തിരുവനന്തപുരം: ഫെബ്രുവരിയുടെ തുടക്കത്തില്‍ തന്നെ യുദ്ധഭീതി ഉയര്‍ന്നിരുന്നുവെന്നും അന്നുമുതല്‍ നാട്ടിലേക്ക് പോകണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നുവെന്നും അന്നൊന്നും വിദ്യാഭ്യാസ ഏജന്‍സികള്‍ കാര്യമായി എടുത്തില്ലെന്നും ഈമാസം 20ന് ഉക്രൈനില്‍ നിന്ന് നാട്ടിലെത്തിയ വിദ്യാര്‍ത്ഥിനി ജന്മഭൂമിയോട് പറഞ്ഞു. ഉക്രൈന് കേന്ദ്രമാക്കി കേരളത്തില്‍ നിന്നടക്കം നിരവധി ഏജന്‍സികളാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ വഴിയാണ് യൂണിവേഴ്സിറ്റികളിലേക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കുന്നത്.
യൂണിവേഴ്സിറ്റികള്‍ ഏജന്‍സികളുടെ അഭിപ്രായം കൂടി കണക്കിലെടുക്കും. നാട്ടിലേക്ക് പോകണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടത്താനാകില്ലെന്ന നിലപാടിലായിരുന്നു ഏജന്‍സികളും യൂണിവേഴിസിറ്റികളും. എന്നാല്‍ നിരന്തരം ആവശ്യപെട്ടതോടെ പോകുന്നവര്‍ക്ക് പോകാം. ആവശ്യപ്പെടുമ്പോള്‍ തിരികെ വരണം, ഇല്ലെങ്കില്‍ അഡ്മിഷന് ക്യാന്‍സല്‍ ആകും എന്നായിരുന്നു യൂണിവഴ്സിറ്റികളുടെ നിലപാടെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു.
ലക്ഷങ്ങളാണ് ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും കമ്മീഷനായി ഏജന്‍സികള്‍ കൈപ്പറ്റുന്നതെന്ന വിവരവും പുറത്ത് വരുന്നുണ്ട്. 30 മുതല്‍ 40 ലക്ഷം വരെയാണ് ഒരു എംബിബിഎസ് വിദ്യാര്‍ത്ഥിയില്‍ നിന്നും ആകെ തുക ഈടാക്കുന്നത്. 90 ശതമാനം യൂണിവേഴ്സിറ്റികളിലേക്കും നേരിട്ട് ഫീസ് അടയ്ക്കാന്‍ ഏജന്‍സികള്‍ അനുവദിക്കില്ല. അത് ഏജന്‍സികള്‍ വഴിയേ അടയ്ക്കാന്‍ അനുവദിക്കൂ. ഇതിലും നല്ലൊരു തുക കമ്മീഷനായി ലഭിക്കും. എംബസിയുടെ മുന്നറിയിപ്പ് ലഭിച്ചപ്പോള്‍ തന്നെ നാട്ടില്‍ സുരക്ഷിതരായി എത്തിയ ഏജന്‍സികളും ഉണ്ട്.
ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും ലക്ഷങ്ങളാണ് ഏജന്‍സികള്‍ കമ്മീഷനായി ഈടാക്കുന്നത്. യുദ്ധത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് എത്തിയാല്‍ അടുത്തവര്‍ഷം മുതല്‍ ഉക്രൈനിലേക്ക് വിദ്യാര്‍ഥികള്‍ എത്താന്‍ മടിക്കും. അത് തങ്ങളുടെ ബിസിനസിനെ ബാധിക്കും എന്നതിനാല്‍ വിദ്യാര്‍ത്ഥികളെ ഉക്രൈനില്‍ തന്നെ നിര്‍ത്തുകയായിരുന്നു. കൂടാതെ എന്ത് കൊണ്ട് ഉക്രൈനില്‍ നില്‍ക്കണം എന്ന് ബോധവത്കരിക്കാന്‍ പ്രത്യേക ഡിജിറ്റല്‍ നോട്ടീസുകളും വാട്സാപ്പ് വഴി വിദ്യാര്‍ത്ഥികളില്‍ എത്തിക്കുന്നുണ്ട്. പുതുതായി എത്തിയവരെയെങ്കിലും പോകാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഇത്രയും വിദ്യാര്‍ത്ഥികള്‍ യുദ്ധമുഖത്ത് അകപ്പെടില്ലായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ സഹായം എത്തിക്കാന്‍ എംബസികള്‍ക്കൊപ്പം നില്ക്കുന്ന ഏജന്‍സികളും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: