കോഴിക്കോട് : വായ്പ്പ മുടങ്ങിയതിനെ തുടര്‍ന്ന് 40 കോടി വിലമതിക്കുന്ന കെട്ടിടം കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന്(കെഎഫ്സി) ഉടമയെ അറിയിക്കാതെ വിറ്റതായി പരാതി. കോഴിക്കോട് പുതിയ സ്റ്റാന്‍ഡിന് പരിസരത്തുള്ള 40 കോടിയുടെ കെട്ടിടം വെറും 9.18 കോടിക്ക് കെഎഫ്സി അധികൃതര്‍ വിറ്റഴിച്ചതായാണ് പരാതി. കോഴിക്കോട്ടെ പേള്‍ ഹില്‍ ബില്‍ഡേഴ്സ് ഉടമ പി.പി. അബ്ദുള്‍ നാസറാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. പരാതിയിന്മേല് മുന്‍ കെഎഫ്സി എംഡി ടോമിന് ജെ.തച്ചങ്കരിയടക്കം ഒമ്പത് പേര്‍ക്കെതിരേ പ്രാഥമിക അന്വേഷണത്തിന് കോഴിക്കോട് വിജിലന്‍സ് കോടതി ഉത്തരവിട്ടു.
ടോമിന് ജെ. തച്ചങ്കരിയെ കൂടാതെ കെഎഫ്സി ജനറര്‍ മാനേജരായിരുന്ന പ്രേംനാഥ് രവീന്ദ്രന്, കോഴിക്കോട് ബ്രാഞ്ച് ചീഫ് മാനേജര്‍ സി.അബ്ദുള്‍ മനാഫ്, പുതുക്കാട് സ്വദേശിയായ കെ.ബി. പത്മദാസ്, ചന്ദ്രാപ്പിന്നി സ്വദേശിയായ ടി.പി. സലീം, പൊറ്റമ്മല്‍ സ്വദേശിയായ പി.വരുണ്‍, കൊല്ലം സ്വദേശിയായ എസ്.അനില്‍കുമാര്‍, കുതിരവട്ടം സ്വദേശിയായ അനില്‍കുമാര്‍ എന്നിവര്‍ക്കെതിരായാണ് പ്രാഥമിക അന്വേഷണത്തിന് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കെട്ടിട ഉടമയായ അബ്ദുള്‍ നാസര്‍ 2014-ല്‍ കെഫ്സിയില് നിന്നും 4.89 കോടി വായ്പയെടുത്തിരുന്നു. ഇതില്‍ പകുതിയോളം അടക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്നുണ്ടായ അടച്ചുപൂട്ടലിനെ തുടര്‍ന്ന് വായ്പ തിരിച്ചടവ് മുടങ്ങി. ഇതോടെ കെഎഫ്സി നടപടി സ്വീകരിക്കുകയായിരുന്നു. പലിശയടക്കം 9.56 കോടി രൂപ വന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കെട്ടിടം വിറ്റത്. കൊല്ലം സ്വദേശിയാണ് കെട്ടിടം വാങ്ങിയത്.
എഴുപത്തിയഞ്ച് ലക്ഷം രൂപ സെന്റിന് വിലയുള്ള നാല്പത് സെന്റ് ഭൂമിയും കെടിടവുമാണ് ഉള്ളത്. എന്നാല്‍ കെഎഫ്സി തന്നെ ഇതിന്റെ വില കണക്കാക്കിയിരിക്കുന്നത് സെന്റിന് ഇരുപത് ലക്ഷത്തിന് മുകളിലാണ്. പൊതു ടെന്‍ഡര്‍ വിളിക്കുന്നത് ഉള്‍പ്പടെ ഉടമയെ രജിസ്റ്റേര്‍ഡ് പോസ്റ്റില്‍ അറിയിക്കുകയോ ചെയ്യണമെന്ന സുപ്രീംകോടതിയുടെ മാനദണ്ഡം പാലിക്കാതെയാണ് നടപടി സ്വീകരിച്ചതെന്നും ആരോപണമുണ്ട്.
അതേസമയം എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ലേല നടപടികളുമായി മുന്നോട്ട് പോയതെന്ന് കെഫ്സി അധികൃതര്‍ അറിയിച്ചു. ഇ -ടെന്‍ഡര്‍ വഴിയാണ് കെഎഫ്സി നടപടികള്‍ സ്വീകരിച്ചത്. ഉടമയ്ക്ക് രജിസ്റ്റേര്‍ഡ് പോസ്റ്റും അയച്ചിട്ടുണ്ട്. അബ്ദുള്‍ നാസര്‍ മുമ്പ് കേസുമായി പോയിട്ട് പിന്‍വലിച്ചതാണെന്നും കെഎഫ്സി അധികൃതര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: