ന്യൂദല്‍ഹി : ഉക്രൈനിലെ റഷ്യന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റതായി സ്ഥിരീകരണം. കീവില്‍ നിന്നും ലിവീവിലേക്കുള്ള യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റതെന്ന് കേന്ദ്രമന്ത്രി വി.കെ. സിങ് അറിയിച്ചു. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ പാതി വഴിയില്‍ തിരികെ കൊണ്ടുപോയി മെഡിക്കല്‍ സഹായം നല്‍കിയെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
വിദ്യാര്‍ത്ഥിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. നിലവില്‍ വിദ്യാര്‍ത്ഥിയെ ഉക്രൈനില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആള്‍നാശം പരമാവധി കുറച്ച് സുരക്ഷിതമായി വിദ്യാര്‍ത്ഥികളെയെല്ലാം ഇന്ത്യയില്‍ എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. യുദ്ധമുണ്ടായാല്‍ ബുള്ളറ്റ് ആരുടേയും മതത്തേയും ദേശീയതേയും നോക്കില്ലെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം തീര നഗരങ്ങള്‍ ലക്ഷ്യമിട്ടാണ് റഷ്യ ഇപ്പോള്‍ ആക്രമണം നടത്തുന്നത്. എനര്‍ഗൊദാര്‍ നഗരത്തിലെ സേപോര്‍സെയിലെ ആണവ നിലയത്തിന് നേരെ ആക്രമണം ഉണ്ടായി. ആണവ നിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്നും നിലയത്തിന് സമീപത്തുനിന്ന് പുക ഉയരുന്നുന്നതായി ഉക്രൈന് സൈന്യവും വിദേശകാര്യമന്ത്രിയുടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
റഷ്യ ഉക്രൈന് സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമാകണമെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്കി. ഹാര്‍കീവിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും കര്‍ശന മുന്നറിയിപ്പ് നല്‍കിയത്. ഇപ്പോഴുള്ളതിലും കടുത്ത ആക്രമണങ്ങള്‍ ഹാര്‍കീവില്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമായതോടെയാണ് കര്‍ശന നിര്‍ദേശങ്ങളുമായി എംബസി പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: