ്ലോകത്തിലൂടെ വ്രതശുദ്ധിയിലും കഠിനപ്രയത്നത്താലും കരുനാഗപ്പള്ളിക്കാരനായ ശിവന് ദേവിയുടെ ചിത്രം പൂര്‍ത്തിയാക്കി.
7 അടി നീളത്തിലും 7 അടി വീതിയിലും ഇറക്കുമതി ചെയ്യപ്പെട്ട ക്യാന്‍വാസിലാണ് ചിത്രം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഫ്രെയിമുകള്‍ ബാംഗ്ലൂരില്‍നിന്നും എത്തിച്ചു. തലമുറകളോളം യാതൊരു കേടുപാടുകളുമില്ലാതെ സൂക്ഷിക്കാവുന്ന ഈ ചിത്രം ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ദക്ഷിണനല്‍കി വാങ്ങി ഇഷ്ട ദേവീക്ഷേത്രത്തില്‍ സമര്‍പ്പിക്കുമെന്ന പ്രതീക്ഷയിലാണ് ശിവന്.
2020ല്‍ ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്ന ശിവന് പല്ലും നാവും സംസാരശേഷിയും നഷ്ടപ്പെടുകയും ഉണ്ടായിരുന്ന ബിസിനസ് തുടര്‍ന്ന് നടത്താന്‍ കഴിയാത്ത അവസ്ഥയുമായി. മാവേലിക്കര ഗവ. രവിവര്‍മ്മ കോളേജ് ഓഫ് ഫൈനാര്‍ട്സിലെ കലാപഠനശേഷം ജീവിതമാര്‍ഗ്ഗമായി തുടങ്ങിയ ബിസിനസ്സിനൊപ്പം കലയെയും ചേര്‍ത്തുപിടിച്ച ശിവനെത്തേടി രണ്ടുതവണ അക്കാദമി അവാര്‍ഡുകളുമെത്തി.
ഭാരതത്തിലെ പ്രമുഖ നഗരങ്ങളില്‍ ഏകാംഗ പ്രദര്‍ശനങ്ങള്‍ നടത്തിയും നിരവധി ക്യാമ്പുകളില്‍ പങ്കെടുത്തും കലാസപര്യ തുടര്‍ന്നു. പക്ഷേ ഇപ്പോഴാണ് ചിത്രകലയെ ജീവിതമാര്‍ഗ്ഗമായി കാണേണ്ട അവസ്ഥയിലേക്കെത്തിയത്. കരുനാഗപ്പള്ളി ലാലാജി ജംഗ്ഷന് പടിഞ്ഞാറുവശം സ്ഥിരം ഗാലറിയില്‍ ഓയില്‍, വാട്ടര്‍കളര്‍, അക്രിലിക് മാധ്യമങ്ങളില്‍ നിരവധി ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അടുത്തമാസം എറണാകുളം ലേക്ഷോര് ഹോസ്പിറ്റലില്‍ ശിവന്റെ ഏകാംഗ ചിത്രപ്രദര്‍ശനം നടക്കും. 9388300091.
പ്രതികരിക്കാൻ ഇവിടെ എഴുതുക: