കീവ്: യുദ്ധത്തിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച റഷ്യന്‍ പട്ടാളക്കാര്‍ ഉക്രൈന് തലസ്ഥാനമായ കീവ് ആക്രമിച്ചപ്പോഴാണ് ഉക്രൈന് പ്രസിഡന്റ് സെലെന്‍സ്കി പട്ടാളവേഷത്തില്‍ എത്തിയത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെല്‍മെറ്റുമണിഞ്ഞ് ധീരതയോടെ നില്ക്കുന്ന സെലന്‍സ്കിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
യുദ്ധഫൊട്ടോഗ്രാഫറും സമൂഹമാധ്യമ ഇന്‍ഫ്ളൂവന്‍സറുമായ ഹനന്യ നാഫ്താലിയാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. സാധാരണ ഇസ്രയേലിലെയും മധ്യേഷ്യയിലെയും ഏറ്റുമുട്ടലുകള്‍ ക്യാമറയില്‍ പകര്‍ത്തിയ ഫൊട്ടോഗ്രാഫറാണ് ഹനന്യ നഫ്താലി. ആയിരക്കണക്കിന് വാക്കുകളുടെ വിവരണത്തിന് തുല്ല്യമാണ് ഈ ചിത്രമെന്നും ഹനന്യ നഫ്താലി ചിത്രത്തോടൊപ്പം ചേര്‍ത്ത കുറിപ്പില്‍ പറയുന്നു.
യുദ്ധത്തിന്റെ ആദ്യ ദിവസം സെലെന്‍സ്കി നടത്തിയ പ്രസംഗവും ഏറെ വൈകാരികമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ഒന്നായിരുന്നു.
‘ശത്രുക്കളുടെ ആദ്യ ലക്ഷ്യം ഞാനാണ്. എന്റെ കുടുംബമാണ് അവരുടെ രണ്ടാമത്തെ ലക്ഷ്യം. രാഷ്ട്രത്തലവനെ ഇല്ലാതാക്കി ഉക്രൈനെ രാഷ്ട്രീയമായി നശിപ്പിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്,’- സെലെന്‍സ്കി പ്രത്യേക വീഡിയോ സന്ദേശത്തില്‍ പറയുന്നു. ‘ഞാന്‍ ഉക്രൈന് തലസ്ഥാനമായ കീവില്‍ ഉണ്ടാകും. എന്റെ കുടുംബം ഉക്രൈയ്നിലും ഉണ്ടാകും’- സെലെന്‍സ്കി പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി നാവ് കൊണ്ട് റഷ്യയെയും പുടിനെയും വെല്ലുവിളിച്ചുകൊണ്ടിരുന്ന ഉക്രൈന്‍കാരുടെ നേതാവായിരുന്നു സെലെന്‍സ്കി. തോല്ക്കുമെന്നുറപ്പായ യുദ്ധമായിട്ടുകൂടി അദ്ദേഹം ജനങ്ങള്‍ക്കു വേണ്ടി പടച്ചട്ടയണിഞ്ഞെത്തിയതും ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. “ധീരന്. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി മരിക്കാന്‍ തയ്യാറെടുത്തിരിക്കുന്നു”- ചിത്രത്തിന് ഫേസ്ബുക്കില്‍ വന്ന അനേകം കമന്റുകളില്‍ ഒന്ന് പറയുന്നു.
“അദ്ദേഹം ഒരു യഥാര്‍ത്ഥ നേതാവാണ്. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാം”- മറ്റൊരാളുടെ പ്രതികരണം.
“ദൈവം ഇടപെട്ട് അദ്ദേഹത്തെ രക്ഷിയ്ക്കട്ടെ” എന്നതായിരുന്നു മറ്റൊരു കമന്റ്.
“ശരിയ്ക്കും ധീരനായ നേതാവ്. ഉക്രൈനിലെ ജനങ്ങളെ അദ്ദേഹം ഇനിയും രക്ഷിയ്ക്കട്ടെ”- മറ്റൊരാള്‍ പറയുന്നു. ഇങ്ങിനെ നൂറുകണക്കിന് കമന്റുകളാണ് ഈ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: