സുഖമുള്ള ഭരണവും ഭരണ സുഖവുമുണ്ട്. രണ്ടും തമ്മില്‍ നേരിട്ട് ബന്ധമില്ലേ എന്നാണെങ്കില്‍ ഉണ്ടെന്നും ഇല്ലെന്നും ഉത്തരവും ഉണ്ട്.’ ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍ ഉണ്ടായൊരു ഇണ്ടല്‍ ബത മിണ്ടാവതല്ല’എന്നല്ലോ ആചാര്യമതം.ആയതിനാല്‍ നമുക്ക് ആ ഒന്നായ രണ്ടിനെക്കുറിച്ചാവാം ചിന്ത.
കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയും പഠിച്ചും പ്രവര്‍ത്തിച്ചും ജീവിച്ചുപോകാനുള്ള അരിക്കാശിനായുള്ള നെട്ടോട്ടമാണല്ലോ ജീവിതം.അതിനെക്കുറിച്ച് സുന്ദര കവിതയും കഥയും നോവലും രചിക്കുന്നവര്‍ക്കും സമയാസമയങ്ങളില്‍ വയറ്റിലേക്ക് വല്ലതും ചെല്ലണം.അതിനുള്ള കഠിനശ്രമങ്ങള്‍ നടക്കവെ മറുഭാഗത്തെ ചില ടിയാന്മാര് ഇതൊന്നുമില്ലാതെ സുഖമായി റുപ്പിയാ വാങ്ങി കാലം കഴിക്കുന്നു.അതിനെ നമുക്കു വിളിക്കാം ഭരണ സുഖം.ഭരിക്കുന്ന പാര്‍ട്ടിയുടെ കൈയാളായി നില്ക്കുക എന്ന ഒറ്റ യോഗ്യതയുടെ പേരിലാണ് അത്തരക്കാരുടെ ജീവിതം സുശോഭിതമാവുന്നത്.
പല തരത്തിലുള്ള കളികള്‍ക്കും കൈയാങ്കളികള്‍ക്കും ശേഷമാണല്ലോ ചെങ്കോലും കിരീടവുമായി നേതാക്കള്‍ ഭരണക്കസേരയില്‍ വാഴുന്നത്.അങ്ങനെ ഭരണത്തെ കൈപ്പിടിയിലൊതുക്കിക്കഴിയുന്നതോടെ ജീവിതം ഭദ്രമായി.തങ്ങള്‍ക്കും കുഞ്ഞുകുട്ടി പരാധീനങ്ങള്‍ക്കും കാര്യങ്ങളെല്ലാം സ്വച്ഛസുന്ദരമാവുമ്പോള് നക്കാപ്പിച്ച കൊടുക്കാനുള്ള വകകളെ കണ്ടെത്തുകയായി.(ഈ നക്കാപ്പിച്ച എന്നു പറഞ്ഞാല്‍ അത്ര മോശമായ സ്ഥിതിയല്ലെന്ന് ബന്ധപ്പെട്ടവര്‍ക്ക് അറിയാം) മന്ത്രിമാര്‍,ചീഫ് വിപ്പ്,മറ്റ് അധികാര കേന്ദ്രങ്ങള്‍ തുടങ്ങിയവിടങ്ങളിലേയ്ക്കൊക്കെ തേരാപാരാ നടക്കുന്ന അണികളെ നിയോഗിക്കുകയായി. വെറും അണിയല്ല,അങ്കക്കോഴികളുടെ വീറും വാശിയും ആശ്രിതത്വപ്പെരുമയും ഉള്ളവര്‍.അധികാര കേന്ദ്രങ്ങള്‍ വെട്ടിവിഴുങ്ങുമ്പോള്‍ കാലും കൈയും ഇത്തരക്കാര്‍ക്കാണ്.കാലും കൈയും എന്നു പറയുമ്പോള്‍ തീരെ തുച്ഛമെന്നൊന്നും കരുതരുത്.മാന്യമായതിനേക്കാള് കൂടുതല്‍ തന്നെയാണ് പോക്കറ്റിലേക്ക് പോകുന്നത്.
കഷ്ടപ്പെട്ട് പഠിച്ച് ജോലിയൊന്നും കിട്ടാതെ നടക്കുന്ന അഭ്യസ്തവിദ്യരുടെ മുമ്പിലൂടെ കുപ്പായക്കൈ തെറുത്ത് വെച്ച് പോക്കറ്റ് നിറയെ റുപ്പികയുമായി പഴ്സണല്‍ അസിസ്റ്റന്റുമാര്‍ എന്ന അഭിജാത വര്‍ഗം മാര്‍ച്ചു നടത്തുന്നു.ഒരു യോഗ്യതയും വേണ്ടാത്ത തസ്തികയില്‍ ഇത്തരം അങ്കക്കോഴികളെ നിയമിക്കുന്നതോടെ പാര്‍ട്ടിയുടെ ഉത്തരവാദിത്വം കഴിഞ്ഞു.രണ്ടു കൊല്ലവും മൂന്നു മാസവും കഴിയുന്നതോടെ ഇവരെ മാറ്റി അടുത്ത വിഭാഗത്തെ വാരിപ്പിടിക്കുന്നു.ആദ്യത്തെ സംഘത്തിന് ജീവിതാവസാനം വരെ പെന്ഷന്,ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങി എല്ലാം.സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് മിനിമം പെന്ഷന് കിട്ടണമെങ്കില്‍ പത്തുവര്‍ഷം ജോലി ചെയ്യണം.ഇക്കാര്യത്തില്‍ ഇടതെന്നോ വലതെന്നോ’ദൈവരാജ്യ’ത്തില്‍ വ്യത്യാസമില്ല.ഓരോ പാര്‍ട്ടി അധികാരത്തിലേറുമ്പോഴും ഈ നാടകം കൂടുതല്‍ മിഴിവോടെ അരങ്ങേറുന്നു.എന്താണ് ഇതിന്റെ മാനദണ്ഡം?
മാനം മര്യാദയ്ക്കു പറയുകയാണെങ്കില്‍ ഇത് തീവെട്ടിക്കൊള്ളയല്ലേ?വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയ പണത്തില്‍ നിന്ന് നികുതിയായും മറ്റും നല്കുന്ന തുക ഇമ്മാതിരി മേലനങ്ങാ വര്‍ഗത്തിന് വാരിക്കോരി കൊടുക്കുന്നത് ചമ്പല്ക്കൊള്ളയേക്കാള് അധപ്പതിച്ചതല്ലേ? ഭൗതികമായി ശത്രുക്കളെ ഉന്മൂലനം ചെയ്യുന്നതിന്റെ മറ്റൊരു പതിപ്പല്ലേ ഇത്?സാമ്പത്തിക ഉന്മൂലനം!പാര്‍ട്ടി വളര്‍ത്താനുള്ള വളഞ്ഞവഴി.അതിനാല്‍ തന്നെ ഇടതനും വലതനും എല്ലാം’ കോംപ്ലിമെന്റ്സാക്കി’നടക്കുന്നു.എന്നിട്ട് നാടു നന്നാക്കാന്‍ അക്ഷീണപ്രയത്നമെന്ന് വിളിച്ചു കൂവുന്നു.
കടത്തില്‍ മുങ്ങി നേരെ ചൊവ്വെ എഴുന്നേറ്റു നില്ക്കാന് കെല്പില്ലാത്ത ഒരു സംസ്ഥാനത്ത് എന്തിനാണ് ഒരു പ്രത്യേക വിഭാഗത്തിന് വെള്ളിപ്പാത്രത്തില്‍ വിഭവസമൃദ്ധമായി വിളമ്പുന്നത്?. എന്തിനാണിങ്ങനെ ഖജാനയില്‍ കുത്തുപാള വെക്കാന്‍ സാഹചര്യമുണ്ടാക്കുന്നത്?. പാര്‍ട്ടിക്കാര്‍ക്കും അവരുടെ ഒത്താശക്കാര്‍ക്കും അഴിഞ്ഞാടാനുള്ള അവസരത്തിനാണോ’മാന്‍ഡേറ്റ്’ ഉണ്ടെന്ന് പറയുന്നത്. മാന്യമായി പഠിച്ചിറങ്ങുന്ന യുവജനങ്ങളെ അപഹസിക്കാനും അപമാനിക്കാനും അവരുടെ അവസരം നഷ്ടപ്പെടുത്താനുമല്ലേ സുഖഭരണം വഴി അതത് രാഷ്ട്രീയ സംവിധാനങ്ങള്‍ ശ്രമിക്കുന്നത്. ഈ മ്ലേച്ഛ ഇടപാടിന് എന്നെന്നേക്കുമായി തടയിടേണ്ടതല്ലേ? രാഷ്ട്രീയചരസ്സടിച്ച് ബോധം നഷ്ടമായ ഒരു വിഭാഗത്തിന്റെ കൈയൂക്കില്‍ വിറങ്ങലിച്ചു നില്ക്കാന് പാടുണ്ടോ? ഈ നീച നിലപാടിനെ അറബിക്കടലില്‍ എറിയേണ്ടതല്ലേ?
ഏതായാലും ആരിഫ് മുഹമ്മദ് ഖാന് എന്ന ഗവര്‍ണറുടെ അടിയന്തരശ്രദ്ധയില്‍ ഇക്കാര്യം പെട്ടിട്ടുണ്ടെന്നത് ഏറെ ശ്രദ്ധേയമായിട്ടുണ്ട്. ഒരു സംസ്ഥാനത്തുമില്ലാത്ത ഈ’തീറ്റിപ്പോറ്റല്‍’ അവസാനിപ്പിച്ചേ തീരൂ.ഭരിക്കുന്ന പാര്‍ട്ടിയുടേതല്ല സംസ്ഥാനത്തിന്റെ ഖജാന;അതു ജനങ്ങളുടേതാണ്.അതു മനസ്സിലാക്കാന്‍ പാര്‍ട്ടികള്‍ക്കായില്ലെങ്കില്‍ മനസ്സിലാക്കിച്ചു കൊടുക്കാന്‍ പ്രബുദ്ധ ജനത തയ്യാറാവണം.
*നേര്‍മുറി*
പെന്ഷന് പ്രായം കൂട്ടില്ല;പഴ്സനല്‍
സ്റ്റാഫ് പെന്ഷന് നിര്‍ത്തില്ല:കോടിയേരി
അങ്ങനെത്തന്നെ മൊയലാളീ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: