തിരുവനന്തപുരം: കേരളത്തില്‍ ക്രിമിനലുകളുടെ അഴിഞ്ഞാട്ടം നിയന്ത്രിക്കാനാവാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. തലസ്ഥാനത്ത് പട്ടാപകല്‍ ഹോട്ടലില്‍ കയറി ജീവനക്കാരനെ വെട്ടിക്കൊന്നത് ആഭ്യന്തര വകുപ്പിന്റെ സമ്പൂര്‍ണ്ണ പരാജയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. തിരുവനന്തപുരത്ത് സിപിഎമ്മുമായി അടുപ്പമുള്ള ഗുണ്ടാസംഘമാണ് അഴിഞ്ഞാടുന്നത്. കണ്ണൂരില്‍ പാര്‍ട്ടി ഗുണ്ടകള്‍ വിവാഹഘോഷയാത്രയിലേക്ക് ബോംബെറിഞ്ഞ് യുവാവിനെ കൊല്ലുന്നു. കേരളത്തില്‍ വേലി തന്നെ വിളവ് തിന്നുകയാണ്.
മലപ്പുറം അരീക്കോട് വീടിന്റെ വാതില്‍ ചവിട്ടി തുറന്ന് തളര്‍ന്നു കിടക്കുന്ന അമ്മയുടെ മുമ്പില്‍ വെച്ച് മാനസികവും ശാരീരകവുമായ പ്രശ്‌നമുള്ള പെണ്‍കുട്ടിയെ ഒരു ക്രിമിനല്‍ ക്രൂരമായി ബലാത്സംഘം ചെയ്തിട്ടും സ്ത്രീപക്ഷക്കാരും സാംസ്‌ക്കാരിക നായകന്‍മാരും പ്രതികരിക്കുന്നില്ല. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കില്‍ കുറ്റകൃത്യങ്ങളില്‍ കേരളമാണ് ഏറ്റവും മുമ്പില്‍. പൊലീസിന്റെ പക്ഷപാതിത്വവും നിഷ്‌ക്രിയത്വവുമാണ് സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. പൊലീസുകാരില്‍ പോലും 1000 ത്തോളം ക്രിമിനലുകളുണ്ടെന്നാണ് നിയമസഭയില്‍ ആഭ്യന്തരമന്ത്രി പറഞ്ഞത്. ഗുണ്ടാസംഘങ്ങളുടെയും പാര്‍ട്ടി ക്വട്ടേഷന്‍ സംഘങ്ങളുടേയും അഴിഞ്ഞാട്ടം ജനങ്ങളുടെ സ്വൈരജീവിതത്തിന് വെല്ലുവിളിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: