തൃപ്രയാര്‍ (തൃശൂർ): ജനസേവനത്തിന് ലഭിക്കുന്ന പ്രതിഫലം ജനങ്ങള്‍ക്കു തന്നെ തിരികെ നല്‍കുന്ന ജനപ്രതിനിധി. തെരഞ്ഞെടുക്കപ്പെട്ട് ഒരു വര്‍ഷം കഴിയുമ്പോഴും തനിക്ക് ലഭിച്ച ഓണറേറിയമെല്ലാം സമൂഹത്തിലെ ദുര്‍ബല വിഭാഗത്തിന്റെ ക്ഷേമത്തിനായി ചിലവഴിച്ച തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പട്ടലങ്ങാടി ഡിവിഷനിലെ ജനപ്രതിനിധിയായ ഭഗീഷ് പൂരാടനാണ് കര്‍മരംഗത്തെ ഈ വേറിട്ട മുഖം.
ഇതുവരെ 13 ഓണറേറിയം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിക്കഴിഞ്ഞു.
അവശത അനുഭവിക്കുന്നവര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍, സന്നദ്ധ സംഘടനകള്‍, മാറാരോഗം ബാധിച്ചവര്‍, ഹൃദ്രോഗികള്‍ എന്നിവര്‍ക്കാണ് സഹായം നല്‍കിയത്. തളിക്കുളം നമ്പിക്കടവ് സ്വദേശിയായ പൂരാടന്‍ വീട്ടില്‍ ഭഗീഷ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുബോള്‍ തന്നെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമാണ് തന്റെ മുഴുവന്‍ ഓണറേറിയവും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കായി ചെലവഴിക്കുമെന്ന്.
ഓണറേറിയം കൂടാതെ ബ്ലോക്ക് പഞ്ചായത്തംഗം എന്ന നിലയില്‍ കിട്ടുന്ന സിറ്റിങ് ഫീസ് ഉള്‍പ്പെടെ മുഴുവന്‍ തുകയും പൊതുജന സേവനത്തിനാണ് ചെലവഴിക്കുന്നത്.
സ്വയംസേവകനായി പൊതുപ്രവര്‍ത്തനമാരംഭിച്ച ഭഗീഷ് ചെറുപ്പം മുതല്‍ തന്നെ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ഇടപെട്ടിരുന്നു. പിന്നീട് ഉപജീവനത്തിനായി യുഎഇയില്‍ എത്തിയപ്പോള്‍ അവിടെയും ജനസേവനവും പൊതുപ്രവര്‍ത്തനവും തുടര്‍ന്നു. ഗള്‍ഫില്‍ മരിച്ച നിരവധി മലയാളികള്‍ ഉള്‍പ്പെടെയുളള ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നേതൃത്വം നല്‍കി.
കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലാണ് ഭഗീഷ് ആദ്യമായി മത്സരിച്ചത്. സിപിഎം കാലങ്ങളായി കൈവശം വച്ചിരുന്ന പട്ടലങ്ങാടി ബ്ലോക്ക് ഡിവിഷനിലാണ് മത്സരിച്ചത്. എന്നാല്‍ ജനങ്ങള്‍ എല്ലാ രാഷ്‌ട്രീയ വ്യത്യാസവും മറന്ന് ഭഗീഷിനെ പ്രതിനിധിയായി തെരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ ജനകീയത വ്യക്തമാക്കുന്നു.
2018ലെ പ്രളയത്തില്‍ പുളള് ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ വഞ്ചിയില്‍ പോയി രക്ഷാപ്രവര്‍ത്തനത്തിനും ഭഗീഷ് മുന്നിലുണ്ടായിരുന്നു. ശബരിമല പ്രക്ഷോഭത്തിലും സജീവമായിരുന്നു. സന്നിധാനത്തും നിലയ്‌ക്കലും നടന്ന പ്രക്ഷോഭത്തില്‍ രണ്ടാം പ്രതിയായി ജയില്‍ വാസമനുഷ്ഠിച്ചു. ബിജെപി നാട്ടിക നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കൂടിയാണ് 42 കാരനായ ഭഗീഷ് പൂരാടന്‍. ഭാര്യ: ശ്രുതി. മക്കള്‍ ഹരിവര്‍ദ്ധന്‍, ഋതിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: