തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്ത്തകന് മലയാള മനോരമ മുന്‍ സീനിയര്‍ സ്പെഷല്‍ കറസ്പോണ്ടന്റുമായ ഇ സോമനാഥ് അനുസമരണ യോഗം നാളെ (ഫെബ്രുവരി 25, വെള്ളി) നടക്കും. വൈകിട്ട് ആറിന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ ചേരുന്ന ഇ.സോമനാഥ് സ്നേഹസ്മൃതി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍പിള്ള അധ്യക്ഷത വഹിക്കും.
നേതാക്കളായ കെ. സി. വേണുഗോപാല്‍, കാനം രാജേന്ദ്രന്, മന്ത്രി ആന്റണി രാജു, എം. എം. ഹസന്, എം. കെ. മുനീര്‍, മനോരമ സീനിയര്‍ അസോഷ്യേറ്റ് എഡിറ്റര്‍ ജോസ് പനച്ചിപ്പുറം, മീഡിയ അക്കാദമി ചെയര്മാന് ആര്. എസ്. ബാബു എന്നിവര്‍ സംസാരിക്കും. മീഡിയ അക്കാദമിയുടെ സഹകരണത്തോടെ ഇ. സോമനാഥ് ഫ്രറ്റേണിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇക്കഴിഞ്ഞ ജനുവരി 28നാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ മുന്‍ സീനിയര്‍ സ്പെഷല്‍ കറസ്പോണ്ടന്റുമായ ഇ.സോമനാഥ്(58) അന്തരിച്ചത്. മസ്തിഷ്കാഘാതത്തെ തുടര്‍ന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: രാധ. മകള്‍: ദേവകി. മരുമകന്: മിഥുന്.
നിയമസഭാ റിപ്പോര്‍ട്ടിങ്ങില്‍ മൂന്നു പതിറ്റാണ്ട് പിന്നിട്ടതിന് പിന്നാലെ സോമനാഥിനെ നിയമസഭ മീഡിയ റൂമില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ആദരിച്ചിരുന്നു. മന്ത്രിമാരും ഭരണ പ്രതിപക്ഷ എംഎല്‍എമാരും, സ്പീക്കറും പങ്കെടുത്തതായിരുന്നു ഈ ചടങ്ങ്. 34 വര്‍ഷം മലയാള മനോരമയില്‍ സേവനമനുഷ്ഠിച്ച ഇ.സോമനാഥ് ഇക്കാലയളവില്‍ കോട്ടയം,ഇടുക്കി, കണ്ണൂര്‍, കൊല്ലം, ഡല്‍ഹി, തിരുവനന്തപുരം യൂണിറ്റുകളില്‍ പ്രവര്‍ത്തിച്ചു. ആഴ്ചക്കുറിപ്പുകള്‍ എന്ന പ്രതിവാര കോളവും നിയമസഭാ അവലോകന മായ നടുത്തളവും ഇദ്ദേഹം പതിറ്റാണ്ടുകളോളം എഴുതി.
വള്ളിക്കുന്ന് അത്താണിക്കലാണു സ്വദേശം. വള്ളിക്കുന്ന് നേറ്റീവ് എയുപി സ്കൂള്‍ പ്രധാന അധ്യാപകനും മാനേജരുമായിരുന്ന പരേതനായ സി.എം.ഗോപാലന് നായരുടെയും ഇതേ സ്കൂളിലെ അധ്യാപികയായിരുന്ന പരേതയായ ഇ.ദേവകിയമ്മയുടെയും മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: