തൃശ്ശൂര്‍: റഷ്യന്‍ പോര് വിമാനത്തില്‍ നിന്ന് തുരുതുരാ വീഴുന്ന ബോംബുകള്‍, 45 കിലോമീറ്ററുകള്‍ താണ്ടി പോളണ്ട് അതിര്‍ത്തിയിലെത്തിയതിന്റെ യാതന, ഉക്രൈന് പട്ടാളക്കാരുടെ മര്‍ദ്ദനം, ഇതിനിടയില്‍ ഊര്‍ജ്ജം പകര്‍ന്നും ആശ്വാസം നല്‍കിയും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍. ഉക്രൈന് യുദ്ധഭൂമിയില്‍ നിന്ന് ഞായറാഴ്ച്ച രാത്രി വീടണഞ്ഞ വടക്കാഞ്ചേരി മച്ചാട് കരുമത്ര സ്വദേശി വിഷ്ണു പ്രസാദിന് നാട്ടിലേക്കുള്ള രക്ഷപ്പെടലില്‍ ഉണ്ടായ അനുഭവങ്ങള്‍ ഏറെയാണ്.
ഹോട്ടല്‍ മാനേജ്മെന്റ് പഠനത്തിന് ഒപ്പം ജോലിയുമായി ഉക്രൈനില്‍ എത്തിയ വിഷ്ണു യുദ്ധം പൊട്ടിപുറപ്പെട്ടതോടെയാണ് കൂട്ടുകാരുമൊത്ത് നാട്ടിലേക്ക് തിരിച്ചത്. ബസുകളിലും നടന്നുമായി പോളണ്ട് അതിര്‍ത്തി ലക്ഷ്യമാക്കി യാത്ര. ഇതിനിടെ ബോക്സാന റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്ത് നില്‍ക്കെയാണ് റഷ്യന്‍ പോര് വിമാനത്തില്‍ നിന്ന് ബോംബ് വര്‍ഷം കണ്ടത്. ഓരോ കെട്ടിടങ്ങള്‍ക്ക് മുകളിലും ബോംബ് വര്‍ഷിച്ച് റഷ്യന്‍ വിമാനം കുതിച്ചുവരുന്നു, എകദേശം 200 മീറ്റര്‍ അകലെ വരെ എത്തിയതോടെ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്ന നൂറുക്കണക്കിന് പേര് പ്രാണരക്ഷാര്‍ത്ഥം എങ്ങോട്ടെന്നില്ലാതെ ഓടി, ഒപ്പം താനും. വിഷ്ണു പറഞ്ഞുനിര്‍ത്തി. പലയിടത്തും തട്ടിത്തടഞ്ഞു വീണു. എന്നാല്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് ആക്രമണം നടത്താതെ റഷ്യന്‍ വിമാനം തിരിച്ച് പോയപ്പോഴാണ് ശ്വാസം നേരെ വീണത്. വീണ്ടും റെയില്‍വേ സ്റ്റേഷനില്‍ എത്തി. എന്നാല്‍ അവിടെ നിന്ന് ട്രെയിന്‍ ലഭിച്ചത് ഒരു ദിവസം കഴിഞ്ഞ് മാത്രമാണ്. അത്രയ്ക്ക് തിക്കുംതിരക്കുമായിരുന്നു ട്രെയിനുകളില്‍.
ഒരു വിധത്തില്‍ ട്രെയിന്‍ കിട്ടി യാത്ര തുടര്‍ന്നു. ഇതിനിടയില്‍ എംബസിക്കാരുടെ വിളി ആശ്വാസം പകര്‍ന്നു. എംബസിക്കാരെ സഹായിക്കുന്നതിന് അവിടെ ഉണ്ടായിരുന്ന മലയാളി വനിത നല്കിയ ധൈര്യം ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് വിഷ്ണു കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ബസ് യാത്രക്കിടെ ഉക്രൈന് തിരിച്ചറിയില്‍ കാര്‍ഡ്, മറ്റ് രേഖകള്‍, 20,000 ത്തോളം രൂപ എന്നിവ അടങ്ങുന്ന വിഷ്ണുവിന്റെ പേഴ്സ് പോക്കറ്റടിക്കപ്പെട്ടു. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ. യാത്രകളും ഭക്ഷണവുമെല്ലാം സൗജന്യമായിരുന്നത് ആശ്വാസമായി. അതിര്‍ത്തിയില്‍ എത്തി അഞ്ച് ദിവസത്തിന് ശേഷമാണ് പോളണ്ടിലേക്ക് കടക്കാന്‍ സാധിച്ചത്. ഉക്രൈന് സ്വദേശികളെ മാത്രമാണ് അവര്‍ അതിര്‍ത്തി കടത്തിവിട്ടിരുന്നത്. ഇതിനിടെ വിദേശികള്‍ എല്ലാവരും കൂടി ഇതിനെതിരെ രംഗത്ത് വന്നപ്പോള്‍ അവര്‍ ആകാശത്തേക്ക് വെടിവച്ചും വാഹനങ്ങള്‍ ജനക്കൂട്ടത്തിന് നേരെ അതിവേഗത്തില്‍ ഓടിച്ചു വന്നും ഭീതി സൃഷ്ടിച്ചു. പലരെയും അവര്‍ മര്‍ദ്ദിച്ചു. തനിക്കും കിട്ടി മര്‍ദ്ദനം. ഇപ്പോഴും ആ വേദന മാറിയിട്ടില്ല. 45 കിലോമീറ്റര്‍ നടന്നാണ് പോളണ്ട് അതിര്‍ത്തിയിലേക്ക് എത്തിയത്.
ഇതിനിടെ പലരുടെയും കാലുകള്‍ നീരു വന്ന് നിറഞ്ഞ് നടക്കാന്‍ സാധിക്കാത്ത സ്ഥിതിയായി. ഇത് ഇന്ത്യന്‍ എംബസിക്കാരരെ അറിയിച്ചപ്പോള്‍ ഭയപ്പെടേണ്ടന്നും ആംബുലന്‍സില്‍ പോളണ്ടിലേക്ക് എത്തിക്കാമെന്നും ഉറപ്പ് നല്കി. അവര്‍ ആംബുലന്‍സ് അയക്കുകയും ചെയ്തു. ഇതിനിടെ അതിര്‍ത്തി കടക്കല്‍ സുഗമമായതോടെ ബസില്‍ ഇന്ത്യന്‍ എംബസിക്കടുത്ത് എത്തി. യുദ്ധം പൊട്ടിപുറപ്പെടുന്നതിന് എതാനും ദിവസം മുമ്പ് പോളണ്ട് വിസക്കായി വിഷ്ണു തന്റെ പാസ്പോര്‍ട്ട് പോളണ്ട് എംബസിക്ക് നല്കിയതിനാല് കൈയില്‍ പാസ്പോര്‍ട്ടും ഉണ്ടായിരുന്നില്ല. എന്നല്‍ ഉടന്‍ ഇന്ത്യന്‍ എംബസി താത്ക്കാലിക പാസ്പോര്‍ട്ട് അനുവദിച്ച് മടക്കയാത്രക്കുള്ള സൗകര്യം ഒരുക്കി. തന്റെ ഒപ്പം ഉണ്ടായിരുന്ന മൂന്നു പേര് നേരത്തെ തന്നെ പോളണ്ട് വിസ തരപ്പെടുത്തിയിരുന്നതിനാല്‍ അവര്‍ അവിടെ തങ്ങിയെന്ന് വിഷ്ണു പറഞ്ഞു.
ശനിയാഴ്ച്ച രാവിലെ 11 മണിയോടെയാണ് വിഷ്ണു ദല്‍ഹിയില്‍ എത്തിയിത്. അവിടെ കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലാണ് തങ്ങളെ സ്വീകരിച്ചതെന്ന് വിഷ്ണു പറഞ്ഞു. ഞായറാഴ്ച്ച വൈകീട്ട് മൂന്നു മണിക്കാണ് നെടുമ്പാശേരിയിലേക്കുള്ള വിമാനം കിട്ടിയത്. അതുവരെ കേരളഹൗസില്‍ തങ്ങി. രാത്രി പത്തരയോടെ വീട്ടിലെത്തി. വീട്ടുകാരോടൊന്നും തന്റെ യാതനകള്‍ വിഷ്ണു അറിയിച്ചിരുന്നില്ല. ഓട്ടോ ഡ്രൈവറായ കരുമത്ര തടത്തില്‍ മോഹനന്റെയും അനിതയുടെയും മകനാണ് വിഷ്ണു. ഒരു വര്‍ഷം മുന്‍പാണ് ഉക്രൈനിലേക്ക് പോയത്. നാട്ടിലെത്തിയ വിഷ്ണുവിനെ സ്വീകരിക്കാന്‍ ഗ്രാമപഞ്ചായത്തംഗം ഐശ്വര്യ ഉണ്ണി, മുന്‍ പഞ്ചായത്തംഗം രാജീവന് തടത്തില്‍ എന്നിവരും എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: