കൊല്ലം: സിപിഐ ബ്രാഞ്ച് സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ രൂക്ഷവിമര്‍ശനം. പോലീസ് ഭരണത്തിലെ വീഴ്ചകളാണ് സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ അതിരൂക്ഷ വിമര്‍ശനത്തിന് കാരണമായത്. പോലീസ് ഭരണത്തിലെ വീഴ്ചകളും സഹകരണ മേഖലയില്‍ നടമാടുന്ന അഴിമതിയും ചൂണ്ടിക്കാട്ടിയാണ് പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചത്. തുടര്‍ഭരണം ലഭിച്ചപ്പോള്‍ ഏകാധിപത്യ സ്വഭാവമാണ് മുഖ്യമന്ത്രിക്ക്. മുഖ്യമന്ത്രി വെറും നടത്തിപ്പുകാരനായി മാറി.
നടത്തിപ്പുകാരന്റെ ഇഷ്ടക്കാരെ മാത്രം ഉള്‍പ്പെടുത്തിയതാണ് പുതിയ മന്ത്രിസഭയെന്നും മന്ത്രിമാരുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും വിമര്‍ശനം ഉയര്‍ന്നു. പരിചയസമ്പന്നരായ മന്ത്രിമാരെ മാറ്റിനണ്ടിര്‍ത്തിയത് മന്ത്രിസഭയുടെ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്നാണ് പ്രധാന വിമര്‍ശനം. തീരുമാനങ്ങള്‍ പാര്‍ട്ടി കൂട്ടായി എടുത്തതാണെന്ന് സിപിഎം വിശദീകരിക്കുമ്പോഴും നടത്തിപ്പുകാരന്റെ ഇഷ്ടത്തിന് കാര്യങ്ങള്‍ തീരുമാനിച്ചു എന്ന് പറഞ്ഞ് മുഖ്യമന്ത്രിയെ തന്നെയാണ് പൊതുചര്‍ച്ചയിലൂടെ സിപിഐ ലക്ഷ്യമിട്ടത്. പോലീസിനെ സ്വതന്ത്രമാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ എല്ലാം സ്വതന്ത്രമാക്കി ഉദ്യോഗസ്ഥഭരണത്തിന് വിട്ടുകൊടുത്തെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. സെക്രട്ടറിയേറ്റിലടക്കം ഇന്ന് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് എന്‍ജിഒ യൂണിയന്‍കാരാണ്.
ഉദ്യോഗസ്ഥതലത്തില്‍ തീവ്രവാദ ഗ്രൂപ്പുകളുടെ സ്ലീപ്പര്‍സെല്ലുകള്‍ സജീവമാണ്. ഡിവൈഎഫ്ഐയില്‍ കഞ്ചാവ്മയക്കുമരുന്ന് സംഘങ്ങള്‍ സജീവമായുണ്ട്. യുവാക്കളെ കൂടെ നിര്‍ത്താന്‍ സിപിഎം നേതാക്കള്‍ ഇവര്‍ക്ക് നിയമ സംരക്ഷണം നല്കുന്നു. എസ്എഫ്ഐ ലൗ ജിഹാദിന്റെ റിക്രൂട്ടിങ് ഏജന്‍സിയായി. പെണ്‍കുട്ടികള്‍ എസ്എഫ്ഐയിലേക്ക് പ്രവര്‍ത്തിക്കാന്‍ പോകുന്നതിന് രക്ഷിതാക്കള്‍ എതിരായി. അത് മുതലെടുത്ത് എഐഎസ്എഫ് വളര്‍ന്നു വരണമെന്നും പ്രതിനിധികള്‍ പറഞ്ഞു. നിര്‍ണായക സമയത്തെല്ലാം സിപിഐയെ ആക്രമിക്കുന്ന സിപിഎമ്മിന്റെ വികൃതമുഖം തുറന്നുകാണിക്കാന്‍ പാര്‍ട്ടി തയ്യാറാകണമായിരുന്നു. അതിന് പകരം പാര്‍ട്ടി സെക്രട്ടറി മുഖ്യമന്ത്രിയുടെ പാദസേവകനായി മാറി. സിപിഐ ഭരണത്തില്‍ തിരുത്തല്‍ ശക്തിയായി മാറണം. കെ റെയില്‍ പദ്ധതി സംബന്ധിച്ചും വിമര്‍ശനമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: