തിരുവനന്തപുരം: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന് എതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുന്‍ മന്ത്രി കെ. ടി. ജലീല്‍. ന്യായാധിപന്‍ എന്ന നിലയില്‍ സിറിയക് ജോസഫ് അധികാരം ദുരുപയോഗം ചെയ്തു. അഭയ കേസില്‍ ഫാ. തോമസ് കോട്ടൂരിനു വേണ്ടി കുടുംബ ബന്ധുവായ സിറിയക് ജോസഫ് ഇടപെട്ടിട്ടുണ്ട്. കൊലപാതക കേസ് അട്ടിമറിക്കാനാണ് സിറിയക് ജോസഫ് ശ്രമിച്ചത്. ന്യായാധിപന്‍ എന്ന നിലയില്‍ ഇരിക്കുന്ന സ്ഥാനത്തോട് എന്തെങ്കിലും ബഹുമാനം ഉണ്ടെങ്കില്‍ സിറിയക് ജോസഫ് തത്സ്ഥാനം രാജിവയ്‌ക്കുകയാണ് വേണ്ടതെന്നും ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കേ, കേസിലെ പ്രതികളുടെ നാര്‍ക്കോ അനാലിസിസിന്റെ വീഡിയോ ബെംഗളൂരുവിലെ ലാബില്‍ എത്തി സിറിയക് ജോസഫ് കണ്ടു എന്ന ആരോപണം ജലീല്‍ വീണ്ടും ഉന്നയിച്ചു. അതല്ലെങ്കില്‍ അദ്ദേഹത്തിന് എതിരായി മൊഴി നല്‍കിയ ലാബ് അസിസ്റ്റന്റ് ഡോ. എസ്. മാലിനിക്ക് എതിരായും അത് രേഖപ്പെടുത്തി റിപ്പോര്‍ട്ടായി കോടതിയില്‍ സമര്‍പ്പിച്ച സിബിഐയുടെ അന്നത്തെ ഡിവൈഎസ്പി നന്ദകുമാര്‍ നായര്‍ക്ക് എതിരായും അത് ജനങ്ങളോട് വെളിപ്പെടുത്തിയ ജോമോന്‍ പുത്തന്‍പുരയ്‌ക്കലിന് എതിരായും തനിക്കെതിരേയും നടപടിക്ക് സിറിയക് ജോസഫ് തയ്യാറാകണമെന്നും ജലീല്‍ പറഞ്ഞു.
91-ാം സാക്ഷിയായിട്ടുള്ള ഡോ. മാലിനിയെ സിബിഐ കോടതി വിസ്തരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഫാ. കോട്ടൂര്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ച ആരോപണവുമായി ബന്ധപ്പെട്ട് സിറിയക് ജോസഫ് കഴിഞ്ഞ 13 വര്‍ഷമായി ഒരുതരത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല. പ്രതികളുടെ നാര്‍ക്കോ അനാലിസിസ് നടത്തിയ ലാബില്‍ അദ്ദേഹം സന്ദര്‍ശിച്ചിരുന്നോയെന്ന് വ്യക്തമാക്കണമെന്നും ജലീല്‍ പറഞ്ഞു. എന്തുകൊണ്ട് വിഷയം നേരത്തെ ഉന്നയിക്കാത്തത് എന്ന ചോദ്യത്തിന് സിറിയക് ജോസഫിനെ കുറിച്ചുള്ള ആരോപണങ്ങള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുന്നത് ഇപ്പോഴാണെന്ന മറുപടിയാണ് ജലീല്‍ നല്‍കിയത്.
ബന്ധുനിയമനത്തില്‍ കുറ്റക്കാരനെന്ന് ലോകായുക്ത കണ്ടെത്തിയതോടെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ജലീലിന് രാജിവയ്‌ക്കേണ്ടിവന്നിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ജലീല്‍ തുടര്‍ച്ചയായി സിറിയക് ജോസഫിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നതും ശ്രദ്ധേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: