ആലപ്പുഴ : സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടതായി ജി. സുധാകരന്. പാര്‍ട്ടിയില്‍ നിന്നും ഒഴിവാക്കാന്‍ കത്ത് നല്‍കിയത് പുറത്ത് ആരോടും പറഞ്ഞിട്ടില്ല. പാര്‍ട്ടിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതെന്നും സുധാകരന് പറഞ്ഞു.
സംസ്ഥാന സമിതിയില്‍ 75വയസെന്ന പ്രായ പരിധി കര്‍ശനമാക്കുമെന്ന തീരുമാനത്തിനിടെ 75 വയസ്സുള്ള ജി സുധാകരന് ഇളവു ലഭിക്കുമെന്ന് അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയതായി റിപ്പോര്‍ട്ട് പുറത്തുവന്നത്.
സംസ്ഥാന സമിതിയില്‍ തുടരാന്‍ ആഗ്രഹം ഇല്ലെന്നു വ്യക്തമാക്കി പാര്‍ട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും ആണ് സുധാകരന് കത്ത് നല്‍കിയത്. എന്നാല്‍ അദ്ദേഹത്തെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കാന്‍ ആകില്ല എന്ന നിലപാടില്‍ ആണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
കേന്ദ്ര കമ്മിറ്റി തീരുമാനം അനുസരിച്ചാണ് സംസ്ഥാന കമ്മറ്റിയിലെ അംഗങ്ങള്‍ക്ക് പ്രായപരിധി നിശ്ചയിച്ച് നടപ്പാക്കാന്‍ തീരുമാനിച്ചത്. 75 വയസ് കഴിഞ്ഞവരെ ഒഴിവാക്കുമ്പോള്‍ പുതിയ ഉത്തരവാദിത്തം നല്‍കുമെന്നും പാര്‍ട്ടി സുരക്ഷിതത്വം നല്‍കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രതികരിച്ചത്.
ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ ജി സുധാകരന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ചാരുംമൂട് ഏരിയ കമ്മിറ്റിയിലെ പ്രതിനിധികള്‍ പടനിലം സ്കൂളുമായി ബന്ധപ്പെട്ട കോഴ വിഷയത്തില്‍ ആരോപണവിധേയനായ കെ.രാഘവനെ ജി.സുധാകരന് പിന്തുണച്ചുവെന്നായിരുന്നു പ്രതിനിധികളുടെ ആരോപണം. സുധാകരന്റെ സ്വന്തം തട്ടകമായ അമ്പലപ്പുഴയില്‍ നിന്നുള്ള പ്രതിനിധികളും അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എച്ച്.സലാമിനെ തോല്‍പ്പിക്കാന്‍ നോക്കി എന്നായിരുന്നു അമ്പലപ്പുഴയിലെ പ്രതിനിധിയുടെ വിമര്‍ശനം. അധികാര മോഹിയാണ് സുധാകരന് എന്നായിരുന്നു മാവേലിക്കരയിലെ പ്രതിനിധിയുടെ വിമര്‍ശനം. ഇതിന് പിന്നാലെയാണ് സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: