ബെംഗളൂരു: ബെംഗളൂരു മൈസൂരു എക്സ്പ്രസ് പാത ഈ വര്‍ഷം ദസറയോടെ കമ്മീഷന് ചെയ്യുമെന്ന് മൈസൂരു ജില്ലാ വികസന ഏകോപന സമിതി അറിയിച്ചു. പാത വരുന്നതോട് കൂടി രണ്ട് നഗരങ്ങള്‍ക്കുമിടയിലുള്ള യാത്രാ സമയം 90 മിനിറ്റായി കുറയ്ക്കും.
സിവില്‍, റോഡ് പ്രവൃത്തികള്‍ മെയ് മാസത്തോടെ മദ്ദൂര്‍ വരെ പൂര്‍ത്തിയാകുമെന്ന് സമിതി പറഞ്ഞു. ദസറയ്ക്ക് മുമ്പ് മൈസൂരു വരെയുള്ള ജോലികള്‍ പൂര്‍ത്തിയാക്കുമെന്നും സെപ്തംബറില്‍ പ്രവേശന നിയന്ത്രിത ഹൈവേ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എന്‍എച്ച്എഐ) പ്രതിനിധികള്‍ പറഞ്ഞു. ചില റോഡ് സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്നതിന് 1,200 കോടി രൂപ അധികമായി ചെലവഴിക്കുന്നതിന് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്.
ഇത് മുഴുവന്‍ പദ്ധതിയുടെയും ചെലവ് ഏകദേശം 9,500 കോടിയോളം ഉയര്‍ത്തും. എന്നിരുന്നാലും, ചില റോഡ് സുരക്ഷാ സവിശേഷതകള്‍ 2022 ഡിസംബറിന് മുമ്പ് പൂര്‍ത്തിയാകില്ലെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. എക്സ്പ്രസ് പാതയില്‍ ഏകദേശം 52 കിലോമീറ്റര്‍ ബൈപാസുകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്.
മൈസൂരു ഡെപ്യൂട്ടി കമ്മീഷണര്‍ ബഗാദി ഗൗതം, എംസിസി കമ്മീഷണര്‍ ലക്ഷ്മികാന്ത് റെഡ്ഡി, മൈസൂരു സെഡ്പി സിഇഒ ബി.ആര്. പൂര്‍ണിമ എന്നിവരുടെ സാന്നിധ്യത്തില്‍ മൈസൂരു എം.പി പ്രതാപ് സിംഹ ജില്ലയില്‍ വിവിധ വകുപ്പുകള്‍ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തു. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്തിനടുത്തുള്ള പശ്ചിമവാഹിനിയുമായി മടിക്കേരിയെ ബന്ധിപ്പിക്കുന്ന ഗ്രീന്‍ഫീല്‍ഡ് ഹൈവേ ഉള്‍പ്പെടെ മൈസൂരു, കുടക് ജില്ലകളിലെ മറ്റ് പദ്ധതികളുടെ വിവരങ്ങളും അദ്ദേഹം വിശദീകരിച്ചു. മൈസൂരുമടിക്കേരി ഗ്രീന്‍ഫീല്‍ഡ് ഹൈവേ ബെംഗളൂരുവില്‍ നിന്ന് കുടകിലേക്കുള്ള യാത്രാ സമയം കുറയ്ക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. കേരളത്തിലേക്ക് എത്തുന്നവര്‍ക്കും ഏറ്റവും ഉപകാരപ്പെടുന്ന പാതയാണിത്.
നിര്‍ദിഷ്ട നാല് വരി പാത പശ്ചിമവാഹിനിയില്‍ നിന്ന് വ്യതിചലിച്ച് കുശാല്നഗറിലേക്കും മടിക്കേരിയിലേക്കും യാത്രികരെ ബന്ധിപ്പിക്കും. വിവിധ പാക്കേജുകളിലായാണ് നിര്‍മാണ പ്രവൃത്തി ഏറ്റെടുക്കുക. ഇതിനകം പാക്കേജ് 2, 3 എന്നിവയുടെ ടെന്‍ഡറുകള്‍ അംഗീകരിച്ചു. ഇവയുടെ പ്രവൃത്തികള്‍ ഈ വര്‍ഷം ജൂണോടെ ആരംഭിക്കും. വൈദ്യുതി, ടെലിഫോണ്‍ തൂണുകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ബന്ധപ്പെട്ട അധികാരികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും സിംഹ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: