കണ്ണൂര്‍: ഇന്നലെ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കണ്ണൂരില്‍ നിന്നുളളവരെല്ലാം പിണറായിയുടെ സ്വന്തക്കാര്. പാര്‍ട്ടി നേതാവിന്റെ മകളുടെ പരാതിയില്‍ അച്ചടക്ക നടപടി നേരിട്ട സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശിയാണ് സംസ്ഥാന സമിതിയില്‍ മടങ്ങിയെത്തിയവരില്‍ ഒരാള്‍. ശശിയുടെ സമിതി പ്രവേശം കണ്ണൂരിലെ പാര്‍ട്ടിക്കുളളില്‍ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്.
മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് ശശി. പിജെ ആര്മ്മിയ്ക്കെതിരെ അതിശക്തമായ നിലപാട് എടുത്ത നേതാവാണ് ശശി. ഇതാണ് പിണറായിയുടെ അനുഗ്രഹത്തോടെ ശശിയെ സംസ്ഥാന സമിതിയിലെത്തിച്ചത്. കണ്ണൂരില്‍ ഇതോടെ പിണറായി പക്ഷത്തെ കരുത്തനായ നേതാവായി ശശി മാറുകയാണ്. ലൈംഗീകാരോപണ പരാതിയില്‍ മൂന്ന് വര്‍ഷത്തോളം സസ്പെന്‍ഷനിലായ ശശി പിണറായിയുടെ അനുഗ്രഹാശിസുകളോടെ കഴിഞ്ഞ തവണ തലശ്ശേരി ഏരിയാ കമ്മിറ്റിയിലും ഇത്തവണ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലുമെത്തുകയായിരുന്നു. ഇതൊടൊപ്പം സംസ്ഥാന സമ്മേളനത്തിലെ പ്രത്യേക ക്ഷണിതാവായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ പി. ശശി ഇനി കണ്ണുരിലെ പാര്‍ട്ടിയിലെ ശക്തി കേന്ദ്രമാവും.
സംസ്ഥാന സമിതിയിലെത്തിയ കണ്ണൂരില്‍ നിന്നുളള മറ്റൊരു നേതാവായ കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി വല്സന് പനോളിയും കണ്ണൂരിലെ പിണറായിയുടെ വിശ്വസ്തനാണ്. പി. ജയരാജന് സെക്രട്ടറിയേറ്റില്‍ സ്ഥാനം നല്‍കാത്ത പിണറായി വളരെ തന്ത്രപൂര്‍വ്വമാണ് ജയരാജനെ പ്രതിരോധിക്കാന്‍ പാനോളിയെ പാര്‍ട്ടിയുടെ മുന്‍നിരയിലെത്തിച്ചിരിക്കുന്നതെന്ന് വ്യക്തമാവുകയാണ്. കൂത്തുപറമ്പ് സ്വദേശിയായ വത്സന് പനോളി റെയ്ഡ്കോ ചെയര്മാന് കൂടിയാണ്. പാര്‍ട്ടി കൂത്തുപറമ്പ് ഏരിയാ സെക്രട്ടറിയായിരുന്നു മുമ്പ് വത്സന് പനോളി.
ഒരുകാലത്ത് പി. ജയരാജന്റെ നിഴലുപോലെ നടന്നിരുന്ന നേതാക്കളിലൊരാളായിരുന്നു വത്സന് പനോളി. ജയരാജന് കണ്ണൂര്‍ ജില്ലാസെക്രട്ടറിയായ വേളയിലാണ് പനോളിയും ജില്ലാസെക്രട്ടറിയേറ്റിലെത്തുന്നതും കര്‍ഷക സംഘത്തിന്റെ ചുമതല നല്‍കുന്നതും. ഇതിനിടെ വ്യക്തിപൂജ വിവാദത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനും പി. ജയരാജനും തമ്മില്‍ അകന്നതോടെ പിണറായിയുടെ അതീവ വിശ്വസ്തരുടെ പട്ടികയില്‍ ഇടം നേടാന്‍ വത്സന് പനോളിക്ക് കഴിഞ്ഞു. ഇതോടെ പി. ജയരാജനുമായി ക്രമേണ അകലുകയും ഇപ്പോള്‍ വീണ്ടും പിണറായി കൈപിടിച്ച് സംസ്ഥാന സമിതിയംഗമാക്കിയിരിക്കുകയാണ്. ജയരാജന് ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിഞ്ഞപ്പോള്‍ കൂടുതല്‍ അപ്രമാദിത്വം വത്സന് പനോളിക്ക് പാര്‍ട്ടിയില്‍ ലഭിച്ചിരുന്നു. ഇപ്പോള്‍ കര്‍ഷക സംഘത്തിന്റെ സംസ്ഥാന ചുമലത വഹിച്ചു വരികയാണ്.
ജില്ലയില്‍ നിന്നുളള മറ്റൊരു സിപിഎം നേതാവായ തലശ്ശേരി എംഎല്‍എ എ.എന്‍. ഷംസീറിനും ഇത്തവണയും സംസ്ഥാന സമിതിയിലൊതുങ്ങേണ്ടി വന്നത് പിണറായിയുടെ അപ്രിയമാണ്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മരുമകനും മന്ത്രിയുമായി മുഹമ്മദ്റിയാസുമായുളള ഭിന്നത പരസ്യമായി ചര്‍ച്ചചെയ്യപ്പെട്ടതാണ് ഷംസീറിന് സെക്രട്ടറിയേറ്റില്‍ സ്ഥാനം ലഭിക്കാതിരിക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു. ഷംസീറിനേക്കാള്‍ ജൂനിയറായ പലരേയും സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഷംസീര്‍ പുറത്തിരിക്കേണ്ട സ്ഥിതിയാണ്.
നേരത്തെ രണ്ടാമതും എംഎല്‍എ ആയ ഷംസീറിനെ തഴഞ്ഞ് മുമുഖ്യമന്ത്രിയുടെ മരുമകനായ റിയാസിന് മന്ത്രി സ്ഥാനം നല്‍കിയത് പാര്‍ട്ടിക്കുളളില്‍ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരുന്നു. ചുരുക്കത്തില്‍ മറ്റൊരു പാര്‍ട്ടി സമ്മേളനം കൂടി കഴിയുമ്പോള്‍ പിണറായി സര്‍വ്വാധിപതിയായി കണ്ണൂരിലെയും സംസ്ഥാനത്തേയും പാര്‍ട്ടിയിലും ഭരണത്തിലും മാറുന്നുവെന്നതിലേക്കാണ് പുതിയ സംഭവ വികാസങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: