കീവ്: ഉക്രൈന് മുകളില്‍ റഷ്യന്‍ യുദ്ധവിമാനങ്ങള്‍ പറക്കാത്ത സാഹചര്യം സൃഷ്ടിക്കണമെന്ന ഉക്രൈന് പ്രസിഡന്റ് സെലന്‍സ്കിയുടെ ആവശ്യം നാറ്റോ തള്ളി. അങ്ങിനെ ചെയ്താല്‍ അത് സമ്പൂര്‍ണ്ണയുദ്ധത്തിന് വഴിവെക്കുമെന്നും അത് ഒഴിവാക്കുമെന്നും നാറ്റോ പറഞ്ഞു.
ഇതോടെ നാറ്റോ റഷ്യയ്ക്കെതിരെ നേരിട്ട് ഒരു ഏറ്റുമുട്ടലിന് ഒരുങ്ങില്ലെന്ന കാര്യം കൂടുതല്‍ വ്യക്തമായി. യുദ്ധവിമാനങ്ങള്‍ പറക്കാത്ത മേഖല ഉക്രൈന് മുകളില്‍ ഉയര്‍ത്തിയാല്‍ റഷ്യന്‍ വിമാനങ്ങളെ വെടിവെച്ചിടേണ്ടി വരും. പക്ഷെ അതിന് തയ്യാറല്ലെന്ന വ്യക്തമായ സന്ദേശമാണ് നാറ്റോ സെലന്‍സ്കിക്ക് നല്‍കിയത്.
ഉക്രൈന് പുറത്തേക്ക് യുദ്ധം വ്യാപിപ്പിക്കേണ്ടെന്ന തീരുമാനത്തിലാണ് നാറ്റോ. അത് പിന്നെ ആണവയുദ്ധത്തിലേക്ക് നീങ്ങിയാല്‍ ഒരു മൂന്നാം ലോകമഹായുദ്ധമായിത്തന്നെ മാറും. ‘നാറ്റോ ഉക്രൈന്-റഷ്യ യുദ്ധത്തിന്റെ ഭാഗമല്ലെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍റ്റെന്‍ബെര്‍ഗ് പറഞ്ഞു. ഞങ്ങള്‍ ഈ യുദ്ധത്തിന്റെ ഭാഗമല്ല. ഈ യുദ്ധം ഇനിയും കൂടുതല്‍ ശക്തിപ്രാപിക്കരുതെന്നും ഉക്രൈന് പുറത്തേക്ക് പറക്കരുതെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാറ്റോയുടെ യുദ്ധവിമാനങ്ങല്‍ ഉക്രൈന് വ്യോമപാതയില്‍ ഉണ്ടാകാന്‍ പാടില്ല. ഉക്രൈനില്‍ നാറ്റോ പട്ടാളവും പ്രവര്‍ത്തിക്കില്ല. അത് ചെയ്താല്‍ അത് യൂറോപ്പില്‍ ഒരു സമ്പൂര്ണ്ണയുദ്ധത്തിലേക്ക് നയിക്കും.
ഉക്രൈന് വ്യോമപാതയില്‍ വിമാനങ്ങള്‍ പറക്കാത്ത സ്ഥിതിവിശേഷം ഉണ്ടാക്കണമെന്ന ഉക്രൈന് പ്രസിഡന്റിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് നാറ്റോയില്‍ അഭിപ്രായഭിന്നതയുണ്ടാക്കിയിരുന്നു. ഇത് ന്യായമായ ആവശ്യമാണെന്നായിരുന്നു ഫ്രാന്‍സിന്റെ ആവശ്യം. എന്നാല്‍ അത് വ്യാപകമായ യുദ്ധത്തിലേക്ക് നയിക്കുമെന്നും ഒഴിവാക്കണമെന്നും കാനഡയിലെ വിദേശ മന്ത്രി മെലനി ജോളി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: