ന്യൂദല്‍ഹി : ഇന്ത്യയിലേക്ക് മടങ്ങാനുള്ളവര്‍ അതിര്‍ത്തിയിലേക്ക് എത്തുമ്പോള്‍ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്ന് നിര്‍ദ്ദേശവുമായി കീവിലെ ഇന്ത്യന്‍ എംബസ്സി. ഉക്രൈനിന്റെ കിഴക്കന്‍ മേഖലയില്‍ ഉള്ളവര്‍ നിലവിലെ താമസ സ്ഥലത്ത് തന്നെ തുടരണം. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ആരും അതിര്‍ത്തി കടക്കാന്‍ ശ്രമിക്കരുതെന്നും കീവിലെ എംബസിയുടെ പുതിയ ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി.
മുന്‍കൂര്‍ അനുമതി ഇല്ലാതെ എത്തുന്നവരെ അതിര്‍ത്തി കടത്താന്‍ ബുദ്ധിമുട്ടാണ്. അതിര്‍ത്തി ചെക്പോസ്റ്റുകളിലെ സാഹചര്യങ്ങള്‍ പ്രവചനാതീതമാണ്. ഭക്ഷണവും വെള്ളവും താമസവും ലഭ്യമായിട്ടുള്ളവര്‍ അവിടെ തന്നെ തുടരണം. ഉദ്യോഗസ്ഥ അനുമതി വാങ്ങിയശേഷം മാത്രമേ മടക്കി കൊണ്ടുവരാന്‍ സാധിക്കൂവെന്നും എംബസി പുറത്തിറക്കിയ പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഇന്ത്യക്കാരെ മടക്കി കൊണ്ടുവരുന്നതിനായി അയല്‍രാജ്യങ്ങളിലെ എംബസിയുമായി കീവിലെ ഇന്ത്യന്‍ എംബസി ആശയവിനിമയം നടത്തുന്നുണ്ട്. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കണം. അതുവരെ ആശങ്കപ്പെടാതെ സമാധാനപരമായി വീടുകളില്‍ തന്നെ തുടരുക. അനാവശ്യമായ സഞ്ചാരം പൂര്‍ണമായി ഒഴിവാക്കണം. സംയുക്ത സഹകരണത്തിലൂടെ രക്ഷാദൗത്യത്തിനായുള്ള ശ്രമങ്ങള്‍ ശക്തമായി പുരോഗമിക്കുകയാണെന്നും കീവിലെ ഇന്ത്യന്‍ എംബസ്സി പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
അതേസമയം ഉക്രൈനില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ആദ്യ ബാച്ച് സൂകേവാ അതിര്‍ത്തി വഴി റൊമാനിയയില്‍ എത്തി. ആദ്യ സംഘം സുകേവ അതിര്‍ത്തി കടന്നു. സുകേവില്‍ നിയോഗിച്ചിട്ടുള്ള ടീം ഇവരെ ബുക്കാറസ്റ്റില്‍ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയതായി ട്വിറ്ററില്‍ ഒരു ഹ്രസ്വ വീഡിയോ പങ്കുവെച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
ഉക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന ഹംഗറി, പോളണ്ട്, സ്ലൊവാക് റിപ്പബ്ലിക്, റൊമാനിയ എന്നീ രാജ്യങ്ങള്‍ വഴിയാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്. റൊമാനിയയുടെ തലസ്ഥാനമായ ബുക്കറസ്റ്റില്‍നിന്ന് എയര്‍ ഇന്ത്യയുടെ രണ്ടുവിമാനങ്ങള്‍ അഞ്ഞൂറോളം ഇന്ത്യക്കാരുമായി ശനിയാഴ്ച മുംബൈയിലും ദല്‍ഹിയിലും എത്തും.
ഹംഗറിയുടെ തലസ്ഥാനമായ ബുദാപെസ്റ്റില്‍നിന്ന് മറ്റൊരു വിമാനവും സര്‍വീസിനൊരുങ്ങുന്നുണ്ട്. പ്രത്യേക വിമാനങ്ങളിലെ യാത്ര സൗജന്യമായിരിക്കുമെന്നും ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് പറഞ്ഞു. റൊമാനിയ, ഹംഗറി എന്നിവിടങ്ങളില്‍ ഇന്ത്യന്‍ എംബസി ഒരുക്കിയ പ്രത്യേക കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നവരെയാണ് ആദ്യഘട്ടത്തില്‍ ഒഴിപ്പിക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥികളടക്കം ആയിരത്തിയഞ്ഞൂറോളം പേര് വെള്ളിയാഴ്ച വൈകിട്ടുവരെ പ്രത്യേക കേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്നതായി വിദേശകാര്യമന്ത്രാലയം പറഞ്ഞു.
ഉക്രൈന് വ്യോമാതിര്‍ത്തി അടച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ബദല്‍മാര്‍ഗങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തേടിയത്. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്റോവ്, യുക്രൈന് വിദേശകാര്യമന്ത്രി ഇവാന് കൊര്‍സോവ്, ഹംഗേറിയന്‍ വിദേശകാര്യമന്ത്രി പീറ്റര്‍ സിജാര്‍ത്തോ, റൊമാനിയന്‍ വിദേശകാര്യമന്ത്രി ബോഗ്ഡന്‍ ഓറെസ്കു, പോളണ്ടിന്റെ വിദേശകാര്യമന്ത്രി സ്ബിഗ്ന്യൂവ് റോ എന്നിവരുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ചര്‍ച്ചകള്‍ നടത്തി. ഈ നാല് സര്‍ക്കാരുകളുമായി അവിടങ്ങളിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ നേരിട്ട് ബന്ധപ്പെട്ടു. തുടര്‍ന്നാണ് യാത്രാമാര്‍ഗങ്ങള്‍ തുറന്നുകിട്ടിയത്.
യുക്രൈന്- ഹംഗറി അതിര്‍ത്തിയിലെ ചോപ്-സഹോനി, റൊമാനിയ-യുക്രൈന് അതിര്‍ത്തിയിലെ പോര്‍ബണ്‍-സിരേട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രണ്ടുകേന്ദ്രങ്ങളിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: