അടിമാലി: പന്നിയാര്‍കുട്ടിയേയും പോത്തുപാറയേയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന നടപ്പാലം തകര്‍ന്നത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പുനര്‍നിര്‍മ്മിക്കാത്തത് പ്രദേശവാസികളെ വലക്കുന്നു. 2018ലെ പ്രളയത്തിലാണ് പന്നിയാര്‍കുട്ടിയേയും പോത്തുപാറയേയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന നടപ്പാലം മഴവെള്ള പാച്ചിലില്‍ തകര്‍ന്നത്. പോത്തുപാറ മേഖലയില്‍ നിന്ന് ആളുകള്‍ എളുപ്പത്തില്‍ പന്നിയാര്‍കുട്ടിയിലേക്കെത്തിയിരുന്നത് തകര്‍ന്ന ഈ പാലത്തിലൂടെയായിരുന്നു. പ്രളയാനന്തരം വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും തകര്ന്നപാലത്തിന് പകരം പുതിയ പാലം ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല.
പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി പാലത്തിനാവശ്യമായ തൂണുകളുടെ നിര്‍മ്മാണം നടത്തിയിരുന്നു. തുടര്‍ ജോലികള്‍ മുടങ്ങിയിട്ട്് മാസങ്ങള്‍ പിന്നിട്ടുവെന്ന് പ്രദേശവാസികള്‍ പറയുന്നു. പാലം നിര്‍മ്മിച്ചാല്‍ കുറഞ്ഞ സമയം കൊണ്ട് പുഴക്കക്കരെ ഇക്കരെയെത്താമെന്നിരിക്കെ പോത്തുപാറ നിവാസികള്‍ക്കിപ്പോള്‍ എല്ലക്കല്, തേക്കുംകാനം, ശ്രീനാരായണപുരം വഴി വേണം പന്നിയാര്‍ കുട്ടിയിലെത്താന്‍.ഇതിനായി വലിയ തുക ചിലവാക്കേണ്ടി വരുന്നു.
കഴിഞ്ഞ മഴക്കാലത്ത് പുഴക്ക് കുറുകെ റബ്ബര്‍ ട്യൂബുപയോഗിച്ചും പ്രദേശവാസികള്‍ യാത്ര ചെയ്തു. വേനല്‍ക്കാലമവസാനിച്ച് മഴക്കാലമെത്താന്‍ മൂന്ന് മാസങ്ങള്‍ മാത്രം ശേഷിക്കെ പാലത്തിന്റെ തുടര്‍നിര്‍മ്മാണ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ഇടപെടല്‍ ഉണ്ടാകണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: