കൊച്ചി : ഗുരതരമായി പരിക്കേറ്റ് ചികിത്സയില് കഴിയുന്ന രണ്ടരവയസ്സുകാരിക്ക് സംരക്ഷണം ഉറപ്പാക്കുന്നതില് കുട്ടിയുടെ അമ്മയ്ക്ക് വീഴ്ച സംഭവിച്ചെന്ന് ചൈല്ഡ് വെല്ഫയര് കമ്മിഷന്. അതിനാല് കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുമെന്നും സിഡബ്ല്യൂസി അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ കുട്ടിയും സിഡബ്ല്യൂസിവിന്റെ സംരക്ഷണയിലാണ്.
രണ്ടര വയസ്സുകാരിക്കേറ്റത് ഗുരുതര പരിക്കുകളാണ്. നിലവില് കുട്ടി അപകടനില തരണം ചെയ്തെങ്കലും തലച്ചോറിന് കാര്യമായി ക്ഷതം സംഭവിച്ചിട്ടുണ്ട്. കുട്ടിയുടെ സംസാര ശേഷിയേയും ബുദ്ധി ശക്തിയേയും ഇത് ബാധിച്ചേക്കാം. ഭാവിയില് കുട്ടിക്ക് വൈകല്യങ്ങളുണ്ടാകാനും സാധ്യതയുണ്ട്. പരിക്കില് നിന്നും മുക്തയായ ശേഷം കൗണ്സിലിങ് നല്കിയ ശേഷം കുട്ടിയുടെ മൊഴി എടുക്കും. കുട്ടിക്ക് പരിക്കേറ്റ സംഭവത്തില് പോലീസ് സര്ജന്റെ അഭിപ്രായം തേടിയ ശേഷം തുടര് നടപടി സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം. കുട്ടിയുടെ പരിക്കുകള് വീഴ്ച്ച മൂലമുണ്ടായതാണെന്ന് ഡോക്ടര്മാര് അഭിപ്രായപ്പെട്ടതോടെയാണ് സര്ജന്റെ നിലപാടിനായി കാക്കുന്നതെന്ന് കമ്മിഷണര് സി.എച്ച്. നാഗരാജു അറിയിച്ചു.
എന്നാല് കുട്ടിയെ മറ്റൊരാള് പരിക്കേല്പ്പിച്ചതാവാമെന്നാണ് ഡോക്ടര്മാര് വാദിക്കുന്നത്. എന്നാല് വീഴ്ചയില് നിന്നുള്ള പരിക്കുകളാണ് കുട്ടിക്കുള്ളതെന്നാണ് പോലീസ് പറയുന്നത്. കുന്തിരിക്കത്തില് നിന്നും നേരത്തെ കുട്ടിക്ക് പൊള്ളലേറ്റിട്ടുണ്ടെന്ന് വ്യക്തമായി. എന്നാല് പൊള്ളലിന് വിദഗ്ധ ചികിത്സ നല്കാതെ ക്രീം പുരട്ടുകയാണ് രക്ഷിതാക്കള് ചെയ്തത്. അതിനാല് കേസില് ജുവനൈല് ജസ്റ്റിസ് നിയമം നിലനില്ക്കുമെന്നും കമ്മിഷണര് പറഞ്ഞു. അതേസമയം കുട്ടിയുടെ സംരക്ഷണം നല്കണമെന്ന് ആവശ്യപ്പെട്ട് അച്ഛന് രംഗത്ത് എത്തിയെങ്കിലും ഇക്കാര്യം വിശദമായ അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കും.
അതിനിടെ സംഭവത്തിന് പിന്നാലെ നാട് വിട്ട കുട്ടിയുടെ അമ്മയുടെ സഹോദരിയേയും ടിജിനേയും പോലീസ് ചോദ്യം ചെയ്തു. മൈസൂരില് നിന്നും പിടികൂടിയ ഇവരെ വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ തൃക്കാക്കര പോലീസ് സ്റ്റേഷനില് എത്തിച്ചത്. നാട്ടുകാര് ആക്രമിക്കുമെന്ന് ഭയന്നാണ് നാട് വിട്ടതെന്നും കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നുമാണ് ടിജിന് മൊഴി നല്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: