വാഷിംഗ്ടണ്‍: റഷ്യ ഉക്രൈനെതിരെ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ഇടപെടേണ്ടെന്ന് തീരുമാനിച്ച യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്റെ നിലപാടിന് സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം. “റഷ്യയ്‌ക്കെതിരായ യുദ്ധത്തില്‍ താന്‍ ഒറ്റയ്‌ക്കായി” എന്ന ഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിയുടെ പരിഭവത്തില്‍ അമേരിക്കയും യൂറോപ്യന്‍ രാഷ്‌ട്രങ്ങളും നടത്തിയ വിശ്വാസവഞ്ചനയുടെ കരിനിഴലുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
ഇപ്പോള്‍ ബൈഡന്‍ ഈസ് എ ഡിസ്‌ഗ്രേസ് (#Bidenisadisgrace) (ബൈഡന്‍ ഒരു അപമാനം) എന്ന ടാഗ് ട്വിറ്ററില്‍ വൈറലാണ്. ‘ഒരിയ്‌ക്കലും റഷ്യയുടെ സൈനികശക്തിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന് ഉക്രൈന് അറിയാം. ബൈഡനാണ് റഷ്യയെ പ്രകോപിപ്പിച്ചതും വ്യാജമായ ഉറപ്പുകള്‍ നല്‍കി ഉക്രൈനെ പ്രോത്സാഹിപ്പിച്ചതും. നാറ്റോയും യുഎസും പിന്തുണയ്‌ക്കുമെന്ന് സെലെന്‍സ്‌കി കരുതി’- ട്വിറ്ററില്‍ ബൈഡനെ വിമര്‍ശിച്ചുകൊണ്ട് ഒരാള്‍ പറയുന്നു.
അമേരിക്കയുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം ട്രംപിനെ വിമര്‍ശിച്ചിരുന്ന, 36 വര്‍ഷം സെനറ്ററും എട്ട് വര്‍ഷം വൈസ് പ്രസിഡന്‍റുമായിരുന്ന പ്രസിഡന്‍റിന് തെറ്റുപറ്റിയെന്ന് മറ്റൊരു ഉപയോക്താവ് കുറിക്കുന്നു. റഷ്യ-ഉക്രൈന്‍ പ്രതിസന്ധി പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് ബൈഡന് നേരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന മറ്റൊരു വിമര്‍ശനം.
സ്യൂട്ട്‌കേസുകള്‍ പാക്ക് ചെയ്ത് സ്വകാര്യ ജെറ്റില്‍ റഷ്യയിലേക്ക് വണ്‍വേ ട്രിപ്പ് (മടങ്ങിവരാത്ത യാത്ര) പൊയ്‌ക്കോളൂ എന്നാണ് ഒരു ഉപയോക്താവ് കുറിക്കുന്നത്. ട്രംപ് അനൂകൂലികളും ശക്തമായ പ്രതിഷേധവുമായി ഈ ടാഗിന് കീഴില്‍ പ്രതികരിച്ചിട്ടുണ്ട്. ‘ബൈഡന്‍ എന്ന പാവഭരണത്തെ ഭരണമേല്‍പിച്ച് ട്രംപിനെ അപഹസിച്ചവരും നമ്മളെ വഞ്ചിച്ചവരും ഇതിന് ഉത്തരവാദികളാണ്’- നാന്‍സി എന്ന ഉപയോക്താവ് എഴുതുന്നു.
രാജ്യത്തെ ചെളിയിലേക്ക് വലിച്ചിഴച്ചു എന്നാണ് മഗാസിറ്റ കുറിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: