തൃശ്ശൂര്‍: തപസ്യ കലാസാഹിത്യ വേദിയുടെ മുന്‍ അധ്യക്ഷന്മാരായ അക്കിത്തം, മാടമ്പ് കുഞ്ഞിക്കുട്ടന്‍, എസ് രമേശന് നായര്‍, തുറവൂര്‍ വിശ്വംഭരന് എന്നിവരുടെ ഛായാചിത്രങ്ങള്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ വെയ്ക്കണമെന്ന തപസ്യ ആവശ്യപ്പെട്ടു. അതിന്റെ ചെലവ് സംഘടന വഹിക്കാമെന്നും നിയുക്ത പ്രസിഡന്റ് കവി കെ. സച്ചിദാനന്ദനെ നേരില്‍ കണ്ട് തപസ്യ ഭാരവാഹികള്‍ അറിയിച്ചു.
തൃശ്ശൂര്‍ വടൂക്കരയിലെ സച്ചിതാന്ദന്റെ വസതിയിലെത്തി തപസ്യ സംസ്ഥാന സെക്രട്ടറി സി.സി. സുരേഷ്, തൃശ്ശൂര്‍ ജില്ലാ അധ്യക്ഷന്‍ ശ്രീജിത്ത് മൂത്തേടത്ത്, സംഘടനാ സെക്രട്ടറി കെ.കെ. ഷാജു എന്നിവര്‍ നിവേദനം നല്കി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ അനുമോദനം എന്നനിലയില്‍ പൊന്നാടയും അണിയിച്ചു .തപസ്യയുമായും സംസ്കാര്‍ ഭാരതിയുമായും തനിക്ക് വ്യക്തിപരമായി നല്ല ബന്ധമാണുള്ളതെന്നും പ്രവര്‍ത്തനങ്ങളോട് അനുഭാവപൂര്‍വ്വം സഹകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഒമ്പതിനാണ് സച്ചിദാനന്ദന് സാഹിത്യ അക്കാദമി പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുന്നത്. തപസ്യ കലാസാഹിത്യവേദിയുടെ കേരളത്തിലെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മഹാകവി അക്കിത്തത്തിന്റെയും മാടമ്പിന്റെയും കാലത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം അന്വേഷിച്ചറിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: