കീവ്: റഷ്യ-ഉക്രൈന് യുദ്ധം പുതിയ തലത്തിലേക്ക് നീങ്ങുന്നതായി വിദേശമാധ്യമങ്ങള്‍. അമേരിക്കയും ബ്രിട്ടണും യൂറോപ്യന്‍ രാജ്യങ്ങളുമടക്കം 27 രാഷ്ട്രങ്ങള്‍ ഉക്രൈന് ആയുധങ്ങള്‍ അടക്കം സൈനിക സഹായം നല്കാന് തീരുമാനച്ചതായി റിപ്പോര്‍ട്ട്. യുകെ പ്രതിരോധ സെക്രട്ടറി ബെന്‍ വെല്ലാസ് വിളിച്ചു ചേര്‍ത്ത വിര്‍ച്വല്‍ യോഗത്തിലാണ് 25 രാജ്യങ്ങള്‍ സൈനിക സഹായം ഉക്രൈന് നല്കാന് സമ്മതം അറിയിച്ചത്. നാറ്റോ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. വെടിമരുന്ന്, ടാങ്ക് അടക്കം ആയുധങ്ങള്‍, വ്യോമ പ്രിതിരോധ ആയുധങ്ങള്‍ എന്നിവ പോലുള്ള സൈനിക സഹായങ്ങളും മരുന്ന് അടക്കം പ്രാഥമിക സഹായങ്ങളുമാണ് ഉക്രൈന് നല്‍കുക. നെതര്‍ലാന്‍ഡ് 200 സ്ട്രിങ്ങര്‍ മിസൈലുകള്‍ നല്കാന് തയാറെടുത്തെന്നും മാധ്യമറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം, യൂറോപ്യന്‍ രാജ്യങ്ങളുടെ സഹായം ഉക്രൈന് പ്രസിഡന്റ് സെലന്‍സ്കിയും സ്ഥിരീകരിച്ചു. തങ്ങളുടെ പങ്കാളികളില്‍ നിന്നുള്ള ആയുധങ്ങള്‍’ വരാനിരിക്കുന്നതായി സെലെന്‍സ്കി വ്യക്തമാക്കി. ‘ഇമ്മാനുവല്‍ മാക്രോണുമായുള്ള സംഭാഷണത്തോടെ നയതന്ത്ര മുന്നണിയിലെ ഒരു പുതിയ ദിവസം ആരംഭിച്ചു. ഞങ്ങളുടെ പങ്കാളികളില്‍ നിന്നുള്ള ആയുധങ്ങളും ഉപകരണങ്ങളും ഉക്രെയ്നിലേക്കുള്ള വഴിയിലാണ്. യുദ്ധവിരുദ്ധ സഖ്യം പ്രവര്‍ത്തിച്ചു തുടങ്ങിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
സഖ്യത്തിന്റെ ഭാഗമായ രാജ്യങ്ങള്‍ സൈനിക സഹായം വിന്യസിക്കുകയാണെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് വ്യക്തമാക്കി. വ്യോമ പ്രതിരോധം ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉക്രൈന് നല്കാന് തീരുമാനിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
റഷ്യയ്ക്കും ഉക്രൈനും സമീപമുള്ള സഖ്യകക്ഷികളെ സംരക്ഷിക്കാന്‍ വ്യോമ നാവിക പിന്തുണയോടെ ആയിരക്കണക്കിന് സൈനികരെ അയയ്ക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനും നാറ്റോ സഖ്യവും സമ്മതിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: