ധരംശാല: യുവതാരങ്ങളുടെ കരുത്തില്‍ ഇന്ത്യ ശ്രീലങ്കക്കെതിരായ ടി 20 പരമ്പര പോക്കറ്റിലാക്കാന്‍ ഇറങ്ങുന്നു. ഇന്ത്യ -ലങ്ക രണ്ടാം ടി 20 മത്സരം നാളെ ധരംശാലയില്‍ നടക്കും. രാത്രി ഏഴിന് കളി തുടങ്ങും . സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നില്‍ നില്‍ക്കുകയാണ്. വിജയം ആവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാകും. ലഖ്ൗനവിലെ ആദ്യ മത്സരത്തില്‍ യുവതാരങ്ങളെ അണിനിരത്തി ഇന്ത്യ നടത്തിയ പരീക്ഷണം വന്‍ വിജയമായി. ആടിത്തിമിര്‍ത്ത ഇന്ത്യ 62 റണ്‍സിനാണ് ലങ്കയെ കെട്ടുകെട്ടിച്ചത്.
വിന്‍ഡീസിനെതിരായ പരമ്പരയില്‍ ആയാസപ്പെട്ട യുവ ഓപ്പണര്‍ ഇഷാന് കിഷന് ശ്രീലങ്കക്കെതിരെ തകര്‍ത്തടിച്ചു. ശ്രീലങ്കന്‍ ബൗളര്‍മാരെ നാലുപാടും പായിച്ച ഇഷാന് കിഷന് 89 റണ്‍സ് നേടി ടോപ്പ് സ്കോററും കളിയിലെ താരവുമായി. പുതുമുഖമായ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്ക്വാദിന് പരിക്കേറ്റതിനാല്‍ രോഹിത് ശര്‍മ്മയാണ് ഇഷാന് കിഷനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുകയാണെങ്കില്‍ ഗെയ്ക്ക്വാദ് ഇന്ന് ഓപ്പണറായി ഇറങ്ങും.
മുന്‍ നായകന് വിരാട് കോഹ്ലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറിലിറങ്ങിയ ശ്രേയ്സ് അയ്യരും കത്തിക്കയറി. 28 പന്തില്‍ 57 റണ്‍സുമായി കീഴടങ്ങാതെ നിന്നു. അടുത്ത മത്സരങ്ങളിലൂം അയ്യര്‍ കരുത്തുകാട്ടും. ആദ്യ മത്സരത്തില്‍ ടീമിലുണ്ടായിരുന്നിട്ടും ബാറ്റ് ചെയ്യന്‍ അവസരം കിട്ടാതിരുന്ന മലയാളി താരം സഞ്ജു സാംസണ് ഇന്ന് അവസരം കിട്ടിയേക്കും.
ബൗളിങ്ങിലും ഇന്ത്യ ഏറെ മെച്ചപ്പെട്ടു. ദീപക് ഹൂഡയടക്കം ഏഴു പേരെയാണ് ഇന്ത്യ ആദ്യ മത്സരത്തില്‍ പന്തെറിയാന്‍ ഇറക്കിയത്. ഇതില്‍ വെങ്കിടേഷ് അയ്യര്‍ മാത്രമാണ് കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്തത്.
ഇന്ത്യയുടെ വിജയക്കുതിപ്പിന് വിരാമമിടാനുള്ള തയ്യാറെടുപ്പിലാണ് ശ്രീലങ്ക. എന്നാല്‍ മുന്‍നിര സ്പിന്നര്‍മാരായ മഹേഷ് തീക്ഷണ, വനിന്ദു ഹസരംഗ എന്നിവരുടെ അഭാവം ലങ്കയ്ക്ക് തിരിച്ചടിയാകും. ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ ദാസുന്‍ ശനക ബൗള്‍ ചെയ്തെങ്കിലും ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ പിടിച്ചുകെട്ടാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: