തിരുവനന്തപുരം: ദീര്‍ഘദൂര സര്‍വീസ് ബസുകളിലെ യാത്രക്കാര്‍ക്ക് മികച്ച യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി കെഎസ്ആര്‍ടിസി വാങ്ങിയ ലക്ഷ്വറി ബസുകള്‍ ഇന്നു മുതല്‍ തിരുവനന്തപുരത്ത് എത്തും. വോള്‍വോയുടെ സ്ലീപ്പര്‍ ബസുകളില്‍ ആദ്യത്തെ ബസാണ് ഇന്ന് തിരുവനന്തപുരത്ത് എത്തുന്നത്. വോള്‍വോ ഷാസിയില്‍ വോള്‍വോ തന്നെ ബോഡി നിര്‍മിച്ച ഇന്ത്യയിലെ തന്നെ ആദ്യ എട്ടു സ്ലീപ്പര്‍ ബസുകളാണ് ഈ മാസം കെഎസ്ആര്‍ടിസിക്ക് കൈമാറുന്നത്.
വോള്‍വോ ബി 11 ആര് ഷാസി ഉപയോഗിച്ച് നിര്‍മിച്ച ബസുകളാണ് കെഎസ്ആര്‍ടിസി സിഫ്റ്റിലേക്ക് വേണ്ടി എത്തുന്നത്. ഇത് കൂടാതെ അശോക് ലൈലാന്റ് കമ്പനിയുടെ ലക്ഷ്വറി ശ്രേണിയില്‍പ്പെട്ട 20 സെമി സ്ലീപ്പര്‍, 72 എയര്‍ സസ്പെന്ഷന് നോണ്‍ എസി ബസുകളും ഘട്ടം ഘട്ടമായി ഈ മാസവും അടുത്ത മാസവും കൊണ്ട് കെഎസ്ആര്‍ടിസിക്ക് ലഭിക്കും. കെഎസ്ആര്‍ടിസി സിഫ്റ്റ് ഈ ബസുകള്‍ ഉപയോഗിച്ച് ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കും.
കെഎസ്ആര്‍ടിസിയുടെ നവീകരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അനുവദിച്ച 50 കോടി രൂപയില്‍ നിന്നും 44.84 കോടി രൂപ ഉപയോഗിച്ചാണ് അത്യാധുനിക ശ്രേണിയില്‍ ഉള്ള 100 പുതു പുത്തന്‍ ബസുകള്‍ പുറത്തിറക്കുന്നത്. ബാക്കിയുള്ള 5.16 കോടി രൂപയ്ക്ക് 16 ബസുകള്‍ കൂടി ടെന്‍ഡര്‍ നിരക്കില്‍ തന്നെ അധികമായി വാങ്ങുവാനുള്ള ഉത്തരവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതോടെ 116 ബസുകള്‍ ഉടന്‍ കെഎസ്ആര്‍ടിസി സിഫ്റ്റില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: