കീവ്: ഉക്രൈന്റെ ശക്തമായ ചെറുത്തുനില്‍പ്പില്‍ കൂടുതല്‍ സൈന്യത്തെ ആക്രമണത്തിനായി അയയ്ക്കാന്‍ തയ്യാറെടുത്ത് റഷ്യ. കീവിലും കാര്‍കീവിലും ഉക്രൈന് സൈന്യം നടത്തിയത് വന്‍ ചെറുത്തുനില്‍പ്പാണ്. നിരവധി റഷ്യന്‍ യുദ്ധോപകരണങ്ങളും നശിപ്പിച്ചു. ഇതോടെയാണ് കൂടുതല്‍ സൈന്യത്തെ ആക്രമണത്തിന് അയയ്ക്കാന്‍ പുടിന് തയ്യാറായത്. ഇന്ന് രാവിലെ റഷ്യയുടെ സൈനിക വിമാനം തകര്‍ത്തതായി ഉക്രൈന് അറിയിച്ചു.
നിരവധി സൈനികരെ വഹിക്കാന്‍ കെല്‍പ്പുള്ള വലിയ വിമാനമാണ് തകര്‍ത്തതെന്ന് ഉക്രൈന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇക്കാര്യം റഷ്യ നിഷേധിച്ചു. തുടര്‍ന്ന് വിമാനം തകര്‍ന്നു വീഴുന്ന ദൃശ്യങ്ങളുള്‍പ്പെടെ ഉക്രൈന് പുറത്തുവിട്ടു. എത്ര പേര് മരിച്ചെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. റഷ്യയുടെ ഐ1-76 വിമാനമാണ് തകര്‍ത്തത്. റഷ്യയുടെ സുപ്രധാന വിമാനങ്ങളിലൊന്നാണിതെന്നും വലിയ നേട്ടമാണിതെന്നും ഉക്രൈന് അറിയിച്ചു.
അതേസമയം, കീവില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന അമേരിക്കയുടെ സഹായ വാഗ്ദാനം നിരസിച്ച് ഉക്രൈന് പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്കി. റഷ്യന്‍ സൈന്യം കീവില്‍ വലിയ ആക്രമണം അഴിച്ചുവിട്ടതോടെയാണ് സെലന്‍സ്കിയെ സുരക്ഷിതമായി ഉക്രൈനില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന വാഗ്ദാനവുമായി അമേരിക്ക എത്തിയത്. എന്നാല്‍ ഇത് നിരസിച്ച സെലന്‍സ്കി, താന്‍ ഉക്രൈനില്‍ തുടരുമെന്നും തോറ്റ് ഓടുന്ന സ്ഥിതി ഉണ്ടാകില്ലെന്നും അറിയിച്ചു.
എന്റെ ജനത ഇവിടെയാണ്, ഞങ്ങള്‍ പോരാട്ടത്തിലാണ്. അവരോടൊപ്പം ഞാനും തുടരും എന്നായിരുന്നു സെലന്‍സ്കിയുടെ പ്രതികരണം. സൈനിക സഹായം നല്‍കാമെന്ന് അറിയിച്ച യുഎസും യുകെയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അവസാന നിമിഷം കാലുമാറിയതില്‍ നേരത്തെ തന്നെ സെലന്‍സ്കി പ്രതിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: