Categories: India

ഇരയല്ല, അതിജീവിത; ജീവിതത്തെ കീഴ്‌മേല്‍ മറിച്ച സംഭവങ്ങളാണ് ഉണ്ടായത്, എന്റെ മാന്യത തിരിച്ചുകിട്ടണം, അന്തിമഫലം കാണും വരെ പോരാട്ടം തുടരുമെന്ന് ഭാവന

Published by

ബെംഗളൂരു : അഞ്ച് വര്‍ഷത്തെ യാത്ര ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. ഇരയില്‍ നിന്നും അതിജീവനത്തിലേക്കായിരുന്നു യാത്രയെന്ന് നടി ഭാവന. വനിതാ ദിനവുമായി ബന്ധപ്പെട്ട് ‘വി ദ വിമെന്‍ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന ‘ഗ്ലോബല്‍ ടൗണ്‍ ഹാള്‍’ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഭാവന ഇക്കാര്യം അറിയിച്ചത്. ലൈംഗിക അതിക്രമത്തെ കുറിച്ച് ആദ്യമായാണ് ഭാവന തുറന്നുപറച്ചില്‍ നടത്തുന്നത്.  

കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കേസിന്റെ വിശദാംശം പറയുന്നില്ല. സംഭവത്തില്‍ തനിക്കെതിരെയുണ്ടായ നെഗറ്റീവ് പ്രചാരണം തന്നെ വേദനിപ്പിച്ചു. ചിലര്‍ കുറ്റപ്പെടുത്തി വ്യക്തിപരമായി തകര്‍ന്നുപോകുന്ന അവസരങ്ങള്‍ നിരവധി തവണയുണ്ടായിട്ടുണ്ട്. തനിക്ക് മതിയായി എന്ന് ഒരു ഘട്ടത്തില്‍ സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ടെന്നും നടി അറിയിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിന്റെ ചോദ്യങ്ങള്‍ക്കാണ് ഭാവന മറുപടി പറഞ്ഞത്.

തന്റെ ജീവിതത്തെ കീഴ്‌മേല്‍ മറിച്ച സംഭവങ്ങളാണ് അന്ന് ഉണ്ടായത്. വളരെ ബുദ്ധിമുട്ടേറിയ യാത്രയിലാണ് താന്‍. തകര്‍ന്നുപോയ സമയങ്ങളില്‍ നിരവധി പേര്‍ പിന്തുണ നല്‍കിയിട്ടുണ്ട്. ഡബ്ല്യുസിസി ധൈര്യം നല്‍കി. എനിക്കൊപ്പം നിന്നവര്‍ക്ക് നന്ദി. താന്‍ ചെയ്തത് ശരിയെന്ന് തെളിയിക്കും വരെ പോരാടും.  

എന്റെ മാന്യത എനിക്ക് തിരിച്ചുകിട്ടണം. വ്യക്തിപരമായി ഇപ്പോഴും ഭയത്തിലാണ്. പക്ഷേ അത് എന്തിനെന്ന് കൃത്യമായ ഉത്തരമില്ല. തൊഴില്‍ നിഷേധിക്കപ്പെട്ട സാഹചര്യം ഉണ്ടായി. എന്നാല്‍ കുറച്ചുപേര്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ അത് വേണ്ടെന്ന് വെക്കുകയായിരന്നു. അന്തിമഫലം കാണും വരെ തന്റെ പോരാട്ടം തുടരുമെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക