പല്ലശ്ശന നന്ദകുമാര്‍ മേനോന്‍
കേരളീയമായ നാടോടി കലാരൂപങ്ങളില്‍ പാലക്കാട് ജില്ലയില്‍ മാത്രം ഇന്നും സജീവമായി അവതരിപ്പിക്കുന്ന നാടന്‍ കലാരൂപമാണ് കണ്യാര്‍കളി. ജില്ലയില്‍ തന്നെ കിഴക്കന്‍ പ്രദേശമായ ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളിലെ മുപ്പത്തഞ്ചോളം ദേശങ്ങളിലെ ദേശമന്ദുകളിലും ഭഗവതിക്കാവുകളിലും അര്‍ച്ചനയായി, നേര്‍ച്ചയായി എല്ലാ വര്‍ഷവും കണ്യാര്‍കളി എന്ന അനുഷ്ഠാന കല അരങ്ങേറുന്നു. തൃശൂരിന് കിഴക്ക് തെന്മലയ്‌ക്കും പട്ടിക്കാടിനും വടമലയ്‌ക്കും വാളയാറിനും മധ്യേയുള്ള മേഖല ചേരമാന്‍ നാട് എന്ന പുരാതന നാമത്തില്‍ അറിയപ്പെട്ടിരുന്നുവത്രെ. ചരിത്രപരമായി പറഞ്ഞാല്‍ പഴയ വെങ്ങനാട് സ്വരൂപത്തിനും ഇന്ന് നിലവിലില്ലാത്ത കുറൂര്‍ നമ്പിടി സ്വരൂപത്തിനും ഇടയില്‍ നടുവട്ടം എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ് ഈ കലയുടെ ജൈവഭൂമിക.
പാലക്കാട് ജില്ലയില്‍ കൊയ്‌ത്തുത്സവത്തിന്റെ ഭാഗമായി കൊയ്‌തൊഴിഞ്ഞ നെല്‍പ്പാടങ്ങളില്‍ അടുത്ത ഐശ്വര്യ പൂര്‍ണമായ വിളവെടുപ്പിനായി നടക്കുന്ന പൂജാവിധികളുടേയും ഈശ്വരാര്‍ച്ചനയുടേയും ഭാഗമായി കണ്യാര്‍കളിയും സമര്‍പ്പിക്കുന്നു. അതുകൊണ്ടു തന്നെ കുംഭം, മീനം, മേടം മാസ രാവുകളില്‍ ചില ദേശങ്ങളില്‍ തുടര്‍ച്ചയായി മൂന്നു രാത്രികളിലും ചിലയിടങ്ങളില്‍ നാലു രാവുകളിലും നീണ്ട കണ്യാര്‍കളി അവതരണമുണ്ടാവും.
1)കളി കുമ്പിടല്‍. കണ്യാര്‍കളി തീയതി നിശ്ചയിക്കാനായി ദേശ കാരണവരും കളിയച്ഛനും ഒത്തുകൂടുന്ന ചടങ്ങാണ് കളി കുമ്പിടല്‍. പാലക്കാട്ടെ പല്ലശ്ശന ദേശത്ത് ഇത് പിന്നീട് സൗകര്യാര്‍ത്ഥം ഒരു നിശ്ചിത തീയതിയായ മേടം പത്തിനു കണ്യാര്‍കളി എന്ന് തീരുമാനിച്ചുറച്ചു.
എല്ലാ വര്‍ഷവും മേടമാസം പത്താം തീയതി പല്ലശ്ശനയില്‍ ഒന്നാം കളി നടത്തും. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളിലും അവിടെ കണ്യാര്‍കളി എന്ന അനുഷ്ഠാന കല കിരാതമൂര്‍ത്തിക്ക് സമര്‍പ്പിക്കും. ലോകത്തിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥിരതാമസമാക്കിയ ദേശപ്രജകള്‍ വരെ ഉത്സവ ലഹരിയോടെയും ഭക്തി നിര്‍ഭരമായും, ഇതില്‍ പങ്കു കൊള്ളാനായി നാട്ടിലെത്തും.
2) ഭഗവതിയുടെ പള്ളിവാളും കാല്‍ ചിലമ്പും ഭസ്മപ്പെട്ടിയും പന്തലിന്റെ മധ്യഭാഗത്തു പ്രതിഷ്ഠിച്ച കല്പീഠത്തില്‍ വച്ചു തൊഴുതു വണങ്ങിയാണ് കണ്യാര്‍ കളി. ഇതിനായി ഭഗവതി ക്ഷേത്രത്തില്‍ നിന്ന് കളി കുമ്പിട്ട് കൊട്ടി പുറപ്പെടല്‍ എന്ന ചടങ്ങുണ്ട്. രാത്രി പ്രകാശോജ്വലമായ തീവെട്ടിയുടെ വെളിച്ചത്തില്‍ ഭഗവതിയുടെ പള്ളിവാളും കാല്‍ ചിലമ്പും ഭസ്മപ്പെട്ടിയുമേന്തി നടക്കുന്നവരുടെ പിന്നില്‍ ദേശത്തിലെ ആ ബാലവൃദ്ധം പുരുഷ പ്രജകളും കസവു മുണ്ടുടുത്ത് കസവു വേഷ്ടി തലപ്പാവ് കെട്ടി തിലകകുറിയണിഞ്ഞു ക്ഷേത്ര പ്രദക്ഷിണം ചെയ്ത് കളിപ്പന്തലിലേക്ക് വരുന്ന ഈ ചടങ്ങ് മിഴിവുറ്റതും ചാരുതയാര്‍ന്നതുമാണ്.
3) നാല് രാവുകള്‍ നീണ്ട കണ്യാര്‍കളിക്ക് ശേഷം രാവിലെ പൂവാരല്‍ എന്ന ചടങ്ങോടെ കണ്യാര്‍കളിക്ക് തിരശീല വീഴും.
ഓരോ ദിവസത്തെ കളിയും വ്യത്യസ്തമായ പേരുകളിലാണ് അറിയപ്പെടുന്നത്ഒന്നാം ദിവസത്തെ കളിക്ക് ‘പൊന്നാന’ കളിയെന്നും രണ്ടാം ദിവസത്തെ കളിക്ക് ആണ്ടിക്കൂത്തെന്നും മൂന്നാം കളിക്ക് വള്ളോന്‍ അഥവാ വള്ളുവന്‍ എന്നും നാലാം കളിക്ക് മലമക്കളി എന്നും പേരിട്ടു വിളിക്കുന്നു.
കുരുത്തോലകളാലും പുഷ്പങ്ങള്‍ കൊണ്ടും അലങ്കരിച്ച ഒന്‍പതു കാല്‍പന്തലില്‍ കളിവിളക്ക് കൊളുത്തിയാണ് കണ്യാര്‍കളി അവതരിപ്പിക്കുക. കണ്യാര്‍കളിയില്‍ അതിമനോഹരമായ നൃത്ത ചുവടുകളും കാതിനിമ്പമാര്‍ന്ന നാടന്‍ ശീലുകളും ആയോധനമുറയിലെ ചുവടുകളും സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നു. മലയാളവും തമിഴും ഇടകലര്‍ന്ന നാടോടി സാഹിത്യം, നാടോടി സംഗീതവും ക്ലാസിക് സംഗീതവും ഇടകലര്‍ന്ന ഈരടികള്‍, ഫലിതരസവും സാഹിത്യ ഭംഗിയും നിറഞ്ഞ സംഭാഷണ ശകലങ്ങള്‍ (വാണാക്കം) വാദ്യഘോഷങ്ങള്‍ ചിത്രകലയിലെ വര്‍ണക്കൂട്ടുകള്‍ ചേര്‍ന്ന ചുട്ടി കുത്തല്‍ എന്നിവ ഉള്‍ച്ചേര്‍ന്ന കണ്യാര്‍കളി കഥകളി പോലെ വിശ്വോത്തരമായ നാടോടി കലാരൂപമാണെന്ന് നിസ്സംശയം പറയാം.
ഈ കല അവതരിപ്പിക്കാനായി ദീര്‍ഘകാല പരിശീലനം ആവശ്യമാണ്. കളിയരങ്ങിന് മാസങ്ങള്‍ക്ക് മുമ്പേ കളിയഭ്യാസം തുടങ്ങുന്നു. ഒരു ‘കളിയച്ഛന്റെ’ അഥവാ കളിയാശാന്റെ കര്‍ക്കശ ശിക്ഷണത്തില്‍ നൃത്ത ചുവടുകളും ഈരടികളും ആയോധന മുറയിലെ ചുവടുകളും അഭ്യസിച്ചു പഠിക്കുന്നു. പിന്നീട് നാലു രാവുകളില്‍ ഇടക്കളി പന്തലില്‍ കളിച്ച ശേഷമാണ് അരങ്ങു പന്തലില്‍ ഈ കലാരൂപം അവതരിപ്പിക്കുന്നത്.
കണ്യാര്‍കളി നടക്കുന്ന ദിവസങ്ങളില്‍ വൈകുന്നേരം ദേശമന്ദില്‍ ചെണ്ട, മദ്ദളം, ഇലത്താളം എന്നീ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ കേളികൊട്ടി കണ്യാര്‍കളി വിളംബരം നടത്തുന്നു. കണ്യാര്‍കളിയില്‍ വട്ടക്കളി, പുറാട്ടുകളി എന്നിങ്ങനെ രണ്ടു വകഭേദങ്ങളുണ്ട്. അനുഷ്ഠാന പരമായ വട്ടക്കളിയില്‍ ദേശത്തിലെ ആബാലവൃദ്ധം പുരുഷ പ്രജകളും ഒന്നിച്ചണിനിരക്കുന്നു. നൃത്തരൂപത്തിലുളള അര്‍ച്ചനയാണിത്. ഇതില്‍ ചെണ്ട, മദ്ദളം, ഇലത്താളം, ചേങ്ങില, കുറുംകുഴല്‍ എന്നീ വാദ്യങ്ങള്‍ക്കൊപ്പം ദേവീദേവന്മാരെ സ്തുതിക്കുന്ന പദങ്ങള്‍ പാടി പുരുഷ പ്രജകള്‍ ചുവടു വെച്ച് നൃത്തം ചെയ്തു കുമ്പിടുന്നു. കസവുമുണ്ടുടുത്ത് കസവുവേഷ്ടി കൊണ്ട് തലപ്പാവ് കെട്ടിയാണ് അരങ്ങു പന്തലില്‍ നൃത്താര്‍ച്ചന.
തുടര്‍ന്ന് അരങ്ങേറുന്ന വിവിധ തരം പുറാട്ടുകള്‍ വിനോദാംശ പ്രധാനമാണ്. പുറാട്ടുകളില്‍ മൂന്നു തരം പുറാട്ടുകളുണ്ട്. ദ്രുതതാളങ്ങളും ചുവടുകളുമുള്ള കരിപുറാട്ട്, വര്‍ണമനോഹരമായ വസ്ത്രമണിഞ്ഞ്, പതിഞ്ഞ ഈണത്തിലും താളത്തിലുമുള്ള രാജാപുറാട്ട് പുരുഷന്മാര്‍ സ്ത്രീ വേഷമണിഞ്ഞ് ലാസ്യ നൃത്തം ചെയ്യുന്ന മനയോല പുറാട്ട് എന്നിവയാണത്.
ഹിന്ദുക്കള്‍ തന്നെ വ്യത്യസ്ത ജാതി മത വിഭാഗങ്ങളെ പ്രതിനിധാനം ചെയ്ത് വേഷമണിഞ്ഞു അരങ്ങത്തു വരുന്നത് അന്യ സംസ്‌കാരങ്ങളെ വണങ്ങുന്നു എന്ന മതമൈത്രിയുടേയും സമുദായ സൗഹാര്‍ദ്ദത്തിന്റേയും സന്ദേശമാണത് നല്‍കുന്നത്. തൊട്ടു കൂട്ടായ്മയേയും തീണ്ടിക്കൂടായ്മയേയും അയിത്താചാരങ്ങളേയും പോലുള്ള ദുരാചാരങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന സാമൂഹ്യ വിമര്‍ശനവും കണ്യാര്‍കളിയില്‍ ഉണ്ട്. കട്ടുറുമ്പിന്റെ കരളു ചൊല്ലി തങ്ങളില്‍ വീരാട്ടമെന്നും മുരിങ്ങയിലയുടെ ഇതള്‍ ചൊല്ലി തങ്ങളില്‍ വീരാട്ടമെന്നും പാട്ടിലെ വരികളില്‍ പറയുമ്പോള്‍ മനുഷ്യര്‍ നിസ്സാരകാര്യങ്ങള്‍ക്ക് തമ്മിലടിക്കുന്നു എന്ന സാമൂഹ്യ വിമര്‍ശനമാണ് നല്‍കുന്നത്. കരിപുറാട്ടുകളില്‍ തന്നെ നിരവധി പുറാട്ടുകളുണ്ട്. വേട്ടുവക്കണക്കര്‍, കൂട്ടം മലയന്‍, കൂട്ടമലയര്‍, കൂട്ടമുടുകര്‍, വഴിപോക്കര്‍ എന്നിങ്ങനെ വിവിധ ജാതി മത സമൂഹങ്ങളിലും തൊഴില്‍ മേഖലകളിലുമുള്ളവരെ പ്രതിനിധാനം ചെയ്തു വേഷമണിഞ്ഞ് നായര്‍ സമുദായാംഗങ്ങളൊ മന്ദാടിയാര്‍ സമുദായത്തിലെ അംഗങ്ങളൊ അരങ്ങത്ത് വരുന്നു. അവരവരുടെ കരവിരുതുകളും സിദ്ധികളും പൊതുജനസമക്ഷം അവതരിപ്പിക്കുനതോടൊപ്പം അവരവരുടെ തൊഴില്‍ പ്രശ്‌നങ്ങളും പരാതിയും പരിവട്ടവും പാട്ടിലൂടെയും വാണാക്കമെന്ന പേരിലുള്ള സംഭാഷണ ശകലങ്ങളിലൂടെയും വെളിവാക്കുന്നു.
രാജാപുറാട്ടില്‍ ഭക്തി നിര്‍ഭരമായ കൂട്ടമാരിയമ്മ, വൈഷ്ണവര്‍, കൂട്ടപ്പൂശാരി, കൂട്ടച്ചക്കിലിയര്‍ എന്നിങ്ങനെ ഒട്ടനവധി പുറാട്ടുകള്‍ ഉണ്ട്.മനയോല പുറാട്ടില്‍ കുറവന്‍ കുറത്തി, മലച്ചി എന്നിങ്ങനെ വിവിധ പുറാട്ടുകളുണ്ട്.
കൂട്ടപ്പൊറാട്ടുകളും രണ്ടു പേര്‍ മാത്രം കഥാപാത്രങ്ങളായ ഇരട്ട പുറാട്ടുകളും ഒരാള്‍ മാത്രമുള്ള ഒറ്റപ്പുറാട്ടുകളുമുണ്ട്. നൃത്തചുവടുകളും നാടന്‍ ഈരടികളും സംഭാഷണവും ആയോധന മുറയിലെ വടിതല്ലും എല്ലാമായി രാത്രിമുഴുവന്‍ കണ്യാര്‍കളി കലാകാരന്മാര്‍ കാണികളെ വിസ്മയിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: