സി.കെ. ആനന്ദന് പിള്ള
(സാഹിത്യ വിമര്‍ശം മാസിക എഡിറ്ററാണ് ലേഖകന്‍)
മുഖ്യമന്ത്രി പിണറായി വിജയന് വിദഗ്ധ ചികിത്സയ്ക്ക് വിദേശത്തേക്കു പറക്കുന്ന തക്കം നോക്കി വകുപ്പ് സെക്രട്ടറി ഒപ്പിച്ച പണിയാണേ്രത സാംസ്കാരിക സ്ഥാപനങ്ങളില്‍ സെക്രട്ടറി, ഡയറക്ടര്‍, സിഇഒ തുടങ്ങിയ തസ്തികകളില്‍ 65 വയസ് കഴിഞ്ഞവര്‍ തുടരാന്‍ പാടില്ലെന്ന ഉത്തരവു നടപ്പാക്കല്‍. ഏീ(ചീ)1/2022 സാം. ക.വ. 2022 ഉത്തരവു പ്രകാരം ഡോ. കെ.പി. മോഹനന്, ഡോ. പ്രഭാകരന് പഴശ്ശി, ഡോ. കാര്ത്തികേയന് നായര്‍ തുടങ്ങിയവര്‍ സ്ഥാനഭ്രഷ്ടരായി. സാധാരണഗതിയില്‍ ഇത്തരം ഉത്തരവുകള്‍ പുതിയ നിയമനങ്ങള്‍ക്കാണ് ബാധകമാവുകയാണ് പതിവ് എന്നിരിക്കെയാണ് മറിച്ചൊരനുഭവം ഉണ്ടാകുന്നത്. റാണി ജോര്‍ജ് ഐഎഎസ് കഴിഞ്ഞ പത്തു പതിമൂന്നു വര്‍ഷമായി സാംസ്കാരിക വകുപ്പ് സെക്രട്ടറിയായി തുടരുകയാണ്. മറ്റു പല വകുപ്പുകളിലുമുണ്ട് അവര്‍ക്ക് ഭാരിച്ച ചുമതലകള്‍. അതിനിടയിലാണ് ഇത്തരമൊരു തത്രപ്പാടു കാട്ടാന്‍ അവര്‍ ധൈര്യപ്പെട്ടത്. അഴിമതികൊണ്ട് അഴുകിയ പല സാംസ്കാരിക സ്ഥാപനങ്ങള്‍ക്കുമെതിരെ ധനകാര്യ വകുപ്പിന്റെ ശിപാര്‍ശയുണ്ടായിട്ടും ചെറുവിരലനക്കാന്‍ കൂട്ടാക്കാത്തവരാണ് ഇക്കാര്യത്തില്‍ കാര്യക്ഷമതയുടെ കുപ്പായമിടാന്‍ തുനിഞ്ഞതെന്നോര്‍ക്കണം.
വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ കാട്ടുകൊള്ളയും കേരള സാഹിത്യ അക്കാദമിയിലെ കൊടുംകൊള്ളയും ചൂണ്ടിക്കാട്ടി ധനകാര്യ പരിശോധനാ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും അതിന്മേല് നടപടികളില്ലാതെ അടയിരിക്കുകയാണ് സാംസ്കാരിക വകുപ്പ്. നിസ്സഹായതയുടെ മുന്നില്‍ കൈകൂപ്പി നില്ക്കാനല്ലാതെ വകുപ്പ് ജീവനക്കാര്‍ക്ക് എന്തു ചെയ്യാന്‍ കഴിയും?
വിദഗ്ധ ചികിത്സയും ദുബായ് വാസവും കഴിഞ്ഞ് തിരിച്ചെത്തിയ മുഖ്യമന്ത്രിക്ക് വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് കീറാമുട്ടിയായി. എന്നാല്‍ ഏതു മുട്ടിയും കീറുന്ന സഖാവ് പിണറായി ഈ മുട്ടിയും കീറി, അനായാസമായി. അങ്ങനെ ഉത്തരവ് റദ്ദാക്കപ്പെട്ടു. ഉത്തരവിന്റെ അടിയേറ്റ് പോയവര്‍ ഏതായാലും പോയി. 65 നു മേല്‍ 77 കാരനായ സി.പി.അബൂബക്കര്‍ (ദേശാഭിമാനി വാരികയുടെ പത്രാധിപര്‍) കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായി നിയമിക്കപ്പെട്ടു. മുന്‍പൊരിക്കല്‍ സഖാവു നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ പ്രാ
യത്തിന്റെ കാര്യത്തില്‍ ഇങ്ങനെയൊരു ഗീര്‍വാണം വിട്ടിട്ട് ലക്ഷ്യത്തിലെത്താതെ ചീറ്റിപ്പോയ കാര്യം വകുപ്പ് സെക്രട്ടറി അറിഞ്ഞിട്ടുണ്ടാവില്ല. നായര്‍ നിര്‍ദേശിച്ച പ്രായം 65 അല്ല കേവലം 60 ആയിരുന്നു. ഒരു പുകസ നേതാവിനെ നിയമിക്കാന്‍ നിര്‍ബന്ധിതനാകേണ്ടി വന്നപ്പോള്‍ നിശ്ചയിച്ച പ്രായപരിധി എടുത്തു തോട്ടില്‍ കളയേണ്ടി വന്നു. അങ്ങനെ ഒരു തടസ്സവും കൂടാതെ തോട് ഒഴുകിക്കൊണ്ടിരിക്കെയാണ് ഇപ്പോഴത്തെ ഈ ഇടംകോലിടല്‍. ആ ഇടംകോലും തട്ടിക്കളയാന്‍ ഉറച്ച മനസുള്ള സഖാവ് മുഖ്യന് നിഷ്പ്രയാസം കഴിഞ്ഞിരിക്കുന്നു. അതാണ് കാര്യപ്രാപ്തിയുടെ ലക്ഷണം.
അക്കാദമിയുടെ പ്രസിഡന്റായി നിയമിതനായത് എഴുപതുകളില്‍ ലോകോത്തര വിപ്ലവം പറഞ്ഞ്, അക്കാദമി പോലുള്ള എസ്റ്റാബ്ലിഷ്മെന്റുകളെ പുച്ഛിച്ചു നടന്ന, ഇപ്പോഴത്തെ സാംസ്കാരിക സമുന്നതന്‍ കെ. സച്ചിദാനന്ദന്. കാലം കടന്നുപോകവേ ന്യൂദല്‍ഹിയിലെ വലിയ അക്കാദമിയില്‍ അടിവച്ചടിവച്ചു കയറി പിന്നെ സെക്രട്ടറിയും നിര്‍വാഹക സമിതി അംഗവുമൊക്കെയായി. അവിടെ നിന്ന് ഇടക്കാലത്ത് ഇറങ്ങി നിന്ന് അവാര്‍ഡു തടസ്സവും നീക്കി. ഒടുവില്‍ കേരള സാഹിത്യ അക്കാദമിയുടെ പരമോന്നത ബഹുമതിയായ ഫെലോഷിപ്പും നേടി. ഇപ്പോഴിതാ ഫെലോയുടെ പിടലിക്കു ചവിട്ടി അവിടത്തെ അധ്യക്ഷനുമായി. അക്കാദമിയുടെ ചരിത്രത്തിലെ ഒരു സര്‍വ്വകാല റിക്കാര്‍ഡാണിത്. ഇതിനാണ് ചരിത്രം തിരുത്തിക്കുറിക്കല്‍ എന്നു പറയുന്നത്. സാംസ്കാരിക വിപ്ലവത്തിന്റെ മുന്നേറ്റം. അത് എതാണ്ട് പൂര്‍ത്തിയായി വരുന്നു. ഇനിയും പല അങ്കത്തിനും ബാല്യമുണ്ട്. പ്രായം വെറും 76 അല്ലേ ആയുള്ളൂ. തന്റെ ചിരകാല പരിചയ സമ്പത്ത് കേരള സാഹിത്യ അക്കാദമിക്കുവേണ്ടി വിനിയോഗിക്കാമെന്ന് ആട ചാര്‍ത്തി സ്വീകരിക്കാനെത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവിനോടു പറഞ്ഞു കഴിഞ്ഞു.
സഹചരനും കലികാല ബുദ്ധിജീവിയും കനകശ്രീ അവാര്‍ഡ് വലിച്ചെറിഞ്ഞ് വിപ്ലവം സൃഷ്ടിച്ച ‘കവി’യുമൊത്ത് കേന്ദ്രത്തിന്റെ പണമുപയോഗിച്ച് പണ്ട് ചൈനയില്‍ പോയതുപോലെ കേരളത്തിന്റെ പണം വാങ്ങി ഇനിയും പലയിടത്തും പര്യവേഷണം നടത്താനുള്ള പദ്ധതിയാവിഷ്കരിക്കാം. അങ്ങനെ പലതും പലതും. അതൊക്കെ നല്ല കാര്യമാണ്. സാംസ്കാരിക വിപ്ലവം തന്നെ നടക്കട്ടെ. പാര്‍ട്ടിക്ക് കൊടിപിടിച്ചു നടന്ന സാഹിത്യ സാംസ്കാരിക സഖാക്കള്‍ വീട്ടിലിരിക്കട്ടെ. അവസരവാദ, വിശുദ്ധ വിചാര വിപ്ലവങ്ങള്‍ വിജയിക്കട്ടെ.
സംഗതി പക്ഷേ വേറൊന്നുണ്ട് സര്‍ക്കാരറിയാന്‍. അക്കാദമിയില്‍ ഒരു സൈക്കിളുപോലുമില്ലാതിരുന്ന കാലത്ത് പ്രസിഡന്റായിരുന്ന പ്രൊഫ. കെ.എം. തരകന് സ്വന്തം കാറില്‍, അന്തസ്സിനായി പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി എന്ന ബോര്‍ഡ് എഴുതിത്തൂക്കി ഉലകം ചുറ്റിയ ഗതികേടുണ്ടായി. കാലം കഴിഞ്ഞപ്പോള്‍ പ്രസിഡന്റിന് സര്‍ക്കാര്‍ കാറായി-ഒരംബാ
സഡര്. ഇടതുഭരണം വന്നപ്പോള്‍ സര് തോമസ് ഐസക്കിന്റെ മഹാമനസ്കതയില്‍ കാറ് ഇന്നോവയായി. അതുകണ്ട് മനസ്സുരുകിയ കാവ്യ ദര്‍ശിക്കും കഠിനാധ്വാനം കൊണ്ട് ഇന്നോവ കൈവന്നു. ആള് ചെറുകാടിന്റെ മകനല്ലേ. ഇനിയിപ്പോള്‍ പ്രമുഖനല്ല. അക്കാദമിയുടെ മുറ്റത്ത് രണ്ട് ആംബുലന്‍സുകള്‍ എപ്പോഴും റെഡിയായി വേണം. സെക്രട്ടറിക്കു പ്രായം 77. പ്രസിഡന്റിന് 76. ആര്‍ക്ക് എപ്പോഴാണ് ഒരത്യാവശ്യം ഉണ്ടാകുക എന്നത് പറയാനാവില്ലല്ലോ. പോരെങ്കില്‍ സമീപത്ത് മറ്റൊരക്കാദമിയില് ഒരു കിഴവന് കാര്യദര്‍ശി കുഴഞ്ഞുവീണ ചരിത്രവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: