ചാലക്കുടി: ആന്ധ്രയിലെ പാഡേരുവില്‍ നിന്നും എറണാകുളത്തേക്ക് വന്‍തോതില്‍ ഹാഷിഷ് ഓയില്‍ കടത്തിക്കൊണ്ടിരുന്ന സംഘം പിടിയില്‍. സംഘത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇവര്‍ പിടിയിലായത്.
തൃശ്ശൂര്‍ പെരിങ്ങോട്ടുകര നാലും കൂടിയ സെന്ററില്‍ കണ്ണാറവീട്ടില് ലിഷന്‍ (35 വയസ്), പാവറട്ടി പെരുവല്ലൂര്‍ സ്വദേശി അയിനിപ്പിള്ളി വീട്ടില്‍ അനൂപ് (32 വയസ്), പത്തനംതിട്ട ജില്ലയില്‍ കോന്നി കുമ്മണ്ണൂര്‍ സ്വദേശി തൈക്കാവില്‍ വീട്ടില്‍ നാസിം (32 വയസ്) എന്നിവരാണ് പിടിയിലായത്. പിടിയിലായ ലിഷാന്‍ പീഡന കേസടക്കം നിരവധി കേസുകളിലും നാസിം മോഷണ കേസിലും പ്രതിയാണ്.
സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് തൃശൂര്‍ റേഞ്ച് ഡിഐജി എ.അക്ബര്‍, തൃശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ഐശ്യര്യ പ്രശാന്ത് ദോങ്രേ എന്നിവരുടെ നിര്‍ദ്ദേശാനുസരണം ദിവസങ്ങളോളം നീണ്ട ദേശീയ പാതകള്‍ കേന്ദീകരിച്ച് നടത്തിയ പരിശോധനയിലാണ് അതിമാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ യുവാവടക്കം മൂന്നുപേരെ ചാലക്കുടി ഡിവൈഎസ്പി .സി.ആര്. സന്തോഷും സംഘവും ചേര്‍ന്ന് പിടികൂടിയത്.
ആന്ധ്രയിലെയും ഒറീസയിലെയും ഗ്രീന്‍ കഞ്ചാവ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മേല്‍ത്തരം പന്ത്രണ്ട് കിലോയോളം ഹാഷിഷ് ഓയിലാണ് പിടികൂടിയത്. നൂറ്റി അന്‍പത് കിലോ കഞ്ചാവ് വാറ്റുമ്പോഴാണ് ഒരു കിലോ ഹാഷിഷ് ഓയില്‍ ലഭിക്കുന്നതെന്നും ഇത് കേരളത്തിലെത്തിച്ച് മറ്റു ചില എണ്ണകള്‍ കൂടി ചേര്‍ത്ത് ചില്ലറ വില്പന നടത്തുമ്പോള്‍ ഇരുപത്തിഅഞ്ച് കോടിയോളം രൂപ പിടിച്ചെടുത്ത ഹാഷിഷിന് വില വരുമെന്നും പിടിയിലായവര്‍ പോലീസിനോട് സമ്മതിച്ചു.ആന്ധ്രയില്‍ നിന്ന് വിനോദ യാത്ര സംഘം എന്ന രീതിയില്‍ KL08 Y 2626, TN 32 U 4199 എന്നീ രജിസ്ട്രേഷന് നമ്പറുകളിലുള്ള ആഡംബര കാറുകളില്‍ ഒളിപ്പിച്ച നിലയിലാണ് ഹാഷിഷ് ഓയില്‍ കടത്തി കൊണ്ടുവന്നിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: