അമ്പലപ്പുഴ: സ്വന്തം ജീവ രക്തം മറ്റുള്ളവരുടെ ജീവന് നിലനിര്‍ത്തുന്നതിനായി നല്‍കുന്നത് ജീവിതചര്യയാക്കിയ വീട്ടമ്മ വനിതാ ദിനത്തില്‍ വേറിട്ടു നില്ക്കുന്നു. അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡ് വണ്ടാനം കിഴക്ക് ചെമ്പാലത്തറ വീട്ടില്‍ മണിയുടെ ഭാര്യ സരിത (39) യുടെ രക്തം കൊണ്ട് ഇന്നും നിരവധി പേരാണ് ജീവിതതത്തിലേക്ക് മടങ്ങി വന്നത്. പിതാവ് കൃഷ്ണന് കുട്ടി ക്യാന്‍സര്‍ ബാധിതനായി വിട പറഞ്ഞതോടെയാണ് ജീവരക്തത്തിന്റെ വിലയും പ്രാധാന്യവും സരിത തിരിച്ചറിഞ്ഞത്.
രക്തം ലഭിക്കാത്തതിന്റെ പേരില്‍ ഇനിയാരും മരണത്തിന് കീഴടങ്ങരുതെന്ന ദൃഢനിശ്ചയമാണ് സരിതയെ ഈ രംഗത്തേക്ക് തിരിച്ചത്. എറണാകുളത്തെ സ്വകാര്യ സ്കൂളിലെ സ്വിമ്മിംഗ് ഫിസിക്കല്‍ ട്രെയിനറായിരുന്ന സരിത കഴിഞ്ഞ 20 വര്‍ഷത്തിനിടെ 46 തവണയാണ് തന്റെ ബി പോസിറ്റീവ് രക്തം മറ്റുള്ളവരുടെ ജീവനായി നല്‍കിയത്. നേരത്തെ എറണാകുളത്തെ നിരവധി സ്വകാര്യ ആശുപത്രികളില്‍ രക്തം നല്‍കിയിട്ടുണ്ട്.ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രി ബ്ലഡ് ബാങ്ക് കേന്ദ്രീകരിച്ചാണ് സരിത രക്തം നല്‍കുന്നത്.ഇപ്പോഴും ആര്‍ക്കും രക്തം അത്യാവശ്യമായി വരുമ്പോള്‍ ബ്ലഡ് ബാങ്ക് അധികൃതര്‍ അറിയിക്കുമ്പോള്‍ പീപ്പിള്‍ ബ്ലഡ് ഡൊണേറ്റ് ആര്‍മിയുടെ സജീവ പ്രവര്‍ത്തക കൂടിയായ സരിത നിമിഷ നേരം കൊണ്ടാണ് രക്തം എത്തിക്കുക.
ഭര്‍ത്താവ് മണിയും മക്കളായ സോബിനും സോജിനും സരിതയുടെ പാത പിന്തുടര്ന്ന് രക്ത ദാന മേഖലയില്‍ സജീവമാണ്. മാതാവ് സരളമ്മയുടെ മരണശേഷം കണ്ണുകള്‍ ദാനം ചെയ്യാന്‍ മുന്‍കൈയെടുത്തതും സരിതയായിരുന്നു. തന്റെ മരണശേഷവും മറ്റുള്ളവരിലൂടെ ജീവിക്കാനായി അവയവ ദാനം ചെയ്യണമെന്ന ആഗ്രഹം കൂടി സരിത പങ്കുവെക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: