കീവ്: ഉക്രൈന് ആക്രമണത്തില്‍ നിലപാടുകളും ഉറപ്പുകളും പാലിക്കാതെ ലംഘിച്ച് റഷ്യയുടെ കരയുദ്ധം. യുദ്ധം ആരംഭിക്കും മുമ്പ് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന് അറിയിച്ചത് ജനങ്ങളെ ആക്രമിക്കില്ലെന്നും ജനവാസ കേന്ദ്രത്തില്‍ സ്ഫോടനങ്ങളുണ്ടാകില്ലെന്നുമായിരുന്നു. എന്നാല്‍ ഈ ഉറപ്പുകളെല്ലാം റഷ്യ തള്ളിക്കളഞ്ഞു.
കഴിഞ്ഞ ദിവസം കീവില്‍ ഒമ്പത് നില കെട്ടിടത്തിലേക്കാണ് റഷ്യന്‍ സൈന്യം ഷെല്ലാക്രമണം നടത്തിയത്. ഇതില്‍ എത്ര പേര് മരിച്ചെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. ജനങ്ങള്‍ സുരക്ഷയ്ക്കായി ഓടിക്കയറിയ മെട്രോ സ്റ്റേഷനുകളുടെ പ്രവേശന കവാടത്തിന് മുന്നിലും സ്ഫോടനമുണ്ടായി. ജനം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ തുടരെ സ്ഫോടനമുണ്ടാക്കിയത് വലിയ ആശങ്കയ്ക്കാണ് വഴിയൊരുക്കിയത്. ഒഡേസയിന്‍ തുറമുഖത്ത് രണ്ട് ചരക്കുകപ്പലിന് നേരെയും റഷ്യന്‍ ആക്രമണമുണ്ടായി. മള്‍ഡോവയുടെയും പനാമയുടെയും കൊടികെട്ടിയ കപ്പലുകള്‍ക്ക് നേരെയാണ് മിസൈലാക്രമണമുണ്ടായത്.
പലയിടങ്ങളിലും ആളുകള്‍ ബങ്കറുകളില്ലാതെ ഫഌറ്റുകളില്‍ കുടുങ്ങി കിടക്കുകയാണ്. ഇവിടങ്ങളില്‍ അപായ സൂചനയായി സൈറണ്‍ മുഴങ്ങുമ്പോള്‍ രക്ഷപ്പെടാന്‍ വഴിയില്ലാതെ പ്രതിസന്ധിയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 75 ശതമാനം കടകളും ഉക്രൈനില്‍ അടച്ചു. യുദ്ധം സങ്കീര്‍ണമായ പ്രദേശങ്ങളില്‍ കടകളൊന്നുമില്ല. ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോകാനും കഴിയാത്ത അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: