മോസ്‌കോ: പാശ്ചാത്യരാഷ്‌ട്രങ്ങളും അവരുടെ മാധ്യമശൃംഖലകളും ചേര്‍ന്ന് റഷ്യന്‍ പ്രസിഡന്‍റ് പുടിനെ അന്താരാഷ്‌ട്ര യുദ്ധഭീകരനായി ചിത്രീകരിക്കുകയാണ്. അതേ വിദേശമാധ്യമശൃംഖലകള്‍ ഉക്രൈന്‍ നേതൃത്വത്തിനും പ്രസിഡന്‍റ് സെലന്‍സ്‌കിയ്‌ക്കും മീതെ പ്രശംസ വാരിക്കോരി ചൊരിയുകയാണ്.
മോസ്‌കോയും നാറ്റോയും തമ്മിലുള്ള അതിതീവ്ര ഏറ്റുമുട്ടുലിനിടയിലാണ് റഷ്യ ഉക്രൈനെ ആക്രമിക്കുന്നത്. നാറ്റോ കിഴക്കന്‍ യൂറോപ്പില്‍ ഉക്രൈനെക്കൂടി ചേര്‍ത്ത് അവരുടെ സാമ്രാജ്യം വിപുലീകരിക്കും എന്ന ഭീഷണിയായിരുന്നു റഷ്യയെ യുദ്ധത്തിന് പ്രേരിപ്പിച്ചത്. അതേ സമയം ഉക്രൈനിലെ റഷ്യന്‍ വംശജര്‍ അനുഭവിച്ചുവന്നിരുന്ന പീഢനങ്ങളെക്കുറിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ നിശ്ശബ്ദത പുലര്‍ത്തുകയാണെന്ന് റഷ്യ ആരോപിക്കുന്നു.
‘യുദ്ധം നാസിപ്രവണതകള്‍ ഇല്ലായ്മ ചെയ്യാന്‍’
ഉക്രൈനിലെ നാസി പ്രശ്‌നത്തെ ഇല്ലായ്മ ചെയ്യാനാണ് ആക്രമണമെന്ന് യുദ്ധം തുടങ്ങുമ്പോള്‍ പുടിന്‍ പ്രസ്താവിച്ചിരുന്നു. കുറച്ചുവര്‍ഷങ്ങളായി നവ നാസിസം എന്ന ചിന്താഗതി ഉക്രൈന്‍ മനസാക്ഷിയില്‍ രൂഢമൂലമാവാന്‍ തുടങ്ങിയിരുന്നു. ഇതിന് ഉക്രൈന്‍ സര്‍ക്കാരിന്റെ പ്രോത്സാഹനവും കിട്ടി. ഇത് സ്വാഭാവികമായും റഷ്യയില്‍ ആശങ്കയുണ്ടാക്കി. യുദ്ധം തുടങ്ങിയ ദിവസത്തെ പുടിന്റെ പ്രസംഗത്തില്‍ പറഞ്ഞ ഒരു വാചകം ശ്രദ്ധേയമാണ്: ‘ഈ യുദ്ധം നാസിപ്രവണതകള്‍ ഇല്ലായ്മ ചെയ്യാനാണ്’. എന്നാല്‍ യൂറോപ്പും അമേരിക്കയും എല്ലാം ഈ വാചകം കണ്ടില്ലെന്ന് നടിച്ചു. ‘ഉക്രൈന്റെ സൈനികശക്തിയെ ഇല്ലായ്മ ചെയ്യാനും കൂടിയാണ് ഈ യുദ്ധം. റഷ്യക്കാര്‍ ഉള്‍പ്പെടെ സമാധാനപ്രിയരായ ജനങ്ങള്‍ക്ക് നേരെ ഈ സര്‍ക്കാര്‍ നിരവധി രക്തരൂക്ഷിതമായ കുറ്റകൃത്യങ്ങള്‍ ചെയ്തു. ‘- പുടിന്‍ തന്റെ പ്രസംഗത്തില്‍ യുദ്ധത്തിന്റെ കാരണം വിശദീകരിക്കുന്നു.
എന്നാല്‍ ഉക്രൈന്റെ കൈകഴുകാനുള്ള ശ്രമത്തിന്റെ ഭാഗമായി പാശ്ചാത്യ രാജ്യങ്ങളും അവരുടെ മാധ്യമശൃംഖലകളും ഈ യാഥാര്‍ത്ഥ്യം മറച്ചുപിടിച്ചു. ഈ റഷ്യന്‍ ആശങ്കകള്‍ അവര്‍ ഒളിച്ചുവെക്കാന്‍ നോക്കി. പകരം പുടിനുമേല്‍ എല്ലാ കുറ്റങ്ങളും ചാര്‍ത്തിക്കൊടുത്തു. ചരിത്രപരമായ തെറ്റുകളെ തിരുത്താനുള്ള ആഗ്രഹമാണ് പുടിനെ നയിക്കുന്നതെന്ന് അവര്‍ പറഞ്ഞുപ്രചരിപ്പിച്ചു.
നവനാസിസംഘടന, അസൊവ് പ്രസ്ഥാനം
പാശ്ചാത്യരാഷ്‌ട്രങ്ങള്‍ അടിച്ചേല്‍പിച്ച ചരിത്രപരമായ തെറ്റുകള്‍ തിരുത്തുക എന്നതില്‍ പ്രത്യേക താല്‍പര്യം പുടിനുണ്ട് എന്നത് നേരാണ്. എന്നാല്‍ ഇത് പ്രശ്‌നത്തിന്റെ ഒരു വശം മാത്രമാണ്. അപ്പോഴും ഉക്രൈനില്‍ വേരാഴ്‌ത്തുന്ന നവനാസിസപ്രവണതകളെക്കുറിച്ച് ആരും മിണ്ടുന്നേയില്ല. നവനാസികള്‍ അവരുടെ അജണ്ടകള്‍ നടപ്പാക്കാന്‍ ചില ഘട്ടത്തില്‍ ഭീഷണിപ്പെടുത്തലും മറ്റു ചില ഘട്ടങ്ങളില്‍ അക്രമവും നടത്തുകയാണ്. അതും ഉക്രൈന്‍ സര്‍ക്കാരിന്റെ ആശീര്‍വ്വാദത്തോടെ.
അത്തരത്തിലുള്ള അനേകം നവനാസിസംഘടനകളില്‍ ഒന്നാണ് അസൊവ് പ്രസ്ഥാനം. ഏകദേശം 30ഓളം നവനാസി ഗ്രൂപ്പുകള്‍ ഉക്രൈനിലുണ്ട്. ഇതില്‍ പ്രബലരായ ഒരു ഗ്രൂപ്പാണ് അസൊവ് പോരാളികള്‍. റഷ്യക്കാരെ തെരഞ്ഞുപിടിച്ച് കൊന്നുകളയുന്നവരാണ് അസൊവ് പോരാളികള്‍. ഇതിന് ഇവര്‍ക്ക് യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും നല്ല രീതിയില്‍ ധനസഹായവും ലഭിക്കുന്നതായി പറയുന്നു. റഷ്യന്‍ അനുകൂല സംഘടനകളെയും പ്രവര്‍ത്തകരെയും ഉന്‍മൂലനം ചെയ്യുന്നതില്‍ മുഴുകുന്നവരാണ് നവനാസി സംഘങ്ങള്‍. റസ്സോ ഫോബിയ (അഥവാ റഷ്യയോടും റഷ്യക്കാരോടും ഉള്ള ഭീതി) അതാണ് നവനാസികള്‍ ഉക്രൈന്‍കാരില്‍ വളര്‍ത്തുന്നത്.
പന്നിമാംസത്തില്‍ മുക്കിയ വെടിയുണ്ട
യുദ്ധമുഖത്ത് അതിക്രൂരമായ തന്ത്രങ്ങള്‍ പയറ്റുന്നവരാണ് അസൊവ് പോരാളികള്‍. കഴിഞ്ഞ ദിവസം പുടിന്‍ ഉക്രൈനിലേക്ക് പറഞ്ഞയച്ച ചെചെന്‍ തീവ്രവാദികളെ പന്നിമാംസത്തില്‍ മുക്കിയ വെടിയുണ്ട കൊണ്ട് നേരിട്ടവരാണ് അസൊവ് ഗ്രൂപ്പുകള്‍. ചെചന്‍ പടയാളികള്‍ മുസ്ലിങ്ങളാണ്. അവര്‍ക്ക് ഹറാമായ പന്നിക്കൊഴുപ്പ് വെടിയുണ്ടയില്‍ ഉപയോഗിക്കുമ്പോള്‍ അവര്‍ യുദ്ധമുഖത്ത് നിന്നും ഓടിപ്പൊയ്‌ക്കൊള്ളും എന്നാണ് അസൊവ് പോരാളികള്‍ വിശ്വസിക്കുന്നത്. ഇപ്പോള്‍ ഉക്രൈന്റെ നാഷണല്‍ ഗാര്‍ഡ് എന്ന സൈന്യത്തിന്റെ ഭാഗമാണ് നവനാസി സംഘമായ അസൊവ്ബറ്റാലിയന്‍. 2014ല്‍ ആണ് സ്വയം സന്നദ്ധസേവന സംഘമായി അസൊവ് ബറ്റാലിയന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നാസി വിശ്വാസങ്ങളില്‍ നിന്നാണ് ഇവര്‍ പ്രചോദനം നേടുന്നത്. ഹിറ്റ്‌ലറുടെ കാലത്ത് നാസികള്‍ ധരിച്ച പല പ്രതീകങ്ങളും ഇവരും ധരിയ്‌ക്കുന്നുണ്ട്. ആന്‍ഡ്രി ബിലെറ്റ്‌സ്‌കിയാണ് ഈ ഗ്രൂപ്പിന്റെ നേതാവ്. തങ്ങളുടെ നിലനില്‍പിന് വേണ്ടിയുള്ള അന്തിമപോരാട്ടത്തില്‍ ലോകത്തിലെ വെളുത്ത വംശജരെ മുന്നോട്ട് നയിക്കുന്നവരാണ് അസൊവ് ബറ്റാലിയന്‍.:’നാസികളുടെ ചിഹ്നങ്ങളായ വുള്‍ഫ്‌സേഞ്ചലും സൊന്നെന്‍ റാഡും ആണ് നവനാസികള്‍ അണിയുന്ന രണ്ട് ചിഹന്ങ്ങള്‍.
നാസി വിശ്വാസസംഹിതകള്‍ വീണ്ടും ശക്തമാവുമ്പോള്‍
ഇത്തരത്തിലുള്ള അസൊവ് ബറ്റാലിയനുകളും മറ്റ് നവനാസികളും ലോകത്തിലെ ജനാധിപത്യത്തിന് ഭീഷണിയാണ്. സ്വയം ഉന്നതകുലജാതര്‍ എന്നാണ് നവനാസികള്‍ സ്വയം കരുതുന്നത്. വെളുത്ത വംശജരുടെ ഒരു ലോകം സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമം. ഉക്രൈനില്‍ കാപ്പിനിറമുള്ള ഇന്ത്യക്കാരെ ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ അത് ഈ നവനാസികള്‍ തന്നെയാണ്. ലോകത്തിലെ മറ്റെല്ലാം രണ്ടാംകിട എന്ന ഇവരുടെ വിശ്വാസം അസഹിഷ്ണത തന്നെയാണ്. ഉക്രൈനിലെ ഈ നവനാസി പ്രവണതകളെ മറച്ചുവെച്ച പാശ്ചാത്യകപടനാട്യത്തിനെതിരായിരുന്നു പുടിന്റെ യുദ്ധം. ഉക്രൈനിലെ റഷ്യന്‍ ആക്രമണം അപലപിക്കപ്പെടേണ്ടതുതന്നെ. എട്ട് ദശകങ്ങള്‍ക്ക് മുന്‍പ് ലോകത്തെ ഒരു ലോകമഹായുദ്ധത്തിലേക്ക് നയിച്ച നാസി വിശ്വാസസംഹിതകള്‍ വീണ്ടും ശക്തമാവുമ്പോള്‍ അതിനെ ഇല്ലാതാക്കേണ്ടതും കാലത്തിന്റെ ആവശ്യമല്ലേ? അതല്ലേ പുടിനും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: